• Today is: Thursday, April 27, 2017

മോദിയെ മോഡലാക്കിയ റിലയന്‍സിനെ ‘വ‍ഴിപാടാ’യി ശിക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍; ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പി‍ഴയിട്ടു പോക്കറ്റടിക്കുന്ന രാജ്യത്ത് അംബാനിക്കു കിട്ടിയ ശിക്ഷ വെറു 500 രൂപ പി‍ഴ

Jio-Modi-Advt

ദില്ലി: സാധാരണക്കാരന്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ നൂറും ആയിരവും പി‍ഴയിടുന്ന രാജ്യത്ത് പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്ത കുത്തകഭീമന്‍ റിലയന്‍സിന് പി‍ഴ വെറും അഞ്ഞൂറു രൂപ. റിലയന്‍സ് ജിയോ പരസ്യങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാട്ടിയാണ് പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950 ലെ നിയമപ്രകാരം റിലയന്‍സിന് അഞ്ഞൂറു രൂപ പി‍ഴയിട്ടത്. ഈ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയാണ് അഞ്ഞൂറു രൂപ പി‍ഴ.

റിലയന്‍സ് ജിയോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മോദിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യങ്ങളില്‍ ഉപയോഗിച്ചത്. രാജ്യത്തു മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനുമതി വേണം. അനുമതിയില്ലാതെയാണു ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതെന്നു കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആദ്യത്തെ നിലപാട്.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രാലയമാണ് ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കേണ്ടത്. സ്വകാര്യ സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ മോദിയുടെ ചിത്രംവ വന്നത് വന്‍ വിവാദത്തിനണു വ‍ഴിവച്ചത്. നോട്ട് അസാധുവാക്കലിനു പിന്നാലെ പേടിഎമ്മും പരസ്യത്തില്‍ മോദിയുടെ ചിത്രം ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, ഇന്ധിരാഗാന്ധി, അശോക ചക്ര, ഐക്യരാഷ്ട്രസംഘടന തുടങ്ങി 36 ഓളം പേരോ, ചിത്രങ്ങളോ, ഔദ്യോഗിക ചിഹ്നങ്ങളോ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം.


{}