• Today is: Wednesday, March 29, 2017

മലയാളത്തിന്റെ കമല സുരയ്യയാകാന്‍ തയ്യാറെടുത്ത് വിദ്യ ബാലന്‍; ‘മൈ സ്റ്റോറി’ വായിക്കുന്ന ചിത്രവുമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്

Vidya-Balan

മുംബൈ : മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയാകാനുള്ള പരിശ്രമത്തില്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍. ഇതിന്റെ ഭാഗമായി കമല സുരയ്യയുടെ ‘എന്റെ കഥ’യാണ് വിദ്യ ബാലന്‍ ഇപ്പോള്‍ വായിക്കുന്നത്. വിദ്യ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രത്തിലാണ് വിദ്യ ബാലന്‍ കമലയാകുന്നത്. കമലയുടെ ‘മൈ സ്റ്റോറി’ വായിക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് വിദ്യയുടെ ട്വീറ്റ്. ‘കമലാ ദാസ് നിങ്ങളുടെ കഥ പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്’ എന്നാണ് ട്വീറ്റിന് നല്‍കിയ അടിക്കുറിപ്പ്. 

കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കമല്‍ ചലച്ചിത്രം ഒരുക്കുന്നത്. ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ കഥ കമല്‍ പറയും. കേന്ദ്ര കഥാപാത്ത്രതെ വിദ്യാ ബാലന്‍ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യ. ഇതിന്റെ ഗൃഹപാഠത്തിന്റെ ഭാഗമായാണ് വിദ്യ എന്റെ കഥ വായിക്കുന്നത്.

മലയാളക്കരയില്‍ നിന്നാണ് വിദ്യ ബോളിവുഡ് സിനിമാ ലോകത്തേക്ക് ചേക്കേറിയത്. കമല സുരയ്യ ആകാന്‍ മലയാളം പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യ ബാലന്‍ നടത്തുന്നുണ്ട്. ഇതിനായി ഒരാളെ നിയമിച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും ഒരേസമയമാണ് കമലയുടെ കഥ ദൃശ്യവല്‍ക്കരിക്കുന്നത്.

കമല സുരയ്യയുടെ ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങളും സാങ്കല്‍പ്പിക സാഹചര്യങ്ങളും ചേര്‍ത്താണ് സിനിമ ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നര വര്‍ഷത്തില്‍ അധികം സമയം എടുത്താണ് കമല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചത്. ജെസി ദാനിയേലിന്റെ ജീവിതം പ്രമേയമായ സെല്ലുലോയ്ഡിന് ശേഷം കമല്‍ ഒരുക്കുന്ന ജീവചരിത്രസിനിമയാണ് കമല സുരയ്യയുടെ കഥ.

ചിത്രത്തില്‍ പൃഥ്വീരാജാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് കമലാ സുരയ്യയുടെ ഭര്‍ത്താവിന്റെ റോളിലെത്തും. റസൂല്‍ പൂക്കുട്ടി ചിത്രത്തിന്റെ ശബ്ദസംവിധാനം നിര്‍വ്വഹിക്കും. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കമലിന്റെ പൂര്‍ത്തിയാവാത്ത ചിത്രമായ ചക്രത്തിലൂടെയാണ് വിദ്യ ബാലന്‍ ആദ്യമായി ചലച്ചിത്രലോകത്തെത്തുന്നത്.


{}
{}