• Today is: Wednesday, January 25, 2017
SBI Buddy

സോഫിയ മനുഷ്യനല്ല; സംസാരിക്കുകയും കേട്ടാൽ മനസിലാവുകയും പ്രതികരിക്കുകയും ചെയ്യും; മനുഷ്യനെ തോൽപിക്കാൻ ‘സെക്‌സി റോബോട്ട്’ അടുത്തവർഷം വിപണിയിൽ

sofia

ടെക്‌സസ്: മനുഷ്യകുലത്തിന്റെ അന്ത്യമടുത്തോ എന്നു ചിന്തിച്ചാൽ തെറ്റില്ല. കാരണം മനുഷ്യനേപ്പോലെ പെരുമാറുകയും പഠിക്കുകയും സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന റോബോട്ടുകൾ വരുന്നു. വെറും റോബോട്ടുകളല്ല, മനുഷ്യനെ തകർത്തുകളയാൻ ലക്ഷ്യമിട്ടു ബുദ്ധിയുള്ള റോബോട്ട്. ഇത്തരത്തിൽ വികസിപ്പിച്ച സോഫിയ എന്ന കൃത്രിമ മനുഷ്യൻ അടുത്തവർഷം വിപണിയിലെത്തിയേക്കും.

മുഖം കണ്ടാൽ മനുഷ്യ സ്ത്രീയെപ്പോലെ തന്നെയിരിക്കും. തലയുടെ പിൻവശത്തു യന്ത്രങ്ങളും ചിപ്പുകളും വയറുകളുമെല്ലാം, മനുഷ്യനിലെ തലച്ചോറുപോലെ. മുഖം കണ്ടാൽ ഒറ്റനോട്ടത്തിൽ മനുഷ്യനല്ലെന്നു തോന്നുകയേ ഇല്ല. മനുഷ്യരെപ്പോലെ ചുണ്ടുകോട്ടുകയും കണ്ണടയ്ക്കുകയും ചിരിക്കുകയും ചുണ്ടനക്കി വർത്തമാനം പറയുകയും ചെയ്യും. എന്തെങ്കിലും ചോദിച്ചാൽ യാതൊരു പതർച്ചയുമില്ലാതെ സംസാരിക്കും. പെരുമാറും.

സോഫിയയുടെ ലക്ഷ്യം സ്‌കൂളിൽ പോവുകയും കലാഭ്യസനം നടത്തുകയും ബിസിനസ് തുടങ്ങുകയുമാണ്. ചിന്തിക്കാനും ചിന്തയ്‌ക്കൊത്തു പ്രവർത്തിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ലഭിച്ച ശേഷിയാണ് ഇക്കാലമത്രയും വികസിപ്പിച്ച റോബോട്ടുകളിൽനിന്നു ഈ സെക്‌സി റോബോട്ടിനെ വ്യത്യസ്തമാക്കുന്നത്. ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിൽ ജോലിക്കെത്തിക്കാനാണ് ഇത്തരമൊരു റോബോട്ടിനെ വികസിപ്പിച്ചത്. മനുഷ്യാധ്വാനം വേണ്ടിവരുന്ന തൊഴിൽ മേഖലകളിൽ യന്ത്രമനുഷ്യരെ വിന്യസിക്കാൻ സാധിക്കുമെന്ന സാധ്യത അനതിവിദൂരമല്ലെന്നാണു സോഫിയ നൽകുന്ന മുന്നറിയിപ്പ്.

A-new-Terminator-style-robot

സിലിക്കോൺ സ്‌കിൻ ആണ് സോഫിയയെ സുന്ദരിയാക്കുന്നത്. കണ്ണുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറയാണ് കാഴ്ചകൾ ഒപ്പിയെടുക്കുന്നത്. ഇതു ചിപ്പുകളടങ്ങിയ കൃത്രിമ ബുദ്ധി സംവിധാനം തിരിച്ചറിയും. ഹാൻസൻ റോബോട്ടിക്‌സ് വികസിപ്പിച്ച കാരക്ടർ എൻജിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് സോഫിയക്ക് വ്യക്തിത്വമുണ്ടാക്കിയത്. മനുഷ്യന്റെ വൈകാരിക പ്രതികരണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലാണ് കൃത്രിമ മനുഷ്യനെ ഹാൻസൻ വികസിപ്പിക്കുന്നത്.

ലോകമാകെ കാര്യമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഈ മേഖലയിലെ പഠനങ്ങൾ വിജയത്തിലെത്തിയാൽ ലോകത്തെ മനുഷ്യന്റെ പങ്കാളിത്തം വലിയ തോതിൽ കുറയും. നിലവിൽ ചെറിയൊരു കുട്ടിയുടെ ബുദ്ധനിലവാരമാണ് പരീക്ഷണശാലകളിൽ വികസിപ്പിച്ചിരിക്കുന്നത്. കാലോചിതമായ രീതിയിൽ ഗവേഷണങ്ങൾ പുരോഗമിക്കുമ്പോൾ പക്വതയെത്തിയ ഒരാളെ വികസിപ്പിക്കാൻ കഴിയുമെന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.


{}
{}