• Today is: Sunday, April 30, 2017

തിരുവനന്തപുരത്തുണ്ട് ഒരു പ്രേതബംഗ്ലാവ്; 25 GB, 1951: രണ്ടു യുവാക്കള്‍ നടത്തിയ യാത്രയില്‍ കണ്ടതും അനുഭവിച്ചതും

bonacaud-bungalow-1

തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശങ്ങളിലെന്നാണ് അഗസ്ത്യ മലനിരകളുടെ കീഴിലെ ബോണക്കാട്. പ്ലാന്റേഷന്‍ പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ബംഗ്ലാവും ബോണക്കാടുണ്ട്. ബംഗ്ലാവ് ജിബി 25 എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. വിജനമായ പ്രദേശത്തെ ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണുള്ളത്. രാത്രികളില്‍ അമാനുഷിക ശക്തികളുടെ വിഹാരകേന്ദ്രമാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അങ്ങനെ നിരവധി ദുരൂഹതകള്‍ നിറഞ്ഞ 25 ജിബി ബംഗ്ലാവിലേക്ക് രണ്ടു സുഹൃത്തുക്കള്‍ നടത്തിയ യാത്രാവിവരണം താഴെ വായിക്കാം. സഞ്ചാരി ഗ്രൂപ്പില്‍ അമര്‍ അക്ബര്‍ ആന്റണി എന്ന യുവാവാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും 55 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബോണക്കാട് ബംഗ്ലാവ്. മുന്‍പ് പല തവണ ബോണക്കാട് പോയിട്ടുണ്ടെങ്കിലും കാടിനുള്ളില്‍ ഇങ്ങനെയൊരു പ്രേതക്കോട്ടയുണ്ടെന്നറിയാന്‍ ഈ അടുത്ത കാലത്ത് വായിച്ച ഫേസ്ബുക്ക് പോസ്റ്റ് വേണ്ടി വന്നു. ഇപ്പോ തള്ളേതാ സത്യമേതാ എന്നറിയാന്‍ പറ്റാത്ത സ്ഥിതിയായതു കൊണ്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തേക്കാമെന്നു കരുതി.

Haunted places in kerala എന്നു സേര്‍ച്ചു കൊടുത്തു. അതാ വരുന്നു പ്രേതങ്ങള്‍ ചറപറാ. ലിസ്റ്റില്‍ ഒന്നാമതായി തന്നെ GB 25 bungalow bonacaud ഉണ്ട്. അപ്പോ തള്ളല്ല സമാധാനമായി. എന്നാലും എന്റെ വീട്ടില്‍ നിന്നും 25 km മാത്രം ദൂരത്തില്‍ ഇങ്ങനെയൊരു ത്രില്ലിംഗ് സാധനമുണ്ടെന്ന് ഞാനറിഞ്ഞില്ല ആരും പറഞ്ഞില്ല. കിട്ടിയ വിവരം പ്രകാരം ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗളാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗളാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗളാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ.

അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗളാവിലേക്കു തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗളാവിന്റെ പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി. ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗളാവ് കൂടുതല്‍ വിജനമാവുകയായിരുന്നു.
bonacaud-bungalow-6

കഥ കേട്ട് ത്രില്ലടിച്ച ഞാന്‍അടുത്ത ദിവസം തന്നെ നന്‍പനേയും കൂട്ടി ബൈക്കെടുത്ത് ബോണക്കാടിനു വിട്ടു. വഴിയിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ ഒരു ചെറിയ കള്ളം പറയേണ്ടി വന്നു ബോണക്കാട് ഒരാളെ കാണാന്‍ പോവുകയാണെന്ന്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നാണല്ലോ. ചെക്ക് പോസ്റ്റ് കഴിഞ്ഞ് 12 കിലോമീറ്ററോളം സാമാന്യം നല്ല കാട്ടില്‍ കൂടി തന്നെയാണ് യാത്ര. ഒരു മുന്നറിയിപ്പുമില്ലാതെ കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്റ്റേറ്റ് തുടങ്ങുകയാണ്. ഇച്ഛാശക്തിയുടെ പായ്ക്കപ്പലേറി വന്ന വെള്ളക്കാര്‍ 150 വര്‍ഷം മുന്‍പ് ഇവിടെ അഗസ്ത്യ മലയുടെ താഴ്വാരത്തിലും എത്തിച്ചേര്‍ന്നു. അവന്റെ തണുത്ത ജീവിതത്തിനു ചൂടു പകരാന്‍ കാടു വെട്ടിത്തെളിച്ച് തേയിലച്ചെടികള്‍ നട്ടു.

