• Today is: Tuesday, January 24, 2017
SBI Buddy

മലിനമായ അന്തരീക്ഷത്തില്‍ കിതച്ച് രാജ്യതലസ്ഥാനം; മാലിന്യം സുരക്ഷിത പരിധിയിലും 13 മടങ്ങ് അധികം; 1,800 സ്‌കൂളുകള്‍ക്ക് അവധി

New-Delhi

ദില്ലി : കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെയും പുകമഞ്ഞിന്റെയും ഭീഷണിയില്‍ രാജ്യ തലസ്ഥാനം. ഇതോടെ ദില്ലിയിലെ 1,800 സ്‌കൂളുകള്‍ പൂട്ടി. വായുവിലെ മാലിന്യം സുരക്ഷിത പരിധിയേക്കാള്‍ 13 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

17 വര്‍ഷത്തെ ഏറ്റവും വലിയ അന്തരീക്ഷ മലിനീകരണമാണ് ദില്ലിയിലേത്.

തിങ്കളാഴ്ച വായുവിലെ മാലിന്യത്തിന്റെ അളവ് കുറയുകയാണെങ്കില്‍ മാത്രം സ്‌കൂള്‍ തുറന്നാല്‍ മതിയെന്നാണ് തീരുമാനം. ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ 1,800 സ്‌കൂളുകളില്‍ പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പുകപടലങ്ങളാണ് സാഹചര്യം വഷളാക്കിയത്. ഇതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന്റെ അവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നതുമാണ് സാഹചര്യം വഷളാക്കി. വായുവിലെ പരുക്കന്‍ മാലിന്യ വസ്തുക്കളുടെ അളവ് ക്യുബിക് മീറ്ററില്‍ 1,200 മൈക്രോഗ്രാമിലേക്ക് ഉയര്‍ന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

Air-Pollution

കടുത്ത പുക മൂടിയ അന്തരീക്ഷത്തില്‍ വാഹനമോടിക്കുന്നത് വെല്ലുവിളിയാണെന്ന് നഗരവാസികള്‍ പറഞ്ഞു. കണ്ണുനീറുന്നതും ശ്വാസതടസ്സമുണ്ടാകുന്നതും പതിവായിട്ടുണ്ട്. തൂവാലയും മാസ്‌കും കൊണ്ട് വായയും മൂക്കും മൂടിക്കെട്ടിയാണ് ആളുകള്‍ പുറത്തേക്കിറങ്ങുന്നത്. ദില്ലി മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുമ്പോഴും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

ലോക ആരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും അന്തരീക്ഷമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ ഒന്നാണ് ദില്ലി. മലിനീകരണത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന മാരകരോഗങ്ങള്‍ ദില്ലിയിലെ ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ ഇടിവുണ്ടാക്കിയേക്കുമെന്നും ആരോഗ്യസംഘടനകള്‍ പറയുന്നു.


{}
{}