• Today is: Thursday, April 27, 2017

ആഗ്രഹിച്ചത് ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമാകാന്‍, ഏറ്റവും മികച്ച ‘വനിതാ’ താരമാകാനല്ല; വിലയിരുത്തേണ്ടത് കഴിവിന്റെ അടിസ്ഥാനത്തില്‍; കായികരംഗത്തെ ലിംഗവിവേചനത്തിനെതിരെ തുറന്ന കത്തുമായി സെറീന വില്യംസ്

Serena-Williams

കായിക രംഗത്ത് നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. അല്ലാതെ ഏറ്റവും മികച്ച ‘വനിതാതാര’മാകാനല്ലെന്ന് സൂപ്പര്‍ താരം തുറന്നടിച്ചു. വനിതാ ഫാഷന്‍ മാസികയായ പോര്‍ട്ടറിന്റെ ഇന്‍ക്രഡിബിള്‍ വുമണ്‍ ഓഫ് 2016 പതിപ്പിലാണ് സെറീനയുടെ കത്ത് പ്രസിദ്ധീകരിച്ചത്.

‘മികവിനു വേണ്ടി പരിശ്രമിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി’ എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. പ്രകടനത്തിന്റെയും പ്രതിഭയുടെയും കാര്യത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. അല്ലാതെ സ്ത്രീയാണോ പുരുഷനാണോ എന്നതിന്റെ അടിസ്ഥാനത്തിലാകരുത്. – സെറീന കത്തില്‍ വ്യക്തമാക്കുന്നു.

സെറീനയുടെ കത്തിന്റെ പൂര്‍ണ്ണരൂപം.

എല്ലാവര്‍ക്കും ഉണ്ടായിരുന്നതുപോലെ ചെറുപ്പത്തില്‍ എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു. ഒരു സാധാരണ കുട്ടിയുടെതിനു സമാനമായിരുന്നില്ല എന്റെ സ്വപ്നം. ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമാവുക. അതായിരുന്നു ഞാന്‍ കണ്ട സ്വപ്നം. അല്ലാതെ ലോകത്തിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാവുക എന്നതായിരുന്നില്ല.

Serena-Williams-1

സ്വപ്നത്തെ പിന്തുടരാന്‍ എന്റെ കുടുംബവും എന്നെ പ്രോത്സാഹിപ്പിച്ചു. ഒരു സ്വപ്‌നത്തിനു വേണ്ടി പോരാടുക എന്നത് എത്ര വലിയ കാര്യമാണെന്ന് ഞാന്‍ പഠിച്ചു. പ്രത്യേകിച്ച് ഒരു വലിയ സ്വപ്‌നത്തിനു വേണ്ടിയുള്ള പോരാട്ടം. മൂന്നാമത്തെ വയസിലാണ് ഞാന്‍ എന്റെ സ്വപ്‌നത്തിനായുള്ള പോരാട്ടം ആരംഭിച്ചത്. അതിനു ശേഷം ഇന്നുവരെ ആ പോരാട്ടത്തിന് ഞാന്‍ ഇടവേള നല്‍കിയിട്ടില്ല.

നമുക്കറിയാം; സ്വന്തം വഴികള്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്ക്, പലപ്പോഴും വേണ്ടത്ര പിന്തുണ ലഭിക്കാറില്ല. നിരുല്‍സാഹപ്പെടുത്തലുകള്‍ക്ക് അവര്‍ പലപ്പോഴും വിധേയരാകേണ്ടി വരും. ഈ രീതിക്ക് മാറ്റം വരുത്താന്‍ കൂട്ടായ ശ്രമത്തിലൂടെ നമുക്ക് സാധിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജനിച്ച വംശം, സ്ത്രീയായി ജനിച്ചത് ഇവയൊക്കെ എന്റെ പോരായ്മകളായാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ എന്നെ വിജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായാണ് ഇവയെ ഞാന്‍ വിലയിരുത്തുന്നത്. എന്നെയോ എന്റെ കഴിവുകളെയോ നിര്‍വചിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. എന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് ഞാനാണ്.

സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കുറഞ്ഞ പ്രതിഫലം ലഭിക്കുന്നു എന്നത് എന്നെ ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇതിന്റെ ഒന്നാമത്തെ കാരണം പുരുഷന്മാരുടെതിനു സമാനമായ ജോലി തന്നെയാണ് ഞങ്ങളും ചെയ്യുന്നത് എന്ന് എനിക്കറിയാം എന്നതാണ്.

Serena-Williams-2

മറ്റൊന്ന് പുരുഷന്മാരായ കളിക്കാര്‍ എന്തൊക്കെ വേണ്ടെന്നു വയ്ക്കുന്നുണ്ടോ അവയൊക്കെ ഞങ്ങളും വേണ്ടെന്നു വയ്ക്കാറുണ്ട്. എന്റെ മകനു ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ പ്രതിഫലം മകള്‍ക്ക് ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളും അങ്ങനെയൊരു കാര്യം ആഗ്രഹിക്കുന്നുണ്ടാവില്ല.

വിജയികളാകണമെങ്കില്‍ സ്ത്രീകള്‍ക്ക് നിരവധി കടമ്പകള്‍ മറികടന്നേ മതിയാകൂ. അതിലൊന്ന് ഇതാണ് നിങ്ങള്‍ പുരുഷന്മാരല്ലായെന്ന് ആളുകള്‍ നിങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടോയിരിക്കും. അതൊരു കുറവാണെന്ന ധ്വനിയോടെ. ലോകത്തെ ഏറ്റവും മികച്ച വനിതാ കായികതാരമെന്ന് പലരും എന്നെ വിശേഷിപ്പിക്കാറുണ്ട്.

എന്നാല്‍ ലേ ബെറോണിനെയോ ടൈഗര്‍ വുഡ്‌സിനെയോ ഫെഡററെയോേ ലോകം കണ്ട മികച്ച പുരുഷകായികതാരമെന്ന് വിശേഷിപ്പിക്കാന്‍ അവര്‍ തയ്യാറാകുമോ? എന്തുകൊണ്ട് ഇല്ല? കാരണം അവര്‍ സ്ത്രീകള്‍ അല്ലാത്തതു കൊണ്ടുതന്നെ. ഈ പ്രവണതയെ നാം പ്രതിരോധിക്കാതിരുന്നു കൂടാ.

നമ്മുടെ പ്രകടനത്തിന്റെയും പ്രതിഭയുടെയും കാര്യത്തിലാണ് നാം വിലയിരുത്തപ്പെടേണ്ടത്. അല്ലാതെ സ്ത്രീയാണോ പുരുഷനാണോ എന്നതിന്റെ അടിസ്ഥാനത്തിലാകരുത്. ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളോടും താഴ്ചകളോടും കടപ്പാടുള്ളവളാണ് ഞാന്‍.
മലയാള പരിഭാഷയ്ക്ക് കടപ്പാട് – മാതൃഭൂമി.കോം


{}