• Today is: Wednesday, March 29, 2017

‘വിചാരിച്ചാല്‍ അടുത്തുള്ള കടയില്‍ പോയി ചായ കുടിച്ച് വരുന്ന ദൂരം’; കൊച്ചിയില്‍ നിന്ന് ഹിമാലയം വരെ ഒറ്റയ്‌ക്കൊരു യാത്ര

manali

രാവിലെ 5 മണിക്ക് ബസ്സില്‍ കയറി ലേയിലേക്കുള്ള യാത്ര തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ചതും ഭയാനകവും അതില്‍ ഉപരി ഒരുപാട് അത്ഭുത കാഴ്ചകള്‍ നമുക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന ഹിമാലയന്‍ ബസ് യാത്ര. ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ നമ്മളെ എല്ലാ രീതിയിലും കൊതിപ്പിക്കുന്ന യാത്ര –  ശരത്കാന്ത് നടത്തിയ യാത്ര

 

 
അവിചാരിതമായി വീണുകിട്ടിയ കുറച്ച് അവധിദിനങ്ങള്‍, എന്നാല്‍ പിന്നെ ഒരു യാത്ര പോയേക്കാം, തനിച്ചോ? അതെ തനിച്ച്.
പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത ദിവസം ഏറ്റവും ദൂരത്തില്‍ പോകുന്ന ട്രെയിന്‍ സംബര്‍ക്രാന്തി എക്‌സ്പ്രസ്, ചണ്ഡീഗഡ് വരെ ഒരു തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അത്യാവശ്യം വേണ്ട കുറച്ചുസാധനങ്ങള്‍ മാത്രം എടുത്ത് ഒരു ബാക്പാക്ക് സെറ്റ് ചെയ്തു

. അടുത്ത കുറച്ചു ഫ്രണ്ട്‌സിനോട് പോകുന്നു എന്നും പറഞ്ഞ് പിറ്റേന്ന് 12.50 ന് എറണാകുളത്തുന്ന് ട്രെയിന്‍ കയറി. യാത്രക്കിടയില്‍ സഞ്ചാരി ഗ്രൂപ്പിലെ മെമ്പറും നല്ലൊരു സഞ്ചാരിയും ആയ ഒരു സുഹൃത്തിനെ പരിചയപ്പെട്ടു. ഫുഡ് ഷെയര്‍ ചെയ്തും അല്പ്പം സിനിമയും, രാക്ഷ്ട്രീയവും, കുറെ സഞ്ചാര കഥകളും ഒക്കെ പങ്കുവച്ച് ഡല്‍ഹി വരെ ഒന്നിച്ചുള്ള യാത്ര. വൈകിട്ടോടെ ചണ്ഡീഗഡ് എത്തി. ആദ്യം മാണാലിക്ക് വിടാം ബാക്കി പിന്നെ ആലോചിക്കാം.

ചണ്ഡീഗഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു ഷെയര്‍ ഓട്ടോ പിടിച്ച് നേരെ ബസ്സ് സ്റ്റാന്‍ഡിലേക്ക് പോയി. അവിടെ എത്തിയതും കുറെ പ്രൈവറ്റ് ടൂറിസ്റ്റ് ബസ്സ് ഏജന്റ്മാര്‍ ചാടിവീണു. 600 രൂപമുതല്‍ എ സി വോള്‍വോ ബസ്സുകള്‍ ലഭ്യമാണ്. ചിലവ് ചുരുക്കിയുള്ള യാത്ര ആയതിനാല്‍ അതൊന്നും ചെവികൊള്ളാതെ നമ്മുടെ സ്വന്തം ഹിമാചല്‍ പരിവാഹന് ടിക്കറ്റ് എടുത്തു. കുറെ പഞ്ചാബി ഫ്രീക്കന്‍മാരും കൂടെ കയറി. രാത്രി മുഴുവന്‍ ദില്‍ജിത് ദേശന്‍ച്ചും, ഹണി സിംഗും ഒക്കെ കൂടി പാടിയും ആടിയും എല്ലാവരും ആഘോഷമായി അതിരാവിലെ മണാലി എത്തി.

