• Today is: Wednesday, January 25, 2017
SBI Buddy

തൊ‍ഴിലാളി സംഘടനകളുടെ എതിര്‍പ്പിനു പുല്ലുവില കല്‍പിച്ച് മോദി സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം; പിഎഫ് പലിശനിക്ക് വെട്ടിക്കുറച്ച് കേന്ദ്രത്തിന്‍റെ തൊ‍ഴിലാളി ദ്രോഹം

EPFO

ദില്ലി: തൊ‍ഴിലാളികളുടെ ജീവിതത്തിന് കരിനി‍ഴലായി പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു. സംഘടനകളുടെ എതിര്‍പ്പു വകവയ്ക്കാതെയാണു തീരുമാനം. 2016-17 വര്‍ഷത്തെ പിഎഫ് പലിശനിരക്ക് 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണു വെട്ടിക്കുറച്ചത്. ബംഗളൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് കടുത്ത തൊ‍ഴിലാളി ദ്രോഹപരമായ തീരുമാനമുണ്ടായത്.

ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ പി എഫ് പലിശ നിരക്കാണിത്. തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. തൊഴില്‍മന്ത്രി ബണ്ഡാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കുന്നതിനെ തൊ‍ഴിലാളി സംഘടനാ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും പലിശ കുറയ്ക്കുന്നതിനെ അനുകൂലിച്ചു.

റിസര്‍വ്ബാങ്ക് അടുത്തിടെ വായ്പനിരക്കുകള്‍ വെട്ടിക്കുറച്ചതും ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചതും ചൂണ്ടിക്കാട്ടിയാണ് പലിശനിരക്ക് കുറയ്ക്കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ വാദം. രാജ്യത്തെ 17 കോടിയോളം പിഎഫ് ഉപയോക്താക്കള്‍ക്ക്് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും. നടപ്പ് സാമ്പത്തികവര്‍ഷം പ്രതീക്ഷിത ഇപിഎഫ്ഒ വരുമാനം 39,084 കോടി രൂപ. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.8 ശതമാനം പലിശ അനുവദിക്കുന്നത് തുടര്‍ന്നാല്‍ 383 കോടി രൂപയുടെ നഷ്ടം വരുമെന്നാണ് തൊഴില്‍ മന്ത്രാലയം വാദിക്കുന്നത്. കഴിഞ്ഞ വര്‍ഷം 410 കോടി രൂപയുടെ ലാഭം ഇപിഎഫ്ഒയ്ക്കുണ്ടായിരുന്നു. അതിന് തൊട്ടു മുന്‍വര്‍ഷമാകട്ടെ ലാഭം 1604 കോടി രൂപയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലാഭം ഉപയോഗിച്ചാല്‍ നഷ്ടം കൂടാതെ 8.8 ശതമാനം പലിശനിരക്ക് നല്‍കാനാകുമെന്ന് തൊ‍ഴിലാളി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മറ്റ് ലഘുസമ്പാദ്യ പദ്ധതികളുടേതിന് സമാനമായി ഇപിഎഫ് പലിശ നിരക്കും കുറയ്ക്കണമെന്ന് ധനമന്ത്രാലയം ഈയിടെ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രാലയം കടുത്ത നിലപാട് സ്വീകരിച്ചത്. പിപിഎഫ്, കിസാന്‍ വികാസ് പത്രിക, സുകന്യ സമൃദ്ധി അക്കൌണ്ട് എന്നിവയുടെ പലിശ നിരക്ക് 0.1 ശതമാനമായി ധനമന്ത്രാലയം അടുത്തിടെ കുറച്ചിരുന്നു. പിപിഎഫിന് എട്ട് ശതമാനവും സുകന്യ അക്കൌണ്ടുകള്‍ക്ക് 8.5 ശതമാനവുമാണ് നിലവിലെ പലിശനിരക്ക്.

8.62 ശതമാനമെന്ന തോതിലേക്ക് പലിശ നിരക്ക് കുറയ്ക്കാനും തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. ട്രേഡ്യൂണിയനുകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് 8.65 ശതമാനമായി നിശ്ചയിക്കാന്‍ മന്ത്രാലയം സമ്മതിച്ചത്. 2016 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ആകെ ഇപിഎഫ് ഫണ്ട് 2,372.83 കോടി രൂപ. ഈ പണം ഓഹരിയില്‍ അടക്കം നിലവില്‍ നിക്ഷേപിക്കുന്നുണ്ട്. പിഎഫ് ഫണ്ട് നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് പലിശ നിരക്ക് കുറയ്ക്കുന്നതെന്ന വിശദീകരണമാണ് ഇപിഎഫ്ഒ വൃത്തങ്ങള്‍ നല്‍കുന്നത്.


{}
{}