• Today is: Tuesday, January 24, 2017
SBI Buddy

നമ്മള്‍ ഉപ്പുകൂട്ടി വിളിച്ചുവരുത്തുന്നതു മാരകരോഗങ്ങള്‍; ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപയോഗം ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നതിന്‍റെ ഇരട്ടിയലധികം

salt

ദില്ലി: ഇന്ത്യക്കാര്‍ ഉപ്പുപയോഗിക്കുന്നതു യഥാര്‍ഥത്തില്‍ ഉപയോഗിക്കേണ്ടതിന്‍റെ ഇരട്ടിയിലധികമെന്നു പഠനറിപ്പോര്‍ട്ട്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തിന്‍റെ ഇന്ത്യ സ്പെന്‍ഡ് അനാലിസിസിലാണു ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ദിവസം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതു ശരാശരി 10.98 ഗ്രാം ഉപ്പാണെന്നും ഇത് യഥാര്‍ഥത്തില്‍ വേണ്ടതിന്‍റെ 119 ശതമാനമാണെന്നുമാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കടുത്ത രക്തസമ്മര്‍ദവും ഹൃദ്രോഗങ്ങളും വിളിച്ചുവരുത്തുന്നതാണ് ഇന്ത്യക്കാരുടെ ഈ ശീലമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചു ഗ്രാം ഉപ്പു മാത്രമാണ് ഒരാള്‍ ശരാശരി ഒരു ദിവസം ക‍ഴിക്കേണ്ടത്. ഈ സ്ഥാനത്താണ് 10.98 ഗ്രാം ഉപ്പ് ശരീരത്തിലെത്തുന്നത്. പത്തൊമ്പതു വയസിനു മുകളിലുള്ള 2,27,214 പേരിലാണ് പഠനം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ പല തരത്തിലാണ് ഉപ്പിന്‍റെ ശരാശരി ഉപയോഗം കണ്ടെത്തിയത്. 5.22ഗ്രാം മുതല്‍ 42.30 ഗ്രാം വരെ ഉപ്പുപയോഗിക്കുന്ന ജനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്.

നഗരങ്ങളിലും ഉത്തര്‍പ്രദേശ്, ഉത്തര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങിലുമാണ് ഏറ്റവും കുറവ് ഉപ്പ് ഉപയോഗമുള്ളത്. ആറു മുതല്‍ ഏ‍ഴു വരെ ഗ്രാം ഉപ്പാണ് ഇവിടെയുള്ളവര്‍ ശരാശരി ഒരു ദിവസം ഉപയോഗിക്കുന്നത്. ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നത്. 13.14 ശതമാനം ഉപ്പാണ് ഇവിടെ ശരാശരി ദിവസവും ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ ഉയര്‍ന്ന ഉപ്പിന്‍റെ ഉപയോഗം ഹൃദയധമനിയുടെയും ഹൃദയപേശികളുടെയും രോഗങ്ങള്‍ക്കു കാരണമാകും. ഉപ്പിന്‍റെ ഉപയോഗം കാരണമായ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുകയാണു വേണ്ടതെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നത്.

2025 ആകുമ്പോ‍ഴേക്ക് ഇന്ത്യയിലെ ഉപ്പുപയോഗത്തിന്‍റെ അളവ് ഇപ്പോ‍ഴത്തേതിലും മുപ്പതു ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രായപൂര്‍ത്തിയായവര്‍ ദിവസം അഞ്ചു ഗ്രാമായി ഉപ്പിന്‍റെ ഉപയോഗം നിജപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. അയോഡൈസ്ഡോ, ഫോര്‍ട്ടിഫൈഡോ ആയ ഉപ്പു മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.


{}
{}