• Today is: Monday, April 24, 2017

അമ്പരപ്പിക്കുന്ന കഥകള്‍ പറയാനുണ്ട്, ചിതറിക്കിടക്കുന്ന ഈ ദ്വീപുകള്‍ക്ക്; കള്ളന്‍മാരില്ല, മദ്യമില്ല; 2500 രൂപയ്ക്ക് ഇവിടെ എത്താം

Lakshadweep

വ്യത്യസ്തമായ 36 ദ്വീപുകള്‍.

കടലിന് നടവില്‍ അതിഥികളെ വരവേറ്റ് ഒരു കൗതുകമായി ലക്ഷദ്വീപ് നിലനില്‍ക്കുന്നു.

Mohammed Rijad എഴുതിയ യാത്രാക്കുറിപ്പ് വായിക്കാം.

 
പരിചയക്കാര്‍ ഉണ്ടെങ്കില്‍ ചിലവ് 2500, ഇല്ലെങ്കില്‍ ഒരാള്‍ക്ക് 9000. മഴക്കാലം അല്ലാത്ത ഏത് സമയത്തും പോവാം. മഴക്കാലത്ത് കടല്‍ യാത്ര കുറച്ച് ദുര്‍ഘടം പിടിച്ചതാണ്.

ആകെ മൊത്തം 36 ദ്വീപുകള്‍, അതില്‍ ആള്‍ താമസം ഉള്ളത് വെറും 10 എണ്ണം. ഞങ്ങള്‍ പോയത് Androth, Amini, Agathi, Kadmath, Kalpeni പിന്നെ Kavarathi എന്നിവിടങ്ങളില്‍ ആണ്. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിലും അങ്ങോട്ടേക്കുള്ള യാത്രക്ക് പ്രത്യേക പെര്‍മിറ്റ് വേണം. അത് ലഭിക്കുന്നത് എറണാകുളം ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓപ്പീസില്‍ നിന്നുമാണ്. ഏകദേശം 2 ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും പെര്‍മിറ്റ് ശരിയാവാന്‍.

കപ്പല്‍ അല്ലെങ്കില്‍ ഫ്‌ളൈറ്റ് മാര്‍ഗം പോവാം. എയര്‍പോര്‍ട്ട് അഗത്തി ദ്വിപില്‍ മാത്രം ഉള്ളതിനാല്‍ അവിടുന്ന് മറ്റിടങ്ങളിലേക്ക് പോവാന്‍ വീണ്ടും കടല്‍ മാര്‍ഗം തന്നെ ശരണം. അത് കൊണ്ട് കപ്പല്‍ തന്നെ നല്ലത്, മാത്രമല്ല ടോള്‍ഫിന്‍ കൂട്ടം, ഫ്‌ളയിം ഫിഷ് പോലെ ഉള്ള നയനാനന്ദകരമായ കാഴ്ചകളും വളരെ അടുത്ത് കാണാന്‍ സാധിക്കും.

കപ്പലുകള്‍ ഇപ്പോള്‍ ഒട്ടുമിക്കതും പുതിയതാണെങ്കിലും കടല്‍ യാത്ര അതിന്റെ പൂര്‍ണതയില്‍ ആസ്വതിക്കണം എങ്കില്‍ MV Lagoons, MV Corals എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുന്നതാവും നല്ലത്. വലുപ്പം കൂടുതല്‍ മാത്രമല്ല, നക്ഷത്ര ഹോട്ടല്‍ തുല്യമായ അന്തരീക്ഷവും.

തെരഞ്ഞെടുക്കുന്ന ദ്വീപുകള്‍ക്ക് അനുസരിച്ചിരിക്കും കപ്പല്‍ യാത്രയുടെ ദൈര്‍ഘ്യം. 12 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ നേരിട്ടുള്ള കപ്പലുകള്‍, ചുറ്റി പോവുന്നത് 48 മണിക്കൂര്‍ വരെ നീളും. കപ്പലില്‍ തന്നെ നല്ല നിലവാരത്തിലുള്ള ഭക്ഷണം, ബേക്കറി സാധനങ്ങള്‍ എല്ലാം ലഭ്യമാണ്. ഒട്ടു മിക്ക കപ്പലടുക്കുവാനുള്ള വാര്‍ഫുകള്‍ ഉണ്ട്, ഇല്ലാത്തവയില്‍ പുറം കടലില്‍ നിര്‍ത്തിയിട്ട് ബോട്ടിലാണ് ആളുകളെ ഇറക്കി കൊണ്ട് പോവുന്നത്. കപ്പലുകള്‍ അങ്ങോട്ട് അടുപ്പിക്കുകയില്ല.

