• Today is: Sunday, January 22, 2017
SBI Buddy

സുരേഷ് ഗോപീ ഒരു മയത്തിലൊക്കെ തള്ള്; മുകേഷ് എംഎല്‍എ ഔഡി രജിസ്റ്റര്‍ ചെയ്തത് തൃപ്പൂണിത്തുറയിലാണ്; നികുതിവെട്ടിപ്പിന് വിമര്‍ശിക്കപ്പെട്ടപ്പോള്‍ സുരേഷ് ഗോപിയുടെ തൊടു ന്യായം പൊളിയുന്നു

mukesh-car

തിരുവനന്തപുരം: പുതുച്ചേരിയില്‍ ഔഡി കാര്‍ രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിച്ചെന്ന് ആരോപണ വിധേയനായ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി നടനും എംഎല്‍എയുമായ മുകേഷനെതിരേ ഉയര്‍ത്തിയ ആരോപണം പൊളിയുന്നു. മുകേഷ് ഔഡി രജിസ്റ്റര്‍ ചെയ്തതു കേരളത്തിലെ തൃപ്പൂണിത്തുറയിലാണെന്നു വ്യക്തമാക്കി കേരള മോട്ടോര്‍ വാഹന വകുപ്പിന്‍റെ രേഖകള്‍. പുതുച്ചേരിയില്‍ ഔഡി രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ തന്‍റെ തെറ്റു മറയ്ക്കാന്‍ മുകേഷിനെ കരുവാക്കിയ സുരേഷ്ഗോപിയുടെ തൊടുവാദമാണ് പൊളിഞ്ഞടുങ്ങുന്നത്.

സംസ്ഥാന നികുതി നല്‍കാതിരിക്കാനാണു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേഷ് ഗോപിക്കെതിരേ ഉയര്‍ന്ന ആരോപണം. എന്നാല്‍, വാഹന നികുതി ഒ‍ഴിവാക്കാനല്ല പിവൈ രജിസട്രേഷന്‍ എടുത്തതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കു പരിഭ്രാന്തിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇക്കാര്യത്തില്‍ പ്രതികരിക്കവേയാണ് മുകേഷിനെതിരേ അടിസ്ഥാന രഹിതമായ ആരോപണം സുരേഷ് ഗോപി ഉന്നയിച്ചത്.

mukesh RC

മുകേഷ് കാറിന്‍റെ രജിസ്റ്റര്‍ നമ്പര്‍ എവിടെന്ന് എടുത്തെന്നും എത്ര രൂപ നികുതി മുക്കിയെന്നും പരിശോധിക്കണമെന്നായിരുന്നു ബിജെപി എംപിയുടെ ആവശ്യം. ഇക്കാര്യത്തില്‍ പരിശോധന നടത്തിയപ്പോ‍ഴാണ് ഔഡി ക്യു 5 കാര്‍ മുകേഷ് തൃപ്പൂണിത്തുറയില്‍ കെ എല്‍ 39 ജി 4099 എന്ന നമ്പരായാണു രജിസ്റ്റര്‍ ചെയ്തതെന്നു വ്യക്തമായത്. കാറിനു നികുതി അടച്ചതിന്‍റെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പു സമയത്തു മുകേഷ് സമര്‍പ്പിച്ച സ്വത്തുവിവരക്കണക്കിലും വ്യക്തമാണ്.

സുരേഷ് ഗോപി പുതുച്ചേരിയിലാണ് ഔഡി രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്നലെ സമൂഹമാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു തുടക്കം. തുടര്‍ന്ന്, വിശദമായ ചര്‍ച്ചകളുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുകേഷിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള സുരേഷ്ഗോപിയുടെ പ്രതികരണം. ബിജെപിയുടെ കേരളത്തില്‍നിന്നുള്ള ഏക എംപി കൂടിയായ സുരേഷ് ഗോപി നികുതിവെട്ടിച്ചു എന്നുള്ളതു ഗുരുതരമായ ആരോപണമാണ്.

mukesh-affidavit-11

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വന്‍തോതില്‍ നികുതിയിളവു കിട്ടും. കേരളത്തിലാണെങ്കില്‍ അഞ്ചര ലക്ഷം രൂപയാണ് സുരേഷ് ഗോപി വാങ്ങിയ കാറിന് നികുതിയടക്കേണ്ടത്. പുതുച്ചേരിയിലാണെങ്കില്‍ 55000 രൂപ മതി. പുതുച്ചേരിയില്‍ ഒരു വിലാസമുണ്ടെങ്കില്‍ അവിടെത്തന്നെ കാര്‍ രജിസ്റ്റര്‍ ചെയ്യാം. പലപ്പോ‍ഴും ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍നിന്ന് എടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏറെയായതും ഇക്കാരണം കൊണ്ടാണ്. എ‍ഴുപത്തഞ്ചു ലക്ഷത്തോളം രൂപയാണ് സുരേഷ് ഗോപി വാങ്ങിയ ഔഡി ക്യു 7 കാറിന്‍റെ വില.

 

Read Also

 


{}