ആ തോട്ടങ്ങളില്‍ അട്ട കടിയുമേറ്റ് ആയിരങ്ങള്‍ പണിയെടുത്തു വളര്‍ത്തിയെടുത്തതാണീ കാണുന്ന 2500 ഏക്കര്‍ വരുന്ന ബോണക്കാട് എസ്സേറ്റ്. പക്ഷേ ഇവരുടെ അധ്വാനമത്രയും പാഴായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തകര്‍ച്ചയിലാണ് ഇന്ന് എസ്റ്റേറ്റിന്റെ അവസ്ഥ. തോട്ടങ്ങള്‍ കാടു പിടിച്ചു കിടക്കുന്നു. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളൊക്കെയും ജീര്‍ണ്ണാവസ്ഥയിലാണ്. ചില ലയങ്ങളിലൊക്കെ താമസക്കാരുമുണ്ട്. സുവര്‍ണ്ണ കാലത്ത് 2000 ല്‍ അധികം പേര്‍ താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രം. ഇവരില്‍ തന്നെ സ്ഥിര താമസക്കാര്‍ വിരരിലെണ്ണാവുന്നവര്‍ മാത്രം. പത്തിരുപത് വര്‍ഷം മുന്‍പ് തൊഴിലാളി സമരത്തെ തോട്ടവും ഫാക്ടറിയും തുടര്‍ന്ന് പൂട്ടിപ്പോയെങ്കിലും മാനേജ്‌മെന്റ് നഷ്ട പരിഹാരവും ആനുകൂല്യങ്ങളും നല്‍കുമെന്ന പ്രതീക്ഷയാണ് ചിലരെയെങ്കിലും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. ഓണ നാളുകളിലുംലും പട്ടിണി കിടക്കേണ്ടി വരുന്ന ബോണക്കാട്ടുകാരുടെ അവസ്ഥ നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. ഇവര്‍ കൂടി കൈയ്യൊഴിഞ്ഞിരുന്നെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു പ്രേത ഗ്രാമമായി മാറിയേനെ.

bonacaud-bungalow-5
ബോണക്കാട് ടാര്‍ റോഡ് അവസാനിക്കുകയാണ്. ബംഗ്ലാവിന്റെ അടയായാളം പറഞ്ഞിരിക്കുന്നത് ബംഗ്‌ളാവിന്റെ പരിസരത്ത് മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ക്രിസ്മസ് മരമാണ്. വണ്ടി നിര്‍ത്തി ചുറ്റും വീക്ഷിച്ചു. ദൂരെ മലയുടെ ഉച്ചിയില്‍ കാടിനു നടുവില്‍ സ്തൂപം പോലെ ക്രിസ്മസ് ട്രീ കാണാനായി, എന്നാല്‍ അതിന്റെ അടുത്ത് ഒരു ബംഗ്ലാവ് ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാനുമില്ല. രണ്ടും കല്‍പ്പിച്ച് മലയിലേക്ക് കയറി പോകുന്ന മണ്‍ റോഡിലേക്ക് വണ്ടി തിരിച്ചു. ആദ്യത്തെ കുറച്ചു ദൂരം ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളൊക്കെ കാണാമെങ്കിലും പിന്നീടങ്ങോട്ട് തീര്‍ത്തും വിജനമാണ് വഴി. വെട്ടിയൊതുക്കാത്ത തേയിലച്ചെടികള്‍ റോഡിലേക്ക് വളര്‍ന്ന് യാത്രാ തടസ്സം സൃഷ്ടിക്കുന്നു.

