• Today is: Tuesday, January 24, 2017
SBI Buddy

പാന്‍ പസഫിക് ഓപ്പണ്‍ ഡബിള്‍സ് കിരീടം സാനിയ – ബാര്‍ബറ സഖ്യത്തിന്; ചൈനീസ് സഖ്യത്തെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

Sania-Barbara

ടോക്കിയോ : സാനിയ മിര്‍സ – ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സ് കിരീടം. ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാങ് – ഷാക് സ്വാന്‍ യാങ് സഖ്യത്തെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ – ബാര്‍ബറ സഖ്യത്തിന്റെ കിരീട നേട്ടം. സ്‌കോര്‍: 6 – 1, 6 – 1.

ഡബിള്‍സില്‍ രണ്ടാം സീഡുകാരാണ് സാനിയ – ബാര്‍ബറ സഖ്യം. സീഡ് ചെയ്യപ്പെടാത്ത താരങ്ങളാണ് ചെന്‍ ലിയാങ് – ഷാക് സ്വാന്‍ യാങ് സഖ്യം. ചൈനീസ് ടീമിന്റെ പരിചയക്കുറവാണ് സാനിയ സഖ്യം മുതലാക്കിയത്. വെറും 51 മിനിറ്റിനുള്ളിലാണ് ഫൈനല്‍ മത്സരം സാനിയ – ബാര്‍ബറ സഖ്യം അവസാനിപ്പിച്ചത്.

സെമിയില്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കി, സ്‌പെയിനിന്റെ മരിയ ജോസ് മാര്‍ട്ടീന സാഞ്ചസ് സഖ്യത്തെയാണ് സാനിയ സഖ്യം തോല്‍പ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഫൈനലില്‍ കടന്നത്. സീഡ് ചെയ്യപ്പെടാത്ത ജോഡിയായിരുന്നു ഗബ്രിയേല – മരിയ ജോസ് സഖ്യം.

Sania

സാനിയയും ബാര്‍ബറയും ഡബിള്‍സ് പങ്കാളികളായശേഷം പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണ് പാന്‍ പസഫിക് ഓപ്പണ്‍ ടെന്നിസ്. സാനിയ സഖ്യത്തിന്റെ രണ്ടാമത്തെ കിരീട നേട്ടമാണിത്. സിന്‍സിനാറ്റി ഓപ്പണ്‍ കിരീടമാണ് ഈ സഖ്യം ആദ്യം നേടിയത്.

സാനിയയുടെ മുന്‍ ഡബിള്‍സ് പങ്കാളി മാര്‍ട്ടീന ഹിംഗിസ് – കോകോ വാന്‍ഡവെഗ സഖ്യത്തെയാണ് സിന്‍സിനാറ്റിയില്‍ തോല്‍പ്പിച്ചത്. യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ സാനിയ സഖ്യം പുറത്തായി.

ഡബിള്‍സില്‍ സാനിയയുടെ നാല്‍പ്പതാമത്തെ കിരീട വിജയമാണിത്. ടോക്കിയോ ഓപ്പണിലെ മൂന്നാമത്തെ കിരീട നേട്ടവും. സാനിയ നേരത്തെ കാരാ ബ്ലാക് സഖ്യത്തിലും പാന്‍ പസഫിക് കിരീടം നേടിയിട്ടുണ്ട്. സാനിയ മിര്‍സ – ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യത്തിന് ഊര്‍ജ്ജം പകരുന്നതാണ് പാന്‍ പസഫിക് ഓപ്പണ്‍ ടെന്നിസ് ഡബിള്‍സ് കിരീടനേട്ടം.


{}
{}