• Today is: Friday, February 24, 2017

പ്രേമലേഖനം എഴുതാമോ..?; അവസരമൊരുക്കി ‘ബഷീറിന്റെ പ്രേമലേഖനം’

Basheerinte-premalekhanam

കൊച്ചി: സോഷ്യല്‍ മീഡിയ അരങ്ങുവാഴുന്ന കാലത്ത് പ്രേമലേഖനം എന്നത് പലര്‍ക്കും വെറുതെ ചിരിച്ചുതള്ളാനുള്ള ഒന്നുമാത്രമാവും. എന്നാല്‍ ഒരു കാലഘട്ടം അതിന്റെ പ്രണയത്തെ അടയാളപ്പെടുത്തിയത് പ്രേമലേഖനങ്ങളിലൂടെ ആയിരുന്നു. സാങ്കേതികത അത്രമേല്‍ ജനകീയമാകാത്ത കാലഘട്ടത്തില്‍ പ്രേമലേഖനം തന്നെയായിരുന്നു ഉപാധി. അത്തരം ഒരു പ്രേമലേഖനം എഴുതാനുള്ള അവസരമാണ് കൈവരുന്നത്.

പ്രേമലേഖനം എഴുത്ത് മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മികച്ച പ്രേമലേഖനത്തിന് സമ്മാനം ലഭിക്കും. ഒപ്പം ആ പ്രേമലേഖനം വെള്ളിത്തിരയിലുമെത്തും. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിലാണ് പ്രേമലേഖനം ഉള്‍പ്പെടുത്തുക. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

Basheerinte-1

ഗാഢമായി ചിന്തിച്ച്, മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്നായിരുന്നു പ്രേമലേഖനത്തില്‍ കേശവന്‍ നായരുടെ അപേക്ഷ. പ്രേമലേഖനത്തിലെ പ്രണായതുരമായ അപേക്ഷയെ സാറാമ്മ സ്വീകരിച്ചപ്പോള്‍ അത് കേരളത്തിലെ ഒരു കാലഘട്ടത്തെയാണ് പിടിച്ചു കുലുക്കിയത്. അത് ബഷീറിന്റെ പ്രേമലേഖനം ആയിരുന്നെങ്കില്‍ അതേ പേരിലാണ് അനീഷ് അന്‍വറിന്റെ ചിത്രവും എത്തുന്നത്.

സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു പഴയകാല പ്രണയമാണ് ചിത്രം പറയുന്നതെങ്കിലും അത് ബഷീറിന്റെ പ്രേമലേഖനത്തെ അടിസ്ഥാനമാക്കിയാണൊ എന്ന ചോദ്യത്തിലാണ് സസ്പന്‍സ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് പറയുന്നു സംവിധായകന്‍ അനീഷ് അന്‍വര്‍.

Basheerinte-2

മലയാളത്തിലെ എക്കാലത്തേയും പ്രണയ ജോഡികളായ കറുത്തമ്മയും പരീക്കുട്ടിയും ചേര്‍ന്നാണ് റ്റൈറ്റില്‍ ലോഞ്ച് ചെയ്തത്. ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സനാ അല്‍ത്താഫാണ് നായിക. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും പ്രധാന വേഷത്തിലെത്തുന്നു.

ഇവരെ കൂടാതെ മധു, ഷീല, നെടുമുടി വേണു, കെപിഎസി ലളിത, രണ്‍ജി പണിക്കര്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. അതേസമയം ചിത്രത്തിലെ സ്റ്റില്ലുകള്‍ക്ക് എന്നു നിന്റെ മൊയ്തീനുമായി സാമ്യം ഉണ്ടെന്ന് സംവിധായകന്‍ ഫാസില്‍ വിമര്‍ശനം ഉന്നയിച്ചു.

ഷിനോദ്, ഷംസീര്‍, ബിപിന്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പിഎം ഹാരിസ്, വിഎസ് മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


{}
{}