മുകളിലേക്ക് പോകും തോറും വഴി മോശമായി വരുന്നു. വണ്ടിയുടെ ക്‌ളച്ച് താങ്ങി ക്‌ളച്ച് കരിയുന്ന മണം വന്നു തുടങ്ങി. വൈകാതെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ കണ്ടു തുടങ്ങി. കുറച്ചു കൂടി മുന്നോട്ടു പോകുമ്പോ വഴി ഇടത്തേക്ക് തിരിയുന്നു. വഴിയുടെ വശങ്ങളില്‍ ബംഗളാവിലെ ജോലിക്കാരുടേതെന്നു തോന്നിക്കുന്ന ലയങ്ങള്‍ തകര്‍ന്നു കിടക്കുന്നു. സപ്പോട്ട, മാവ്, പേരയ്ക്ക, അവക്കാഡോ തുടങ്ങിയ ഫല വൃക്ഷങ്ങളും ഇവിടെയൊക്കെ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഒരു 50 മീറ്റര്‍ കൂടി മുന്നോട്ടു പോകുമ്പോ തുരുമ്പിച്ച ഒരു ഗേറ്റ് കാണാനായി ഗേറ്റിനപ്പുറം ചാര നിറത്തില്‍ നിഗൂഢതകളുടെ ബംഗളാവ് കാണാം. ഗേറ്റിന് ഇടതു വശത്ത് ബംഗളാവിന്റെ പേരും നിര്‍മ്മിച്ച വര്‍ഷവും കൊത്തി വച്ചിരിക്കുന്നു.

 

bonacaud-bungalow-2

 

25 GB
DATE BUILT 1951.
ചെറിയ ഭയാശങ്കകളോടെ ഗേറ്റ് തള്ളിത്തുറന്നു. തുറക്കാന്‍ ഒന്നു വിസമ്മതിച്ചങ്കിലും ഒരു ഞരക്കത്തോടെ ഗേറ്റ് തുറന്നു. പരിപൂര്‍ണ്ണ നിശബ്ദതയും വിജനതയും പ്രതീക്ഷിച്ച് ബംഗളാവിന്റെ മുറ്റത്തെത്തിയ ഞാന്‍ ഞെട്ടിപ്പോയി. കുറേ പശുക്കള്‍ ബംഗളാവിന്റെ പരിസരത്ത് അലഞ്ഞു തിരിയുന്നു. നോക്കി നില്‍ക്കേ രണ്ടു പശുക്കള്‍ ബംഗ്ലാവിനുള്ളില്‍ നിന്നും ഇറങ്ങി വന്നു. എനിക്ക് സ്ഥലം മാറിപ്പോയതാണോ അതോ പശുക്കള്‍ക്ക് മാറിപ്പോയതോ. ഇതിനൊന്നും ഉടമസ്ഥനുണ്ടെന്നു തോന്നുന്നില്ല കഴുത്തില്‍ ഒരു തുണ്ടു കയറു പോലുമില്ല പിന്നെ മേലാസകലം ചൊറിയും ചിരങ്ങും കീടങ്ങളും ആരെങ്കിലും പശുകളെ കാട്ടില്‍ ഇങ്ങനെ തുറന്നു വിടുമോ?

