• Today is: Monday, April 24, 2017

ഈയൊരു ഇന്നോവ കണ്ടാൽ സിംഹങ്ങൾ ചീറിയടുക്കും; കാർ തടഞ്ഞും വാതിലിൽ തട്ടിയും സഞ്ചാരികളെ വിറപ്പിക്കും; ബെണ്ണർഗട്ട ദേശീയപാർക്കിൽ മലയാളി മാധ്യമപ്രവർത്തക നേരിൽ കണ്ട കാഴ്ചകൾ; വീഡിയോ

lioness-1

ബംഗളുരു: ബംഗളുരുവിലെ ബെണ്ണർഗട്ട ദേശീയ പാർക്കിൽ ഇന്നലെയെത്തിയ സഞ്ചാരികളെ ഞെട്ടിച്ചു പെൺസിംഹം വിലസി. സഞ്ചാരികൾ കാനനസവാരിക്കിറങ്ങിയ ഇന്നോവ കണ്ടപ്പോഴാണ് എങ്ങോ നിന്ന് ഓടിയെത്തിയ സിംഹം യാത്രക്കാരെ വിറപ്പിച്ചത്. നഗരത്തിൽനിന്ന് ഇരുപതു കിലോമീറ്റർ മാത്രം അകലെയുള്ള ബെണ്ണർഗട്ട ദേശീയ പാർക്കിൽ പലപ്പോഴും ഇത്തരത്തിൽ സഞ്ചാരികൾക്കു മുന്നിൽ സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും വന്നെത്തുന്നതു പതിവാണ്. കഴിഞ്ഞദിവസം പാർക്കിൽ സന്ദർശനത്തിനെത്തിയ മലയാളിയും ദ ന്യൂസ് മിനുട്ട് എഡിറുമായ ധന്യ രാജേന്ദ്രനും സംഘത്തിനു മുന്നിലാണ് സിംഹങ്ങൾ എത്തിപ്പെട്ടത്.

സ്ഥിരമായി കാനനസവാരിക്കു സഞ്ചാരികളെ കൊണ്ടുപോകുന്ന ഒരു ഇന്നോവ കാണുമ്പോൾ സിംഹങ്ങൾക്കു കലിയിളകുക പതിവാണ്. ഇക്കഴിഞ്ഞദിവസവും ഈ ഇന്നോവ കണ്ടപ്പോഴാണ് എങ്ങോനിന്ന് സിംഹം ഓടിയെത്തിയത്. ബസിലും ചെറിയ വാഹനങ്ങൡും ദേശീയോദ്യാനത്തിനുള്ളിൽ സവാരിക്ക് സർക്കാർ അവസരമൊരുക്കിയിട്ടുണ്ട്. പലരും ബസ് സവാരിയേക്കാൾ ഇന്നോവയും സൈലോയുമാണ് ഇതിനായി തെരഞ്ഞെടുക്കുക.

ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ഇത്തരത്തിൽ സവാരിക്കെത്തിയ ധന്യയ്ക്കും സംഘത്തിനും മുന്നിലേക്കാണ് സിംഹം ഓടിയെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന സൈലോയ്ക്കു മുന്നിലായി പോയ ഇന്നോവയുടെ അടുത്തേക്കാണ് സിംഹങ്ങളെത്തിയത്. ഇരു വാഹനങ്ങളിലും സുരക്ഷാ ഗ്രില്ലുകൾ ഇല്ലായിരുന്നു താനും. ആനകളും കരടികളും ഉള്ള ഭാഗം കഴിഞ്ഞു മുന്നോട്ടു നീങ്ങവേയാണ് സിംഹം വന്നത്. സിംഹത്തെ കണ്ടപാടേ, തന്റെ കാർ സിംഹത്തിന് ഇഷ്ടമല്ലെന്നും കാറിനടുത്തേക്കു വരാൻ സാധ്യതയുണ്ടെന്നും ഡ്രൈവർ പറഞ്ഞു. നാലു കുട്ടികളും നാലു മുതിർന്നവരുമായിരുന്നു ഇന്നോവയിലുണ്ടായിരുന്നത്.

READ ALSO

കാറിനടുത്തേക്ക് ഓടിയടുത്ത സിംഹം കാറിന്റെ വശങ്ങളിലൂടെ നടക്കുകയും ചീറ്റുകയും ചെയ്തു. കാറിന്റെ പിന്നാലെ ഓടിയ ശേഷം വഴി തടഞ്ഞു കുറച്ചുനേരം മുന്നിലും നിന്നു. കാറിന്റെ വശങ്ങളിൽ മാന്തിയ സിംഹത്തെക്കണ്ടതോടെ ഇന്നോവയിലുണ്ടായിരുന്നവർ ഭയപ്പെട്ടു. ഇതിനിടയിൽ കാട്ടിൽനിന്നു മറ്റൊരു സിംഹം കൂടി കാറിനടുത്തേക്കു വന്നു. രണ്ടു സിംഹങ്ങളും കൂടിയായി കാർതടഞ്ഞിട്ടു. ഇരു സിംഹങ്ങളും കാറിന്റെ വശത്തേക്കു മാറിയ തക്കം നോക്കി ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. ഇന്നോവ പാഞ്ഞു പോയപ്പോൾ പിന്നാലെ ഓടിയ സിംഹം ഉച്ചത്തിൽ ചീറ്റുകയും ചെയ്തു.

ധന്യയോടൊപ്പമുണ്ടായിരുന്ന ചേഞ്ച് ഡോട്ട് ഓർഗിലെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ദുർഗ നന്ദിനി സംഭവമത്രയും വീഡിയോയിൽ പകർത്തുകയായിരുന്നു. ഇക്കാര്യം ധന്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതോടെ തങ്ങൾക്കെന്തെങ്കിലും അപകമുണ്ടായോ എന്ന് അന്വേഷിച്ചു പലരും വിളിച്ചതായും ധന്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ സമാന അനുഭവം നേരിട്ട രണ്ടുപേർ അക്കാര്യവും പറഞ്ഞു. അവരും ഇന്നോവയിലായിരുന്നു.

ഇതേ ഇന്നോവയ്ക്കു നേരേ ആക്രമണോത്സുകരായി മൃഗങ്ങൾ ഓടിയടുക്കുന്നതു പതിവാണെന്നാണു വ്യക്തമായത്. ഒരേ വാഹനം മൃഗങ്ങൾ എപ്പോഴും ലക്ഷ്യം വയ്ക്കുകയാണെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടാകും. എന്താണ് വാഹനങ്ങൾ മൂലം മൃഗങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്നതെന്നു പാർക്ക് അധികാരികൾ കണ്ടെത്തേണ്ടതാണെന്നു വന്യജീവി സംരക്ഷണ ആക്ടിവിസ്റ്റ് സഞ്ജയ് ജുബ്ബി പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇന്നോവയ്ക്കു നേരേ മൃഗാക്രമണം ഉണ്ടായതായി പരാതി ലഭിച്ചെന്നു ദേശീയോദ്യാനത്തിന്റെ എക്‌സിക്കുട്ടീവ് ഡയറക്ടർ സന്തോഷ് കുമാർ പറഞ്ഞു. ഞായറാഴ്ചത്തെ സംഭവത്തോടെ ബെണ്ണർഗട്ടയിലെ കാനനസവാരിയിൽനിന്ന് ഈ ഇന്നോവ ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി.


{}