രാത്രി ആവുമ്പോള്‍ പെടരുതല്ലോ ആദ്യം തന്നെ റൂംസിന്റെ സ്റ്റാറ്റസ് അറിയാന്‍ ഒന്ന് കറങ്ങി. ഒരു രക്ഷയില്ല സീസണ്‍ തുടങ്ങിയത് കൊണ്ട് ഒടുക്കത്തെ ഡിമാന്‍ഡ്.1000ത്തില്‍ കുറഞ്ഞ റൂമിനെ പറ്റി ചിന്തിക്കുകയെവേണ്ട, ആഹാ അത്രയ്ക്ക് ആയ റോഡില്‍ കിടന്നാലും ശരി എനിക്ക് വേണ്ട നിങ്ങടെ തല്ലിപ്പൊളി റൂം എന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങിപോന്നു. ഏതോ ഒരു ബ്രോയുടെ വാക്കും കേട്ട് നേരെ ഓള്‍ഡ് മണാലിയിലേക്ക് വിട്ടു അവിടെ ബാക്ക് പാക്കേര്‍സ് ഹോസ്റ്റല്‍ ഉണ്ട് പോലും ചീപ്പ് ആന്‍ഡ് ബെസ്റ്റ്. ഹോസ്റ്റല്‍ കണ്ടു കൊള്ളാം അടിപൊളി, കുറച്ച് കിളികളും കോഴികളും ഒക്കെയുണ്ട് പക്ഷെ വെക്കന്‍സി ഇല്ല വീണ്ടും ഞാന്‍ ആരോ ആയി.

റൂമിന്റെ കാര്യം പിന്നെ നോക്കാം വന്നകാര്യം നടക്കട്ടെ, വിശപ്പിന്റെ നല്ല ഉച്ചത്തിലുള്ള വിളി വന്നതിനാല്‍ രണ്ട് ആലൂപൊറാട്ട അങ്ങ് താങ്ങി. ആദ്യത്തെ അജണ്ട റോത്താങ് പാസ്സ്, ടാക്‌സിക്ക് ഒരു തലയ്ക്ക് വിലയിട്ടത് 1000. അങ്ങനെ അങ്ങോട്ട് വിടാന്‍ പറ്റുവോ ബസ്സ് അന്വേഷിച്ച് കുറെ നടന്നു. അവിടെ കണ്ട മാന്യന്‍ ആയ ഒരാളോട് ‘ആരെ ഭയ്യാ റോത്താങ് പാസ് ജാനേ കെലിയെ യഹാം സെ ബസ്സ് മിലേഗാ’ എന്ന് ചോദിച്ചതും ‘നാട്ടില്‍ എവിടെയാ’ എന്ന് എന്നോട് തിരിച്ച് ചോദിച്ചതും ഒരുമിച്ചായിരുന്നു. എന്നാപ്പിന്നെ ഇനി അങ്ങോട്ട് ഒരുമിച്ചുപോകാം എന്ന് രണ്ടുപേരും തീരുമാനിച്ചു.

ഒരു ബൈക്ക് റെന്റിന് എടുക്കുന്നതാവും ലാഭം, നല്ലവണ്ണം വിലപേശി 800 രൂപയ്ക്കു ഒരു ബൈക്ക് അങ്ങട് കാച്ചി, 200 ന് പെട്രോള്‍ അടിച്ചു. നേരെ വിട്ടു റോത്താങ് പാസ്സ്. പെര്‍മിറ്റ് എടുക്കാന്‍ നോക്കിയപ്പോള്‍ അന്നത്തെ ദിവസം ഫുള്‍ ആണ് കിട്ടിയില്ല എന്നാലും പോയി നോക്കാലോ അല്ലെ…? പോയി കാല് പിടിച്ച് അപേക്ഷിച്ചിട്ടും 20km അപ്പുറത്തേക്ക് കടത്തിവിട്ടില്ല. സോളാങ് വാലി, ഹിഡുംബ ദേവി ടെമ്പിള്‍ ,പൈന്‍ വാലി എല്ലാം ഒന്ന് കറങ്ങി. വൈകുന്നേരം ഓള്‍ഡ് മണാലി എത്തി . മണാലി പോകുന്ന ബാച്ചിലേഴ്‌സ് ഒരിക്കലും ഓള്‍ഡ് മണാലി ഈവനിംഗ് മിസ്സ് ചെയ്യരുത് അത്രയ്ക്ക് മനോഹരമാണ് അവിടം. നൈറ്റ് ഔട്ട് ചെയ്യാന്‍ പറ്റിയ ഇടം. ബൈക്ക് തിരിച്ചുകൊടുത്ത് വന്നപ്പോള്‍ അടുത്ത് തന്നെ ഒരു നല്ല റൂം ഒപ്പിച്ചു.

