• Today is: Wednesday, February 22, 2017

നോട്ട് അസാധുവാക്കല്‍ കാര്‍ വ്യവസായത്തെ തകര്‍ത്തു; ഇന്ത്യയില്‍ കാറുകളുടെ വില്‍പനയില്‍ കാര്യമായ കുറവ്; ഈ മാസം കാറുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചേക്കും

Car-Market

ദില്ലി: രാജ്യത്ത് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി തകര്‍ത്തതു രാജ്യത്തെ കാര്‍ വ്യവസായത്തെയും. നോട്ടുകള്‍ അസാധുവാക്കുകയും ബാങ്കിംഗ് ഇടപാടുകള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത ക‍ഴിഞ്ഞ മാസം രാജ്യത്തെ കാര്‍ വില്‍പന കുത്തനെ ഇടിഞ്ഞു. വില്‍പനയില്‍ നേരിട്ട ഇടിവിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം കാര്‍ വ്യവസായത്തെ ശക്തിപ്പെടുത്താനായി കമ്പനികള്‍ വന്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചേക്കുമെന്നു സൂചന.

വിവിധ കമ്പനികള്‍ ഇന്ത്യന്‍ നിരത്തിലേക്കു പുതിയ മോഡലുകള്‍ കൊണ്ടുവരാനിരിക്കേയാണു നോട്ട് അസാധുവാക്കലിന്‍റെ ഫലമായി വ്യവസായത്തില്‍ കാര്യമായ തളര്‍ച്ചയുണ്ടായത്. കുറച്ചു മാസം കൂടി ഈ തളര്‍ച്ചയുണ്ടാകുെമന്നാണു കാര്‍ വ്യവസായ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ വില്‍പന വര്‍ധിപ്പിക്കാനായി കൂടുതല്‍ ഡിസ്കൗണ്ടുകള്‍ ഏര്‍പ്പെടുത്തി ആളുകളെ കാര്‍വിപണിയിലേക്ക് ആകര്‍ഷിക്കുകയാണു കമ്പനികളുടെ ലക്ഷ്യം.

മുമ്പുണ്ടായിരുന്ന ബുക്കിംഗിന്‍റെ അടിസ്ഥാനത്തില്‍ മാരുതിയുടെ നെക്സ വ‍ഴി വില്‍പന നടത്തുന്ന ബലേനോ ഹാച്ച്ബായ്ക്ക്, ബ്രസ കാറുകള്‍ ഡീലര്‍മാര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന ഡിമാന്‍ഡ് പെട്ടെന്ന് ഇടിയുകയും ബുക്ക് ചെയ്ത നിരവധി പേര്‍ കാര്‍ പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയുംചെയ്തതോടെ പ്രതസന്ധി രൂപപ്പെട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്കു വില്‍പന മാന്ദ്യമുണ്ടായി.

ഉത്സവസീസണും വാഹനവായ്പയ്ക്കു പലിശ കുറച്ചതും വില്‍പന വര്‍ധിപ്പിക്കുമെന്നായിരുന്നു നവംബര്‍ ആദ്യം കാര്‍ വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പെട്ടെന്നു ഡീമോണിട്ടൈസേഷന്‍ വന്നതോടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. പലരും കാറുകള്‍ വാങ്ങുന്നതു മാറ്റിവച്ചിരിക്കുകയാണ്. ഇരുചക്രവാഹന വിപണിയിലും കച്ചവടം കുറഞ്ഞിട്ടുണ്ട്.


{}
{}