മദ്യ നിരോധിത മേഖലയാണ്, ഡ്രൈ ലാന്റ്. ഏതൊരു അവശ്യ വസ്തുക്കളും കേരളത്തില്‍ നിന്നും കൊണ്ട് പോവുന്നത് കൊണ്ട് വിലക്കൂടുതല്‍ ആണ്. അന്നാട്ടിലെ ആളുകള്‍ ഒട്ടു മിക്കതും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുക്കുവന്മാരും മാത്രം. വെള്ളിയാഴ്ചകള്‍ ആണ് പൊതു അവധി. ഞായറാഴ്ചകളില്‍ സ്‌കൂളുകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കും.

ബിഎസ്എല്‍എല്‍ ആണ് ആകെ ഉള്ള മൊബൈല്‍ സര്‍വീസ്, ആന്ത്രോത്തില്‍ മാത്രം എയര്‍ട്ടെല്‍ ലഭ്യമാണ്. പ്രൈവറ്റ് ടൂറിസം സര്‍ക്കാര്‍ അവിടെ അനുവദിച്ചിട്ടില്ല. നല്ല സ്‌നേഹമുള്ള നിഷ്‌കളങ്കരായ ആളുകള്‍. സര്‍ക്കാര്‍ അധീനതയില്‍ സ്‌ക്യുബ ടൈവിം പോലത്തെ ഒട്ടു മിക്ക വാട്ടര്‍ സ്‌പോര്‍ട്‌സും ലഭ്യമാണ്. അണ്ടര്‍ വാട്ടര്‍ ഡൈവിംഗിന്ന് പോയാല്‍ ഡിസ്‌കവറി ചാനല്‍ തോറ്റ് പോവും വിധം കടലിനടിയിലെ ലോകം കാണാം.

 

1980കളിലെ സിനിമകളില്‍ കാണുന്ന സാധാ രീതിയിലെ ചായ കടകളും ഹോട്ടലുകളും ആണ് അവിടെ. ന്യു ജെന്‍ ആ മേഖലകള്‍ കൈ വച്ച് തുടങ്ങിയിട്ടേ ഉള്ളു, പ്രധാന വിനോദം കടല്‍ തന്നെ, മാല്‍ ദ്വീപുകളോട് കടപിടിക്കുന്ന തെളിമയാര്‍ന്ന വെള്ളത്തില്‍ മതി മറന്ന് കുളിക്കാം. തൊട്ടടുത്ത് വളരെ ചെറിയ ആള്‍ താമസം ഇല്ലാത്ത ദ്വീപിലേക്ക് നെഞ്ചോളം വെള്ളത്തില്‍ നടന്ന് പോവാം. ഭാഷ രീതി പൊതുവെ വ്യത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാവര്‍ക്കും മലയാളം അറിയാം. അതികം യാത്ര ചെയ്യാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ ഏറെ ബൈക്കുകള്‍ ആണ്. ആവശ്യമെങ്കില്‍ ഗുഡ്‌സ് വണ്ടികളുടെ പുറകില്‍ സീറ്റ് വച്ചിട്ട് അതില്‍ ആളെ കയറ്റും.

 

ദ്വീപുകാര്‍ക്ക് അവരുടേതായ രീതിയിലെ പലഹാരങ്ങളും മറ്റ് വിഭവങ്ങളും ഉണ്ട്. എല്ലാം നല്ല സ്വാദിഷ്ടമായവ തന്നെ. നാട്ടുകാരുമായി ചങ്ങാത്തത്തില്‍ ആയാല്‍ മീന്‍ പിടിക്കാന്‍ അവര്‍ക്കൊപ്പം പുറം കടലില്‍ പോവാം. എല്ലാം മറന്ന് നഗര തിരക്കുകളില്‍ നിന്നും വിട്ട് മാറി കുറച്ച് ദിവസങ്ങള്‍ അവിടെ ചിലവഴിച്ചാല്‍ അത് തീര്‍ച്ചയായും ജീവിതത്തില്‍ മറക്കാനാവാത്ത ഒരും ഏടായിരിക്കും.

 

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: Mohammed Rijad

വിവരങ്ങള്‍ക്ക്: 9947747779


{}