 

 

രാവിലെ 5 മണിക്ക് റോത്താങ് പാസ്സ് ബസ്സ് കിട്ടി, അവിടെ എത്തികഴിഞ്ഞപ്പോള്‍ അടുത്തത് എങ്ങോട്ട് എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല ഇനി ‘ലേലഡാക് ‘ഏതൊരു സഞ്ചാരിയുടെയും സ്വപ്നം ‘കര്‍ദുന്‍ഗ് ലാ’. ഇവിടെവരെ വന്നിട്ട് പോകാതിരുന്ന എങ്ങനാ, ഇപ്പോഴാണെ പറ്റിയ സമയം മണാലിലെ അത്ഭുതങ്ങള്‍ നിറഞ്ഞ റോഡ് ഓപ്പണ്‍ ആണ്. അവിടുന്ന് കിട്ടിയ ബസ്സിന് കയറി കെയ്‌ലോങ് എത്തി. നല്ല പച്ചപ്പ് നിറഞ്ഞ താഴ്വരങ്ങളും കൃഷിയിടങ്ങളും നയന മനോഹരമാക്കുന്ന യാത്രാ. രാവിലെ 5ന് ലെ യിലേക്കുള്ള ഹിമാചല്‍ സര്‍ക്കാര്‍ പരിവാഹന്‍ എത്തും, വൈകിട്ട് 5ന് ടിക്കറ്റ് ബുക്ക് ചെയ്ത് വെച്ചു. കെയ്‌ലോങ്ങില്‍ ഒരു തിബറ്റ് ഫാമിലി നടത്തുന്ന നല്ല വൃത്തിയും വെടിപ്പും ഉള്ള ഡോര്‍മിട്ടറി കിട്ടി, കുലീനതയുള്ള ഒരു ആന്റി ആണ് ഇന്‍ചാര്‍ജ്. നല്ല നാടന്‍ തിബത്തന്‍ മട്ടന്‍ ചാവല്‍ അടിച്ചു,ആന്റി സ്‌പെഷ്യല്‍. *(ലോകത്തിന്റെ ഏത് കോണില്‍ പോയാലും നല്ല സൗത്ത് ഇന്ത്യന്‍ ഫുഡ് കിട്ടുന്ന ഹോട്ടല്‍ ഉണ്ട് എന്നും പറഞ്ഞു തേടിപോകുന്നവര്‍ എന്നില്‍പെട്ടവന്‍ അല്ല ദൈവവചനം: പേജ്…?)

രാവിലെ 5 മണിക്ക് ബസ്സില്‍ കയറി ലേയിലേക്കുള്ള യാത്ര തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ചതും ഭയാനകവും അതില്‍ ഉപരി ഒരുപാട് അത്ഭുത കാഴ്ചകള്‍ നമുക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന ഹിമാലയന്‍ ബസ്സ് യാത്ര. ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ നമ്മളെ എല്ലാ രീതിയിലും കൊതിപ്പിക്കുന്ന യാത്ര. എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വഴിയിലൂടെ ഒരു ബസ്സ് യാത്ര നടത്തണം എന്നാണ് എനിക്ക് നിങ്ങളോട് പറയാന്‍ ഉള്ളു. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് അത് അനുഭവിച്ചറിയുക.ഹൈ ആള്‍ട്ടിറ്റിയൂട് പ്രോബ്ലെംസ് ആദ്യം ഒന്ന് ഉപദ്രവിച്ചെങ്കിലും പിന്നീട് ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തില്‍ ആയി..

അങ്ങനെ ഹിമാലയന്‍ മലമടക്കുകള്‍ക്കിടയിലൂടെ നമ്മുടെ സാരഥി *(ഇയാള്‍ക്ക് ഒക്കെയാണ് PWD മിനിസ്റ്റര്‍ നീ സുലൈമാന്‍ അല്ലെടാ ഹനുമാന്‍ ആണ് എന്ന പട്ടം നല്‍കി ആദരിക്കേണ്ടത് എന്നാണ് എന്റെ ഒരു ഇത്) ആ ശകടത്തെ വലിച്ച് കയറ്റി വൈകിട്ട് 8 മണിയോടെ ലേയില്‍ എത്തിച്ചു. അവിടെ ബസ്സ് സ്റ്റാന്‍ഡിന് അടുത്ത് തന്നെ ഒരു റൂം എടുത്തു, റൂമില്‍ വൈഫൈ ഉള്ളത് കൊണ്ട് അന്ന് സ്വര്‍ഗം കിട്ടിയതിന് തുല്യം ആയിരുന്നു, കാരണം കാശ്മീരില്‍ അവിടുത്തെ അല്ലാതെ മറ്റൊരു നെറ്റവര്‍ക്കിനും റേഞ്ച് ഇല്ല.

