• Today is: Monday, April 24, 2017

എൻഫീൽഡിന്റെ ക്ലാസിക് 350യോടു മത്സരിക്കാൻ ബജാജിന്റെ ഡോമിനർ 400; കരുത്തും സ്‌റ്റൈലുമായി ഡോമിനർ വിപണിയിൽ

Bajaj-Dominar

ദില്ലി: ആകാംക്ഷയ്ക്ക് ഇനി വിട നൽകാം. ആഡംബര ബൈക്ക് ശ്രേണിയിലേക്ക് ബജാജ് കുടുംബത്തിൽ നിന്ന് ഒരു പുതിയ അതിഥി ഇന്നെത്തി. ബജാജ് ഡോമിനർ 400 ഇന്ത്യൻ വിപണിയിലെത്തി. അത്യാധുനിക സാങ്കേതിക വിദ്യകളുമായാണ് ഡോമിനർ വിപണിയിലേക്ക് എത്തുന്നത്. വില അൽപം കൂടുതലാണെങ്കിലും കരുത്തിലും സ്റ്റൈലിലും മറ്റേതൊരു കരുത്തനെയും വെല്ലും ബജാജിന്റെ ഈ പുതിയ അംഗം. സാങ്കേതിക വിദ്യകൾ കൂടുന്നതോടെ അൽപം വിലക്കൂടുതലും ആകും. അതുകൊണ്ടു തന്നെ 1.36 ലക്ഷം രൂപയാണ് കരുത്തന്റെ എക്‌സ്‌ഷോറൂം വില.

373 സിസി ഡിടിഎസ്-ഐ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ ആണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. നാലു വാൽവുകൾ ഉള്ള ഡോമിനർ, 8000 ആർപിഎമ്മിൽ 34.5 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കും. 8,500 ആർപിഎമ്മിൽ 35 എൻഎം ടോർക്കും കരുത്ത് സൃഷ്ടിക്കുന്നുണ്ട് ഈ ആഡംബര ഭീമൻ. 6 സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിന്റേത്. സ്ലിപ്പർ ക്ലച്ച് ആണ് വാഹനത്തിന്റെ പ്രത്യേകത. ആദ്യമായാണ് ഒരു ബജാജിന്റെ ബൈക്കിൽ സ്ലിപ്പർ ക്ലച്ച് ഘടിപ്പിക്കുന്നത്.

Dominar 1

കാഴ്ചയിലും അത്യധികം സുന്ദരനാണ് ഡോമിനർ. 43 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക് ഡോമിനറിനു ഭംഗിയേറ്റുന്നു. പുറകിൽ ഒരു മോണോഷോക്ക് സസ്‌പെൻഷൻ നൽകിയത് പിൻസീറ്റ് യാത്ര ഏറെ സുഖകരമാക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഡോമിനറിന്റെ മറ്റൊരു സവിശേഷത. ഫ്രണ്ടിൽ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ഘടിപ്പിച്ചിട്ടുള്ളത്. ഡ്യുവൽ ചാനൽ എബിസിയും വാഹനത്തിലുണ്ട്.

Dominar 2

ഒരു ക്രൂയിസറിന്റെ ആകാരഭംഗിയുമായി ഏറെ സ്റ്റൈലിലാണ് ഡോമിനർ എത്തുന്നത്. ഹെഡ്‌ലൈറ്റുകൾ പൂർണമായും എൽഇഡിയാണ്. വാഹനം സ്റ്റാർട്ടാകുന്നതോടെ ഓട്ടോമാറ്റിക് ആയി ഹെഡ്‌ലാംപുകൾ ഓൺ ആകുന്നതാണ് ഡോമിനറിന്റെ പ്രത്യേകത. മൂന്നു നിറങ്ങളിൽ ഡോമിനർ എത്തും. മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂൺ വൈറ്റ് എന്നീ നിറങ്ങൡലാണ് വാഹനം എത്തുന്നത്.


{}