• Today is: Wednesday, March 29, 2017

തമിഴ് മാത്രമറിയുന്ന കടുവയെ ഇനി ഹിന്ദിയും പഠിപ്പിക്കേണ്ടിവരും; ചെന്നൈയിൽനിന്ന് ഉദയ്പുരിലേക്കു മാറ്റുന്ന വെള്ളക്കടുവ മൃഗശാലയ്ക്കു തലവേദനയാകും

white-tiger

ചെന്നൈ: ചെന്നൈയിൽനിന്നു ഉദയ്പുർ മൃഗശാലയിലേക്കു കൊണ്ടുപോകുന്ന വെള്ളക്കടുവ മൃഗശാലാധികൃതർക്കു തലവേദനയാകും. തമിഴ് മാത്രമറിയാവുന്ന കടുവയെ ഇനി എന്തു ചെയ്യുമെന്നാണ് മൃഗശാലാധികൃതർ ആലോചിക്കുന്നത്. ചെന്നൈ അരിനഗറിലെ അണ്ണാ സുവോളജിക്കൽ പാർക്കിൽനിന്ന് ഉദയ്പുരിലേക്കാണ് വെള്ളക്കടുവയെ മാറ്റുന്നത്.

ഉദയ്പുരിലെ സജ്ജൻഗഡ് ബയോളജിക്കൽ പാർക്കിലായിരിക്കും രാമ എന്നു വിളിക്കുന്ന അഞ്ചുവയസുകാരൻ വെള്ളക്കടുവയെ പാർപ്പിക്കുക. പകരമായി ജയ്പുർ, ജോധ്പുർ മൃഗശാലകളിൽനിന്നായി രണ്ടു ചെന്നായ്ക്കളെ അരിനഗർ സുവോളജിക്കൽ പാർക്കിനും ലഭിക്കും. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മൃഗങ്ങളെ പരസ്പരം കൈമാറ്റം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഭാഷാപ്രശ്‌നം പരിഗണിക്കപ്പെട്ടിരുന്നില്ല. ഇനി കടുവയെ മേവാരി ഭാഷ പഠിപ്പിക്കുകയോ അല്ലെങ്കിൽ കടുവയെ പരിപാലിക്കുന്ന മൃഗശാലാ ജീവനക്കാർ തമിഴ് പഠിക്കുകയോ വേണമെന്നു ഉദയ്പുർ സജ്ജൻഗഡ് ബയോളജിക്കൽ പാർക്ക് ഇൻചാർജ് ടി മോഹൻരാജ് പറഞ്ഞു. തൽകാലം ചെന്നൈയിൽനിന്നു രണ്ടുപേരെ കടുവയെ പരിപാലിക്കാനായി ഉദയ്പുരിലെത്തിക്കാനാണു പദ്ധതി.

തമിഴ്‌നാട്ടിലെ വണ്ടല്ലൂർ ബയോളജിക്കൽ പാർക്കിൽ വെള്ളക്കടുവകൾ ഉദയ്പുരിലുള്ളതിനേക്കാൾ കൂടുതലുണ്ട്. ചെന്നൈയിലാണെങ്കിൽ ചെന്നായ്ക്കളുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിലാണു മൃഗങ്ങളെ കൈമാറ്റം ചെയ്യാൻ തീരുമാനിച്ചത്. മൃഗങ്ങളെ കാണാൻ ഉദയ്പുർ ബയോളജിക്കൽ പാർക്കിൽ നിരവധി സന്ദർശകരാണെത്തുന്നത്. ഇവരുടെ പുതിയ ആകർഷണമായിരിക്കും ചെന്നൈയിൽനിന്നുള്ള വെള്ളക്കടുവ.


{}
{}