പിറ്റേന്ന് അവിടുന്ന് തന്നെ ഒരു ബുള്ളറ്റ് റെന്റിന് എടുത്തു. ഒരേ ഒരു ലക്ഷ്യം മാത്രം ‘കര്‍ദുന്‍ഗ് ലാ’ . 39 സാ ദൂരം. ഇടുങ്ങിയ റോഡ് , എന്നാലും അത്ര അപകടകരം അല്ലാത്ത റൂട്ട് ആണ്. പോകുന്ന വഴിക്ക് രണ്ടു സെക്യൂരിറ്റി ചെക്‌പോസ്‌റ് ഉണ്ട് ഒന്നില്‍ നമ്മുടെ ഡീറ്റൈല്‍സും മറ്റും ഫോം ഫില്‍ ചെയ്ത് കൊടുക്കണം. പോകുന്നവഴിക്ക് ഒരു ചെറിയ ദാബാ ഉണ്ട് ആ തണുപ്പത്ത് നല്ല ആവിപറക്കുന്ന മാഗി വാങ്ങി ഊതികുടിച്ചു,ആഹാ നല്ല സ്വാദ്. യാത്ര തുടര്‍ന്നു…

ഇതാ ഞാന്‍ എത്തിയിരിക്കുന്നു, ഏതൊരു സഞ്ചാരിയുടെയും സ്വപ്നം എനിക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം ‘കര്‍ദുന്‍ഗ് ലാ’ (HIGHEST MOTORABLE ROAD IN THE WORLD–18380 FE-ET )

അവിടെ നില്‍ക്കുമ്പോള്‍ പണ്ട് നമ്മുടെ കോഴിക്കോട്ട്കാരന്‍ കരീംക്ക പറഞ്ഞപോലെ ‘ലോകം ഇങ്ങനെ നമ്മുടെ കാല്‍ചുവട്ടിലേക്ക് വന്നു നില്‍ക്കുന്ന പോലെ ഒരു ഫീല്‍’ ‘ജന്നത്തിലേക്കു അവിടെ നിന്ന് അധികം ദൂരം ഇല്ല എന്ന് നമുക്ക് തോന്നും’ (feel the BGM). ഏകദേശം രണ്ട് മണിക്കൂറ് അവിടെ തങ്ങിയിട്ട് മടക്കയാത്ര ആരംഭിച്ചു. പോകുമ്പോള്‍ ഇല്ലാതിരുന്ന ചില വെള്ളച്ചാലുകളും ചെറിയ കുഴികളും കൊണ്ട് റോഡ് അല്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍.ഇടയ്ക്ക് പലരും കുശലം പറഞ്ഞും പരിചയപ്പെട്ടും ഒന്നിച്ച് യാത്ര തുടര്‍ന്നു. പിറ്റേന്ന് പോയത് ‘ഹാള്‍ ഓഫ് ഫെയിം’ കാണാന്‍. പലയുദ്ധങ്ങളും നമ്മുടെ മിലിറ്ററിയുടെയും ചരിത്രം ഉറങ്ങുന്ന സ്മാരകം.. കണ്ടിരിക്കേണ്ട ഒന്ന്തന്നെ..

 

രാവിലെ 5ന് ലെ യില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെടുന്ന ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. കണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ആ മലമടക്കുകള്‍ക്കിടയിലൂടെയുള്ള സാഹസിക യാത്ര വീണ്ടും………..
പുതിയ കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ട്…..
ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല……..
(നമ്മള്‍ വിചാരിച്ചാല്‍ നമ്മുടെ വീട്ടില്‍ നിന്ന് അടുത്തുള്ള കടയില്‍ പോയി ഒരു ചായ കുടിച്ച് വരുന്ന ദൂരമേയുള്ളൂ കേരളത്തില്‍ നിന്ന് കാശ്മീരിലേക്ക് ഉള്ള ദൂരം )

 

കുറിപ്പിനും ഫോട്ടോയ്ക്കും കടപ്പാട്

 


{}
{}