• Today is: Thursday, April 27, 2017

ഗോള്‍ഡന്‍ ഗ്ലോബിനായി പ്രിയദര്‍ശന്റെ ചിത്രവും; എയ്ഡ്‌സ് രോഗികളുടെ ജീവിതം പ്രമേയമായ ‘സില സമയങ്കളില്‍’ അവസാന പത്തില്‍

Sila-Samayangalil

ചെന്നൈ : ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള അവസാന പത്തില്‍ ഇടംപിടിച്ച് സംവിധായകന്‍ പ്രിയദര്‍ശന്റെ ചിത്രവും. പ്രിയദര്‍ശന്റെ സില സമയങ്കള്‍ ആണ് 74-ാമത് ഗോള്‍ഡന്‍ ഗ്ലോബിനായി പരിഗണിക്കപ്പെടുന്നത്. ദേശീയ പുരസ്‌കാര ജേതാവായ പ്രകാശ് രാജിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് സില സമയങ്കള്‍ ഒരുക്കിയത്.

ഇന്ത്യയില്‍ നിന്നും ഫൈനല്‍ റൗണ്ടിലെത്തിയ ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് സില സമയങ്കളില്‍. എയിഡ്‌സ് ബാധിതരായ ഒരുപറ്റം ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. ഒക്ടോബര്‍ ആറിന് വൈകീട്ട് ഏഴിന് ചിത്രം പ്രദര്‍ശിപ്പിക്കും. അമേരിക്കയിലെ ബെവര്‍ലി ഹില്‍സിലാണ് പ്രദര്‍ശനം.

2009ല്‍ തീരുമാനിച്ച ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയി. സില നേരങ്കളില്‍ എന്നായിരുന്നു ആദ്യം തീരുമാനിച്ച ടൈറ്റില്‍. ഇതിലും പിന്നീട് മാറ്റം വന്നു. ആമിര്‍ ഖാനെയാണ് ആദ്യം പ്രധാന വേഷത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം നീണ്ടതോടെ ആമിര്‍ ഖാന്‍ പിന്മാറി. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം ആദ്യം തീരുമാനിച്ചത്. പിന്നീട് ആ ജോലി സമീര്‍ താഹിര്‍ ഏറ്റെടുത്തു.

പ്രകാശ് രാജിനൊപ്പം ശ്രിയ റെഡ്ഡി, അശോക് സെല്‍വന്‍, നാസര്‍, എംഎസ് ഭാസ്‌കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രഭുദേവ, അമല പോള്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ഇളയരാജയാണ് സംഗീതം നല്‍കിയത്. മീരാ നായരുടെ സലാം ബോംബെയാണ് ഇതിന് മുമ്പ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനായി അവസാന പത്തില്‍ ഇടംനേടിയ ഇന്ത്യന്‍ ചിത്രം.

 


{}