പശുക്കളെ ഓടിച്ചു വിട്ടിട്ട് ഞങ്ങള്‍ ബംഗ്ലാവ് ചുറ്റിക്കാണാന്‍ തുടങ്ങി. കരിങ്കല്ല് കൊണ്ട് കെട്ടിയെടുത്ത് മുകളില്‍ ആസ്ബറ്റോസ് കൊണ്ട് മേല്‍ക്കൂര പാകിയ ഒരു വലിയ കെട്ടിടം. മേല്‍ക്കൂരയില്‍ പായല്‍ പിടിച്ച് പുല്ല് വളര്‍ന്നിരിക്കുന്നു. ബംഗളാവിന്റെ ഉള്‍വശം വിശാലമാണ്. നിലം മുഴുവന്‍ ചാണകം കൊണ്ട് നിറഞ്ഞിരിക്കുന്നു. ജനല്‍ പാളികളും വാതിലുകളും ഇളക്കി മാറ്റിയിരിക്കുന്നു തല്‍സ്ഥാനത്ത് കട്ടിളകള്‍ മാത്രം അവശേഷിക്കുന്നു. പ്രേത ബംഗളാവ് എന്നൊക്കെയാണ് പേരെങ്കിലും അകത്തു കയറിയാല്‍ എത്തിപ്പെട്ടത് ഒരു പബ്ലിക് ടോയ്‌ലറ്റിലാണോ എന്നു സംശയിക്കും വിധം കെങ്കേമമാണ് ചുവരിലെ കലാപരിപാടികള്‍. പുളിച്ച നാടന്‍ തെറി മുതല്‍ പ്രേതത്തിന് ഒരു രാത്രിക്ക് എത്ര റേറ്റ് വരും എന്ന ചോദ്യം വരെയുണ്ട് കൂട്ടത്തില്‍. പ്രേതക്കോട്ടയാണെങ്കിലും പത്മനാഭപുരം കൊട്ടാരമാണെങ്കിലും മലയാളികളുടെ മനോഭാവം ഒന്നു തന്നെ.

 

bonacaud-bungalow-4

 

സ്വീകരണ മുറിയിലും കിടപ്പു മുറിയിലും തീ കാഞ്ഞ് തണുപ്പകറ്റാനുള്ള നെരിപ്പോട്. തറ ഒരുക്കിയിരിക്കുന്നത് പരുക്കന്‍ മൊസേക്ക് കൊണ്ട്. വിശാലമായ നാലു മുറികളും ബാത്ത് ടബ്ബ് ഉള്‍പ്പടെയുള്ള കുളിമുറികളും ആകെക്കൂടെഒരു ആഢംബര മയം. അളവു കണക്കുകളും നിര്‍മ്മാണ രീതിയും വച്ച് ഈ ബംഗളാവിന് കൊളോണിയല്‍ ബംഗളാവുകളേക്കാള്‍ ആധുനിക വീടുകളോടാണ് സാമ്യം കൂടുതല്‍. തനി കൊളോണിയല്‍ രീതിയില്‍ നിര്‍മ്മിച്ച മറ്റൊരു ബംഗളാവു കൂടി ബോണക്കാടുണ്ട്. അകമെല്ലാം ചുറ്റിക്കണ്ട ശേഷം പുറത്തിറങ്ങി. മുറ്റത്തു നിന്നു നോക്കിയാല്‍ ദൂരെ പേപ്പാറ റിസര്‍വോയര്‍ കാണാം. ബംഗളാവിന്റെ വശത്ത് കറ്റാടി മരവും ദേവദാരു മരവും ക്രിസ്മസ് ട്രീയും മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു. ഒരാള്‍ പിടിച്ചാല്‍ എത്താത്ത കനമുണ്ട് ഇവയുടെ അടി ഭാഗത്തിന്.

ബംഗളാവിനെ ചുറ്റി കാട് വളര്‍ന്നു നില്‍ക്കുന്നു. ബംഗളാവിലെ ജോലിക്കാരുടേതെന്ന് തോന്നിപ്പിക്കുന്ന ലയങ്ങള്‍ കാട് വിഴുങ്ങിയിരിക്കുന്നു. ഇവയ്ക്കിടയിലൂടെ ഒരു നടപ്പാത കാട്ടിലേക്ക് പോവുന്നു. കാട്ടിനുള്ളില്‍ അങ്ങിങ്ങ് ഫലവൃക്ഷങ്ങളുണ്ട്. കുറച്ച് അവക്കാഡോ പഴങ്ങള്‍ പറിക്കാമെന്ന ചിന്തയില്‍ കാടിനുള്ളിലേക്കു കയറി, ഒരു അമ്പത് മീറ്റര്‍ പോയിക്കാണും വലതു വശത്ത് എന്റെ തൊട്ടടുത്തായി കരിയില ഞെരിയുന്ന ശബ്ദവും മൃഗങ്ങളുടെ മാതിരി ഒരു മുരള്‍ച്ചയും കേട്ടു. ശേഖരിച്ച പഴങ്ങള്‍ വഴിയിലുപേക്ഷിച്ച് തിരിഞ്ഞോടി തിരികെ ബംഗളാവില്‍ ചെന്നു. സന്ധ്യയാകും വരെ ഫോട്ടോയെടുത്ത് അവിടെ ചുറ്റി നടന്നു.

