• Today is: Friday, February 24, 2017

ഭാരതപ്പു‍ഴയില്‍ മീന്‍പിടിക്കുമ്പോള്‍ സ്രാവിനെ കിട്ടിയാല്‍ അദ്ഭുതപ്പെടേണ്ട; പരലും വരാലും കിട്ടിയിരുന്നിടത്ത് ഇപ്പോ‍ഴുള്ളത് കടല്‍ മീനുകളുണ്ടെന്ന് പഠനറിപ്പോര്‍ട്ട്; കാരണമായത് രൂക്ഷമായ മണലെടുപ്പും പു‍ഴനാശവും

bharathappuzha

ഒറ്റപ്പാലം: മണലെടുത്തു മണലെടുത്തു മാഞ്ഞുകൊണ്ടിരിക്കുന്ന ഭാരതപ്പു‍ഴയില്‍ കടല്‍മീനുകളും. സ്രാവ്, ചെമ്പല്ലി, പാര, മാന്തള്‍, കണമ്പ് തുടങ്ങിയ കടല്‍ മത്സ്യങ്ങളുടെ സാന്നിധ്യമാണ് ഭാരതപ്പു‍ഴയില്‍ കണ്ടെത്തിയത്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് പഠനവകുപ്പു മേധാവി ഡോ. എ ബിജുകുമാര്‍ നടത്തിയ പഠനത്തിലാണ് എല്ലും തോലുമായ ഭാരതപ്പു‍ഴയുടെ നാശത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന കണ്ടെത്തല്‍.

Lutjanus argentimaculatus
ഭാരതപ്പു‍ഴയില്‍നിന്നു കണ്ടെത്തിയ കടല്‍മത്സ്യമായ ചെമ്പല്ലി

രൂക്ഷമായ മണലെടുപ്പു മൂലം ഭാരതപ്പു‍ഴയുടെ പ്രകൃതം മാറിയതാണ് കടല്‍വെള്ളം പു‍ഴയിലേക്കു കയറി കടല്‍ മത്സ്യങ്ങള്‍ക്കു ജീവിക്കാനു സാഹചര്യമുണ്ടാക്കിയത്. പൊന്നാനി മുതല്‍ പാലക്കാട് ജില്ലയിലെ പറളിവരെയുള്ള ഭാരതപ്പു‍ഴയിലാണ് കടല്‍ മത്സ്യങ്ങളുടെ സാന്നിധ്യമുള്ളത്. കുറ്റിപ്പുറത്തുനിന്നു പല മത്സ്യങ്ങളെയും പഠനത്തിന്‍റെ ഭാഗമായി പിടിക്കുകയും ചെയ്തു. ഇരുപതോളം കടല്‍ മത്സ്യങ്ങള്‍ ഭാരതപ്പു‍ഴയില്‍ ഉണ്ടെന്നാണ് ബിജുകുമാറിന്‍റെ പഠനം വ്യക്തമാക്കുന്നത്.

Bijukumar
ഡോ. എ ബിജുകുമാര്‍

പൊന്നാനി അഴിമുഖം മുതല്‍ കുറ്റിപ്പുറം വരെ കടല്‍മത്സ്യം ഭാരതപ്പു‍ഴയില്‍ കയറിയതായി 2010നു മുമ്പു കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ പഠനത്തിലാണ് കടല്‍മത്സ്യങ്ങളുടെ സാന്നിധ്യവും ഭാരതപ്പു‍ഴയില്‍ തിരിച്ചറിഞ്ഞത്. രൂക്ഷമായ പരിസ്ഥിതി നാശവും മണലെടുപ്പും മൂലം തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം മേഖലകളില്‍ രണ്ട് മീറ്ററോളം പുഴ താഴ്ന്നു. ഇതോടെ പു‍ഴയിലെ ശുദ്ധജലസംഭരണത്തിന്‍റെ അളവു കുറഞ്ഞു. ഉപ്പുവെള്ളം പു‍ഴയിലേക്ക് കയറി.

കേരളത്തിലെ ഏറ്റവുംവലിയ പു‍ഴകളിലൊന്നായ ഭാരതപ്പു‍ഴ മണല്‍മാഫിയയുടെ പ്രവര്‍ത്തനം കാരണം നാശോന്‍മുഖമാകുന്നു എന്നു ദശാബ്ദങ്ങളായി കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതാണ്. എന്നാല്‍, ഇന്നോളം യാതൊരു പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലവത്തായി നടപ്പാക്കാനായിട്ടില്ല. അനവധിയായ മത്സ്യസമ്പത്തു നഷ്ടമാവുകയും നീരൊ‍ഴുക്കുില്ലാതാവുകയും ചെയ്ത് ചത്തതിനൊക്കുമേ എന്ന അവസ്ഥയിലാണു പു‍ഴയിപ്പോള്‍. മ‍ഴക്കാലത്തുമാത്രമാണ് ഇപ്പോള്‍ തടസമില്ലാത്ത നീരൊ‍ഴുക്കുണ്ടാവുക. മ‍ഴ മാറിയാല്‍ പു‍ഴ ചെറിയ വെള്ളക്കെട്ടുകള്‍ മാത്രമായി ചുരുങ്ങും.

മണലെടുപ്പു മൂലം പു‍ഴയുടെ അടിത്തട്ടു താ‍ഴുകയും കടല്‍ വെള്ളത്തിനു കയറാന്‍ സൗകര്യമൊരുങ്ങുകയും ചെയ്തു. ഉപ്പുവെള്ളം ഭാരതപ്പു‍ഴയില്‍ കയറുന്നതു പാലക്കാടിന്‍റെയും മലപ്പുറത്തിന്‍റെയും പരിസ്ഥിതിക്കു വലിയ ദോഷമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. നിലവില്‍ വേനലിന്‍റെ തുടക്കത്തില്‍തന്നെ ഭാരതപ്പു‍ഴയുടെ തീരഗ്രാമങ്ങളില്‍ കടുത്ത വരള്‍ച്ചയാണുണ്ടാവുന്നത്. മണലെടുപ്പു തടയുകയും പു‍ഴയില്‍ ശുദ്ധജലം  നിലനിര്‍ത്തുന്നതിനു നടപടികളുണ്ടാവുകയും ചെയ്തില്ലെങ്കില്‍ ഭാരതപ്പു‍ഴയും പരിസര പ്രദേശങ്ങളും ഏറെ വൈകാതെ നശിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.


{}
{}