• Today is: Tuesday, February 28, 2017

പശ്ചിമഘട്ട സംരക്ഷണം : കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടിയേക്കും; ആശങ്ക പരിഹരിച്ച് സമയ ബന്ധിതമായി വിജ്ഞാപനം ഇറക്കണമെന്ന് സംസ്ഥാനത്തെ എംപിമാര്‍

എം സന്തോഷ്
December08/ 2016
Western-Ghats

ദില്ലി : പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി ഇറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി വീണ്ടും നീട്ടിയേക്കും. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ട് സമയബന്ധിതമായി അന്തിമ വിജ്ഞാപനം ഇറക്കാനാണ് ശ്രമമെന്ന് വനം പരിസ്ഥിതി മന്ത്രി അനില്‍ എം ധവെ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങല്‍ ഉന്നയിച്ച് കേരള എംപിമാര്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്തെ തീരദേശ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ മേഖലയിലെ എംപിമാരുമായി വനം പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച ചെയ്തു. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി ഇറക്കിയ കരട് വിജാഞാപനത്തിന്റെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് നാലിന് അവസാനിപ്പിക്കും. എന്നാല്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനെ കുറിച്ച് ഇതുവരെ മന്ത്രാലത്തിന് തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ നടപടികള്‍ വൈകിയാല്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നത് വൈകും. അങ്ങനെയെങ്കില്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടുകയാണ് മാര്‍ഗ്ഗം. ജനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിച്ച് വേഗത്തില്‍ അന്തിമവിജ്ഞാപനം ഇറക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി അനില്‍ എം ധവെ പറഞ്ഞു.

അന്തിമ വിജ്ഞാപനം മാര്‍ച്ച് നാലിനകം ഇറക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ജോയ്‌സ് ജോര്‍ജ്ജ് എംപി പറഞ്ഞു.

തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മേഖയിലെ എംപിമാരുടെ യോഗം പരിസ്ഥിതി മന്ത്രി അനില്‍ എം ദവെയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.


{}
{}