 

bonacaud-bungalow-3

 

ബംഗളാവും പരിസരവും പകല്‍ ശാന്തവും ഒരു ടൂറിസ്റ്റ് സ്‌പോട്ട് പോലെ സുന്ദരവുമാണ്, എന്നാല്‍ സന്ധ്യയാവുമ്പോള്‍ ചിത്രം മാറുകയായി. ആകാശം ചുവന്നു തുടങ്ങുമ്പോള്‍ കാടിനെന്തോ ഒരു ഭാവ മാറ്റം, കാറ്റിനു ശക്തി കൂടി കൂടി വരുന്നു. കാറ്റാടി മരങ്ങള്‍ ജ്വരം ബാധിച്ച പോലെ നിന്നു തുള്ളി. ക്രിസ്മസ് ട്രീ കാറ്റു പിടിച്ച് ബംഗളാവിന്റെ മേല്‍ക്കൂരയ്ക്കു മേലെ വില്ലു പോലെ ചാഞ്ഞു വന്നു. ചുറ്റുമുള്ള കാട്ടില്‍ നിന്ന് അപരിചിതമായ ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. എന്റെ മനസ്സിലും അകാരണമായ ഒരു ഭയം വളര്‍ന്നു. കൂടെ വന്നവന്‍ കുറേ നേരമായി പോകാമെന്നു പറയുന്നു, ഇന്നേരമത്രയും ഞാനവനെ സമാധാനിപ്പിച്ച് നിര്‍ത്തുകയായിരുന്നു.

ഇപ്പോ എനിക്കും ഈ നശിച്ച സ്ഥലത്തു നിന്ന് എത്രയും പെട്ടെന്ന് പോയാല്‍ മതിയെന്നായി. ഇവിടത്തെ വായുവില്‍ ഒരാത്മാവ് അലഞ്ഞു നടക്കുന്നുണ്ടെന്ന ചിന്ത എന്നെ കിടിലം കൊള്ളിച്ചു കൊണ്ടേയിരുന്നു. ധൃതിയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് പണ്ടാരം സ്റ്റാര്‍ട്ടാകുന്നുമില്ല. അഞ്ചു മിനുട്ട് നേരത്തെ അധ്വാനത്തിലൊടുവിലാണ് മനസ്സിലായത് കീ ഓണാക്കിയിട്ടില്ല. ഇന്നേരമത്രയും കൂടെയുള്ള നന്‍പന്‍ തെണ്ടി മനസ്സമാധാനം തരാതെ ഒരോന്നു പറഞ്ഞു കൊണ്ടേയിരുന്നു. നേരത്തെ കാട്ടില്‍ വച്ചു കേട്ട മുരള്‍ച്ച ഒരു മനുഷ്യന്‍ ചുമച്ചതല്ലേ എന്ന് അവനിപ്പോ ഒരു സംശയം. വണ്ടിയുമെടുത്ത് ബോണക്കാടെത്തിയപ്പോഴാണ് എന്റെ ശ്വാസം നേരേ വീണത്. തിരികെ മലയിറങ്ങുമ്പോള്‍ ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചിരുന്നു എല്ലാ വിധ തയാറെടുപ്പുകളോടും കൂടി ഒരിക്കല്‍ കൂടി ഇവിടെ വരണം ഒരു രാത്രി തങ്ങാന്‍.


{}