• Today is: Friday, February 24, 2017

സൈറസ് മിസ്ത്രി ടാറ്റ സൺസിനെതിരെ നിയമനടപടിക്ക്; കമ്പനി ലോ ട്രിബ്യൂണലിനു പരാതി നൽകി

Cyrus-Mistry

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡിൽ നിന്നു രാജിവച്ചതിനു പിന്നാലെ ടാറ്റ ഗ്രൂപ്പിനെതിരെ സൈറസ് മിസ്ത്രി കോടതിയെ സമീപിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ മിസ്ത്രി പരാതി നൽകി. മിസ്ത്രിയുടെ കുടുംബം നിയന്ത്രിക്കുന്ന നിക്ഷേപ കമ്പനികളാണ് മിസ്ത്രിക്കായി പരാതി നൽകിയത്. ടാറ്റ സൺസിന്റെ ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് പരാതി. കമ്പനി നിയമം 241-ാം വകുപ്പ് പ്രകാരമാണ് പരാതി നൽകിയിട്ടുള്ളത്. ഈമാസം 22നു പരാതിയിൽ ആദ്യത്തെ വാദം കേൾക്കും.

ഇന്നലെയാണ് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡിൽ നിന്നും സൈറസ് മിസ്ത്രി രാജിവച്ചത്. ടാറ്റ സൺസിന്റെ പട്ടികയിൽ പെട്ട ആറു കമ്പനികളുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. മിസ്ത്രിയെ പുറത്താക്കുന്നതു ചർച്ച ചെയ്യാൻ അഞ്ച് കമ്പനികളുടെ ഓഹരി ഉടമകളുടെ യോഗം അടുത്തദിവസം ചേരാനിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായാണ് മിസ്ത്രി രാജി പ്രഖ്യാപിച്ചത്.

ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ, ടാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെ പൊതുയോഗമാണ് വരും ദിവസങ്ങളിൽ ചേരുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) ഓഹരി ഉടമകളുടെ യോഗം നേരത്തെ തന്നെ ചേർന്ന് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 24-നാണ് ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചേർന്ന് സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി നീക്കിയത്.

തന്നെ അന്യായമായി പുറത്താക്കിയിട്ട് എട്ട് ആഴ്ചയായെന്നും പുറത്താക്കലിനുള്ള കാരണം ഇത്ര നാളായിട്ടും രത്തൻ ടാറ്റ വ്യക്തമാക്കിയിട്ടില്ലെന്നും സൈറസ് മിസ്ത്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ സുതാര്യതയില്ലാത്ത ഇടപാടുകൾ ചോദ്യം ചെയ്തതാണ് തനിക്ക് തിരിച്ചടിയായതെന്നും മിസ്ത്രി പറയുന്നു. കമ്പനിക്കകത്തു നിന്നു തന്നെ പോരാടാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ തീരുമാനം എങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.


{}
{}