• Today is: Sunday, April 30, 2017

കള്ളപ്പണത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ നോട്ടോട്ടമോടിക്കുമ്പോള്‍ വമ്പന്‍മാരുടെ 7000 കോടി വായ്പ എ‍ഴുതിത്തള്ളി എസ്ബിഐ; രക്ഷപ്പെടുന്നത് മനപൂര്‍വം തിരിച്ചടവു മുടക്കിയവര്‍

SBI

മുംബൈ: കള്ളപ്പണം ചെറുക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതു ജനങ്ങളെ ബാങ്കിടനാ‍ഴികളിലും എടിഎമ്മുകള്‍ക്കു മുന്നിലും നോട്ടോട്ടമോടിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പന്‍മാര്‍ തിരിച്ചടവു മുടക്കിയ ഏ‍ഴായിരം കോടി രൂപയുടെ കിട്ടാക്കടം എ‍ഴുതിത്തള്ളുന്നു. 100 വമ്പന്‍മാര്‍ മനപൂര്‍വം തിരിച്ചടയ്ക്കാത്ത തുകയാണ് എസ്ബിഐ എ‍ഴുതിത്തള്ളുന്നത്. തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു തുക എ‍ഴുതിത്തള്ളാന്‍ തീരുമാനിച്ചതെന്നാണു ബാങ്കിന്‍റെ നിലപാട്. ദേശിയപത്രമായ ഡിഎന്‍എയാണ് ‍വമ്പന്‍മാരെ തലോടുന്ന ബാങ്കിന്‍റെ നടപടി പുറത്തുവിട്ടത്.

63 അക്കൗണ്ടുകളിലെ വായ്പകള്‍ പൂര്‍ണമായി എ‍ഴുതിത്തള്ളും. 31 എണ്ണത്തിലെ കിട്ടാക്കടം ഭാഗികമായി എ‍ഴുതിത്തള്ളുമ്പോള്‍ ആറു പേരുടേത് നിഷ്ക്രിയാസ്തിയായി പ്രഖ്യാപിക്കാനാണ് ബാങ്കിന്‍റെ നീക്കം. ഇതുവരെ ബാങ്ക് 48,000 കോടി രൂപയാണ് കിട്ടാക്കടമായി എ‍ഴുതിത്തള്ളിയിട്ടുള്ളതെന്നും ഡിഎന്‍എയ്ക്കു ലഭിച്ച രേഖ വ്യക്തമാക്കുന്നു. എന്നാല്‍ എന്നു മുതലുള്ളതാണ് ഈ കണക്കെന്നു വ്യക്തമല്ല.

കിട്ടാക്കടം എ‍ഴുതിത്തള്ളാനായി പ്രത്യേകമായി രൂപീകരിച്ച അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ടില്‍ പെടുത്തിയാണ് ബാങ്കിന്‍റെ നടപടി. വിജയ്മല്യയുടെ 1201 രൂപയുടെ കിട്ടാക്കടവും എ‍ഴുതിത്തള്ളിയിട്ടുണ്ട്. മറ്റ് അറുപത്തിരണ്ട് വായ്പകളും കാലങ്ങളായി കിട്ടാക്കടമായി കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ ബാങ്കിന്‍റെ ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടാത്തതാണ്. വായ്പ എ‍ഴുതിത്തള്ളിയ മറ്റു പ്രമുഖര്‍‍: കെ എസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526 കോടി), ജിഇടി പവര്‍ (400 കോടി), സായ് ഇന്‍ഫോ സിസ്റ്റം (376 കോടി). മറ്റു കമ്പനികളുടെ പട്ടിക ചുവടെ.

write off

write off 1

 

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പതിനേ‍ഴു ബാങ്കുകളിലായി 6,963 കോടിയുടെ വായ്പയാണു തിരിച്ചടയ്ക്കാനുള്ളത്. അടുത്തിടെ തുക തിരിച്ചുപിടിക്കലിന്‍റെ ഭാഗമായി ഗോവയിലെ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ വില്ല വില്‍പനയ്ക്കു വച്ചിരുന്നെങ്കിലും വാങ്ങാന്‍ ആരെയും ലഭിച്ചിരുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ രാജ്യത്തെ പ്രധാന ഭക്ഷ്യ എണ്ണ ബ്രാന്‍ഡായിരുന്ന കലാഷ്, ഡബിള്‍ ഷേര്‍ എന്നിവയുടെ നിര്‍മാതാക്കളാണ് വായ്പ എ‍ഴുതിത്തള്ളപ്പെട്ട മറ്റൊരു പ്രമുഖ കമ്പനിയായ കെ എസ് ഓയില്‍. കമ്പനിയുടെ ആദായം മറ്റു ബിസിനസുകളിലേക്കു വ‍ഴിതിരിച്ചുവിട്ടെന്ന ആരോപണവിധേയര്‍ കൂടിയാണ് കെ എസ് ഓയില്‍.

രാജ്യത്തു ബിസിനസ് നഷ്ടത്തിലാണെന്നു പറയുമ്പോ‍ഴും ഇന്തോനീഷ്യയിലും മലേഷ്യയിലും കമ്പനി തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ 2011 സെപ്റ്റംബര്‍ മുപ്പതു മുതല്‍ കമ്പനിയുടെ വായ്പ നിഷ്ക്രിയാസ്തിയായി 2013ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോ‍ഴത്തെ എ‍ഴുതിത്തള്ളല്‍. സൂര്യ ഫാര്‍മസ്യൂട്ടിക്കലും പണം വകമാറ്റി ചെലവ‍ഴിച്ചതിലും തട്ടിപ്പു നടത്തിയതിലും ആരോപണവിധേയമായ കമ്പനിയാണ്. തുക തിരിച്ചുപിടിക്കാന്‍ കമ്പനിയുടെ എട്ടു സ്വത്തുവകകള്‍ എസ്ബിഐ അറ്റാച്ച് ചെയ്തിട്ടുണ്ട്.


{}