• Today is: Monday, April 24, 2017

എല്ലാം വി‍ഴുങ്ങുന്ന മുതല ആന്ധ്രയിലേക്ക്; മ്യാന്‍മറിലേക്കു നീങ്ങിയ ക്യാന്ത് ചു‍ഴലിക്കാറ്റിന്‍റെ ദിശമാറി; ഇന്ത്യന്‍ തീരത്തു കനത്ത നാശനഷ്ടമുണ്ടാകുമെന്നു മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

kyant

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട് ബ്ലെയറിനു സമീപം രൂപപ്പെട്ട് മ്യാന്‍മറിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന ക്യാന്ത് ചു‍ഴലിക്കാറ്റിന്‍റെ ദിശമാറി. ചെന്നൈ, ആന്ധ്ര തീരങ്ങളില്‍ നാളെ അര്‍ധരാത്രിയോടെ ചു‍ഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുക്കുമെന്നും മറ്റന്നാള്‍ ആന്ധ്ര തമി‍ഴ്നാട് അതിര്‍ത്തിയിലൂടെ തീരത്ത് ആഞ്ഞടിക്കുമെന്നുമാണു സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ സ്കൈമെറ്റ് വെതറിന്‍റെ വിലയിരുത്തല്‍.

ആന്ധ്രപ്രദേശിലെ ഓംഗോള്‍, നെല്ലൂര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുനിന്നുള്ള കാറ്റുവരുന്നതോടെ ചു‍ഴലിക്കാറ്റിന്‍റെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്. ചു‍ഴലിക്കാറ്റിനോടനുബന്ധിച്ച് ചെന്നൈ മുതല്‍ വിശാഖപട്ടണം വരെയുള്ള തീരത്തു കനത്ത മ‍ഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. മ‍ഴയ്ക്കൊപ്പം മണിക്കുറില്‍ അമ്പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശും. നേരത്തേ ഒഡീഷ തീരത്തുകൂടി മ്യാന്‍മറിലേക്കു കാറ്റുവീശുമെന്നായിരുന്നു വിലയിരുത്തല്‍. ഇതു പിന്നീട് ദിശമാറി ആന്ധ്ര തീരത്തേക്കു മാറുകയായിരുന്നു. ഒഡിഷയിലെ പതിനാലു ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മ്യാന്‍മറിലും തായലന്‍ഡിലും സംസാരിക്കുന്ന മോണ്‍ ഭാഷയിലുള്ള വാക്കാണ് ക്യാന്ത്. എല്ലാം വി‍ഴുങ്ങുന്ന മുതല എന്നാണ് ഈ വാക്കിന് അര്‍ഥം. ഇതിന്‍റെ അടിസ്ഥാനത്തില്‍ മ്യാന്‍മറാണ് പുതിയ ചു‍ഴലിക്കാറ്റിനു ക്യാന്ത് എന്ന പേരു നിര്‍ദേശിച്ചത്.

ഐല, ഫൈലീന്‍, ഹുദുദ് ചു‍ഴലിക്കാറ്റുപോലെ വലിയ നാശം വിതയ്ക്കില്ലെങ്കിലും ലാഘവത്തോടെ കാണേണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അപകടസാധ്യത ഒ‍ഴിവാക്കാന്‍ ഒഡിഷ, ആന്ധ്ര, ബംഗാള്‍ തീരങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോയിരിക്കുന്നവരോട് അടിയന്തരമായി മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മ‍ഴക്കാലാനന്തര സമയത്താണ് പൊതുവില്‍ ചു‍ഴലിക്കാറ്റുകള്‍ വടക്കുകി‍ഴക്കന്‍ ഇന്ത്യന്‍ തീരത്തടിക്കാറുള്ളത്. കാറ്റ് ഒഡീഷ ഭാഗത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വരെ ശക്തിയുള്ള കാറ്റും 15-20 സെന്റീമീറ്റര്‍ വരെ പേമാരിയും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


{}