• Today is: Friday, March 24, 2017

പരിചയപ്പെടാം ഒരു പുതിയ ചായ; കോംബുച

Kombucha

കോംബുച..! പേരു കേട്ടാൽ എന്തോ പുതിയ സംഭവമാണെന്നു കരുതുന്നുണ്ടാകും. സംഗതി ചായയാണ്. വളരെക്കാലം പഴക്കമുള്ള ഒരു ചായയുണ്ടാക്കൽ രീതി തന്നെ. എന്നാൽ, ഇപ്പോൾ ഇതൊരു ട്രെൻഡ് ആയിട്ടുണ്ടെന്നു മാത്രം. പല ഫ് ളേവറുകളിൽ ഇന്നു കടകളിൽ സുലഭമാണ് കോംബുച ചായകൾ. ശരീരത്തെ മാലിന്യമുക്തമാക്കുന്നതിൽ തുടങ്ങി പ്രതിരോധശേഷി വർധിപ്പിക്കുന്നതു വരെ നിരവധി ഗുണങ്ങളുണ്ട് കോംബുചയ്‌ക്കെന്നു വിദഗ്ധർ പറയുന്നു. എന്നാൽ സൂക്ഷിച്ചുവേണം ഉപയോഗിക്കാനെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അസിഡിറ്റി മുതൽ ടോക്‌സിസിറ്റി വരെയുള്ള പ്രശ്‌നങ്ങളുണ്ടാകാം എന്നാണ് മുന്നറിയിപ്പ്. എന്നാൽ, എന്താണ് കോംബുച? അറിയാം.

ഏകദേശം രണ്ടായിരം വർഷത്തെ പഴക്കമുണ്ട് കോംബുച ചായകൾക്ക്. ഒരൽപം പുളിപ്പുള്ളതാണ് കോംബുച ചായകൾ. തേയില, പഞ്ചസാര എന്നീ സാധാരണ ചായകളുടെ ചേരുവകൾക്കൊപ്പം പഴച്ചാറും യീസ്റ്റും ചേർത്താണ് ഇവ തയ്യാറാക്കുന്നത്. ആഗോളവിപണിയിൽ കോംബുചയ്ക്ക് ഇന്ന് നല്ല വിപണിസാധ്യതയുണ്ട്. കോംബുച പ്രകൃതിദത്തമായ പുളിപ്പുള്ളതും പ്രോബയോടികും ആണെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനീസ് പ്രോബയോടിക് ആണ് കോംബുച. ഇന്ത്യയുടെ തൈര്, ഇഡലി ഒക്കെ പോലെ തന്നെ.

വേദനയെ ഇല്ലാതാക്കും കോംബുച എന്നാണ് പാരമ്പര്യമായി ലഭിക്കുന്ന അറിവ്. തലയിൽ മുടി വളരുന്നതിനും ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കോംബുച സഹായിക്കും. എന്നാൽ തയ്യാറാക്കുമ്പോൾ ഒരൽപം സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടാനും ഈ യീസ്റ്റ് ടീ തന്നെ മതി. അസിഡിറ്റി പോലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാകാൻ ഇത് വഴിയൊരുക്കും. അമിതമായി പുളിപ്പുണ്ടാകുന്നത് ഭക്ഷ്യവിഷബാധ പോലുള്ള അസുഖങ്ങൾ ബാധിക്കുന്നതിനു കാരണമാകും. അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതു പോലെ കോംബുച ചായയും അമിതമായാൽ വിഷമയമാകും. കുട്ടികൾ, പ്രതിരോധശേഷി കുറവുള്ളവർ, ഗർഭിണികൾ എന്നിവർ ഇത് ഉപയോഗിക്കുന്നത് നല്ലതല്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


{}
{}