• Today is: Monday, April 24, 2017

ലോകാവസാനത്തിന് മുന്നോടിയോ എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍; ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനയെന്നും വാദം; പ്രതിഭാസം 68 വര്‍ഷത്തിന് ശേഷം

Extra-Super-Moon

സാധാരണയിലും അധികം വലുപ്പത്തില്‍ കാണുന്ന സൂപ്പര്‍ മൂണ്‍ കാണാത്തവരായി ആരും ഉണ്ടാവില്ല. പൂര്‍ണ്ണചന്ദ്രന്‍ ആകാശത്ത് തിളങ്ങി നില്‍ക്കുന്നത് അസാമാന്യ സൗന്ദര്യത്തിലാണ്. കാഴ്ച ഏവരെയും ആകര്‍ഷിക്കുകയും ചെയ്യും. എന്നാല്‍ അതിലും വലുപ്പത്തില്‍ പൂര്‍ണ്ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടാലോ. ഇതിനെ ശാസ്ത്രലോകം എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കും.

എന്നാല്‍ ശാസ്ത്രലോകത്തിന്റെ വാദത്തിനൊപ്പം ചില ഭീതി കൂടി കൂട്ടിച്ചേര്‍ത്താണ് ലോകാവസാന വാദക്കാര്‍ നിലപാടെടുക്കുന്നത്. എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ സൂചനയാണ് എന്ന് ഇവര്‍ പറയുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനയാണ് ഇത് എന്നും ലോകാവസാനത്തിന്റെ ആരംഭമാണെന്നും പ്രതിവാദത്തില്‍ പറയുന്നു.

എസ്ട്രാ സൂപ്പര്‍ മൂണിനെപ്പറ്റി ബൈബിളില്‍ പരാമര്‍ശമുണ്ടെന്ന് പ്രതിവാദക്കാര്‍ അവകാശപ്പെടുന്നു. യേശുക്രിസ്തുവിന്റെ കല്ലറ തുറക്കുന്നതും വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന അതേ ആഴ്ചയിലാണെന്നും ലോകാവസാന വാദക്കാര്‍ പറയുന്നു. ബൈബിളിലെ ഇത്തരം പരാമര്‍ശമാണ് ചില ക്രൈസ്തവവിശ്വാസികള്‍ക്കിടയില്‍ ലോകാവസാന വാദത്തിന് കരുത്ത് പകരുന്നത്.

ചന്ദ്രന്‍ ഇതിന് മുന്‍പ് ഭൂമിയോട് ഇത്രയും അടുത്ത് വന്നത് 1948ലാണ്. ഈ വര്‍ഷമാണ് ഇസ്രയേല്‍ എന്ന രാജ്യം സ്വതന്ത്രമായത്. ഇതും ലോകാവസാന വാദത്തോട് കൂട്ടിവായിക്കുന്നു. ഇത് സംബന്ധിച്ച ആശങ്ക സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവയ്ക്കുന്നുണ്ട്.

വരുന്ന 14നാണ് എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുന്നത്. 68 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിഭാസം ആകാശത്ത് ദൃശ്യമാകുന്നത്. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയില്‍ നിന്നും 356,509 കിലോമീറ്റര്‍ അകലെയായിരിക്കും. സാധാരണ അകലത്തേതിനേക്കാള്‍ 50,000 കിലോമീറ്റര്‍ അടുത്താവും ചന്ദ്രന്റെ സാന്നിധ്യം.

ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നാണ് നാസയുടെ നിലപാട്. ഭൂമിയോട് അടുത്തെത്തുമ്പോള്‍ ചന്ദ്രനെ പതിവിലും വലുതായി തോന്നും. ഇത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മാത്രമാണിതെന്നും നാസ വ്യക്തമാക്കുന്നു. ഈ സമയത്ത് വേലിയേറ്റം കൂടുതലാകാമെന്ന് വാനനിരീക്ഷകരും പറയുന്നു.


{}