• Today is: Friday, March 24, 2017

അബദ്ധത്തിലാണെങ്കിലും ച്യൂയിംഗ് ഗം വിഴുങ്ങിയാൽ എന്തു സംഭവിക്കും? ഒരു ഡോക്ടർ പറയുന്നത് കേൾക്കൂ

Chewing-Gum

ഒരു കഥയുണ്ട്. നാട്ടിൻപുറങ്ങളിലും മറ്റും പ്രചരിക്കുന്നത്. ച്യൂയിംഗ് ഗം വിഴുങ്ങരുത്. അത് കുടലിൽ ഒട്ടിപ്പിടിക്കും എന്ന്. ആ കഥയൊക്കെ വെറും കെട്ടുകഥയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇനി ഒരു പോലെ ആശ്വസിക്കാം. കാരണം എന്താണെന്നല്ലേ ച്യൂയിംഗ് ഗം കുടലിൽ ഒട്ടിപ്പിടിക്കുകയില്ലെന്നു മാത്രമല്ല മറ്റേതൊരു ആഹാരസാധനത്തെയും പോലെ രക്തത്തിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. പറയുന്നത് ഒരു ഡോക്ടർ തന്നെയാണ്.

ന്യൂയോർക്കിലെ ലംഗോൺ മെഡിക്കൽ സെന്ററിലെ ഗ്യാസ്‌ട്രോ എന്ററോളജി ഡോക്ടറായ ഡോ.ലിസ ഗഞ്ജു ആണ് ഇക്കാര്യം പറഞ്ഞത്. മറ്റേതൊരു ഭക്ഷണവും പോലെ തന്നെ ഇതും ശരീരത്തിന്റെ എല്ലായിടത്തും സഞ്ചരിക്കുമെന്നു ഡോ.ലിസ പറയുന്നു. നമ്മുടെ ആമാശയം അത്രമേൽ കരുത്തുറ്റതാണ്. ഏതൊരു കട്ടിയുള്ള ഭക്ഷണപദാർത്ഥത്തെയും ദഹിപ്പിച്ചു കളയാൻ അതിനു സാധിക്കുമെങ്കിൽ ച്യൂയിംഗ് ഗം ദഹിപ്പിക്കാനും അതിനു സാധിക്കുമെന്ന് ഡോ.ലിസ പറഞ്ഞു.

പക്ഷേ ഒരു കാര്യമുണ്ട്. ഇത്രയൊക്കെ കേട്ടിട്ട് ച്യൂയിംഗ് ഗം വിഴുങ്ങാം എന്നു കരുതാൻ വരട്ടെ. ച്യൂയിംഗ് ദഹിച്ചാലും അതിന്റെ അടിസ്ഥാന മൂലകം ദഹിക്കാതെ അകത്തുണ്ടാകും. കാരണം അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം തന്നെയാണെന്നു വ്യക്തം. മറ്റു ഭക്ഷണങ്ങളുടെ പോലെ ച്യൂയിംഗ് ഗമിലെ ഘടകങ്ങൾ രക്തത്തിൽ അലിഞ്ഞ് ചേർന്ന് ദഹനപ്രക്രിയ പൂർണമാകുന്നുമില്ല. പക്ഷേ, മറ്റു വസ്തുക്കളെ പോലെ തന്നെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. പക്ഷേ ഇതിനു അൽപം സമയം എടുക്കുമെന്നു മാത്രം.

പക്ഷേ എത്ര സമയം എടുത്താണ് ച്യൂയിംഗ് ഗം ദഹിക്കുകയെന്നും ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുകയെന്നു പറയാനാകില്ലെന്നും ഡോ.ലിസ പറയുന്നു. കാരണം ഓരോരുത്തരുടെയും ദഹനപ്രക്രിയ സംവിധാനം വ്യത്യസ്ത രീതിയിലാണെന്നതു തന്നെ.


{}
{}