• Today is: Wednesday, March 29, 2017

വളർത്തു നായ്ക്കളും റിമോട്ട് എടുത്ത് ചാനൽ മാറ്റുന്ന കാലം വരുന്നു; വളർത്തുമൃഗങ്ങൾക്കും ഉപയോഗിക്കാവുന്ന ആദ്യത്തെ റിമോട്ട് വൈകാതെ എത്തും

Remote

വീട്ടിൽ വളർത്തുന്ന നായ റിമോട്ടൊക്കെ എടുത്ത് ചാനലുകൾ മാറ്റി ഇഷ്ടപ്പെട്ട ചാനൽ തെരഞ്ഞെടുത്ത് കുത്തിയിരുന്ന് കാണുന്ന കാലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിനക്ക് പ്രാന്താണ്. വളർത്തുമൃഗങ്ങൾ അങ്ങനെയൊക്കെ ചെയ്യുമോ., വെറുതെ റിമോട്ട് എടുത്ത് അവിടെയും ഇവിടെയും ഞെക്കുമായിരിക്കും എന്നു മറുപടി പറയാൻ വരട്ടെ. മേൽപറഞ്ഞ കാലത്തിലേക്ക് അധികം ദൂരമില്ലെന്നാണ് പറയപ്പെടുന്നത്. വളർത്തുമൃഗങ്ങൾക്കും ചാനൽ മാറ്റി ഇഷ്ടപ്പെട്ട ചാനൽ ടിവിയിൽ തെരഞ്ഞെടുത്ത് കാണാൻ സാധിക്കും. അതിനു സഹായിക്കുന്ന പെറ്റ് ഫ്രണ്ട്‌ലി റിമോട്ട് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് സാങ്കേതിക വിദഗ്ധർ.

മൃഗങ്ങളുടെ കാൽപത്തിയുടെ രൂപകൽപനയും ചേർത്ത് ഇളകിനീങ്ങുന്ന രീതിയിലാണ് റിമോട്ട് രൂപകൽപന ചെയ്തിട്ടുള്ളത്. ഇത് മൃഗങ്ങൾക്ക് റിമോട്ടിൽ സമ്പൂർണ നിയന്ത്രണം നൽകും. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നിർമിക്കുന്ന വാഗ് പറഞ്ഞത് റിമോട്ട് വാട്ടർപ്രൂഫ് ആണെന്നാണ്. പ്ലാസ്റ്റിക് വാട്ടർപ്രൂഫ് ഉപയോഗിച്ചാണ് റിമോട്ട് നിർമിച്ചിട്ടുള്ളത്. അൽപം ഉയർന്നായിരിക്കും ബട്ടണുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് ചാനലുകൾ മാറ്റുന്നത് എളുപ്പമാക്കി തീർക്കും. കൂടാതെ നായകൾക്ക് ദോഷകരമല്ലാത്ത രീതിയിൽ കുറഞ്ഞ ഫ്രീക്വൻസിയായിരിക്കും ഉണ്ടാകുക. പ്രെസ്റ്റണിലെ സെൻട്രൽ ലങ്കാഷെയർ സർവകലാശാലയിൽ കംപ്യൂട്ടർ വിദഗ്ധരോടൊപ്പം ചേർന്നാണ് വാഗ് റിമോട്ട് നിർമിച്ചിട്ടുള്ളത്.

നിലവിൽ തന്നെ ശരാശരി നായകൾ ആഴ്ചയിൽ 9 മണിക്കൂറോളം ടിവി കാണുന്നതായി മൃഗങ്ങളുടെ കംപ്യൂട്ടർ കമ്മ്യൂണിക്കേഷൻ വിദഗ്ധനായ ഇല്യേന ഹിർസ്‌കിജ് നടത്തിയ പഠനത്തിൽ വ്യക്തമായി. സാങ്കേതിക വിദ്യ അത്രത്തോളം വളർന്നതായിട്ടാണ് കാണുന്നത്. റിമോട്ടിലെ ബട്ടണുകളോട് മൃഗങ്ങൾ എങ്ങനെയെല്ലാം പ്രതികരിക്കുന്നു എന്നും വിശകലന വിധേയമാക്കുന്നുണ്ട്. ബട്ടണുകളുടെ ശബ്ദം, നിറം എന്നിവയോടുള്ള പ്രതികരണമാണ് വിശകലന വിധേയമാക്കുന്നത്.

ഈ പഠനങ്ങളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ താൽകാലികമായി രൂപീകരിച്ചിട്ടുള്ള മൂലരൂപത്തിന് അന്തിമരൂപം നൽകാൻ കമ്പനികൾക്ക് നിർദേശം നൽകും. അങ്ങനെ റിമോട്ട് തട്ടിയെടുക്കുന്ന വളർത്തു മൃഗങ്ങളുമായുള്ള അടിപിടി ഇനി ഉടമസ്ഥർക്ക് അവസാനിപ്പിക്കാം.


{}
{}