• Today is: Friday, February 24, 2017

ബോണക്കാട് പ്രേതബംഗ്ലാവ്; 25 GB, 1951: സത്യാവസ്ഥ എന്ത്? കണ്ടതും അറിഞ്ഞതും വീഡിയോയില്‍

bonacaud-bungalow-1

തിരുവനന്തപുരം അഗസ്ത്യ മലനിരകളുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ബോണക്കാട് ‘പ്രേത’ബംഗ്ലാവ്. 1951ല്‍ വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ താമസിച്ച ഈ ബംഗ്ലാവില്‍ അമാനുഷിക ശക്തികളുടെ സ്വാധീനമുണ്ടെന്നാണ് പ്രചരണങ്ങള്‍. ഫേസ്ബുക്കിലെ സഞ്ചാരിഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു യാത്രവിവരണം കൈരളിന്യൂസ് ഓണ്‍ലൈന്‍ നല്‍കിയതോടെ ഈ ബംഗ്ലാവിലേക്ക് സാഹസികപ്രിയരുടെ ഒഴുക്കായിരുന്നു.

bonacaud-bungalow-5
ബോണക്കാട് 25 GB ബംഗ്ലാവ്

 

ഇതിനിടെയാണ് കൈരളി പീപ്പിള്‍ ടിവി ഗ്രാഫിക്‌സ് വിഭാഗത്തിലെ അന്‍വര്‍ ഷറഫും സുഹൃത്തും ഈ ബംഗ്ലാവിലെ ‘പ്രേത’ത്തെ കണ്ടെത്താനായി ഒരു യാത്ര നടത്തിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ കണ്ടത് പച്ചയായ കുറെ ജീവിതങ്ങളെയായിരുന്നു. കാടിനുള്ളില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന കുറച്ചുപേര്‍. ബംഗ്ലാവിലെ പ്രേതത്തെക്കുറിച്ച് ചില സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും ചേര്‍ന്ന് നടത്തുന്ന കുപ്രചരണം മാത്രമാണിതെന്നാണ് ഇവര്‍ പറയുന്നത്. ബംഗ്ലാവിലെ അവശേഷിക്കുന്ന വസ്തുക്കളും മറ്റും മോഷണം പോയതായും കണ്ടെത്തിയിട്ടുണ്ട്.

ANVAR
ബോണക്കാട് 25 GB ബംഗ്ലാവിന് മുന്നില്‍ അന്‍വറും സുഹൃത്തും

 

പ്രേതമുണ്ടെന്ന കഥയ്ക്ക് പിന്നില്‍ മറ്റൊരു സാധ്യത കൂടി ഇവര്‍ പറയുന്നു. കാടിന്റെ നിശബ്ദതയില്‍ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിന്റെ ചുറ്റുപാട് ചില ഹൊറര്‍ സിനിമകളില്‍ നമ്മള്‍ കാണുന്നതാണ്. രാത്രികാലങ്ങളില്‍ കാറ്റടിക്കുമ്പോള്‍ വന്‍ശബ്ദത്തോടെ തുറന്നടിയുന്ന ജനലുകളും സമീപത്തെ മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെ കരച്ചിലുമാണ് ആ ‘പ്രേത’ വാദങ്ങള്‍ക്ക് ആക്കംകൂട്ടുന്നതെന്ന് സമീപവാസികള്‍ പറയുന്നു.

പ്രേതത്തെ തേടിയെത്തുന്നവരോട് പ്രദേശവാസികള്‍ക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ആനയും പുലിയും വിഹരിക്കുന്ന കാടാണിത്. ഏത് നിമിഷവും ഒറ്റയാന്‍ പ്രത്യക്ഷപ്പെടാം. അടുത്തിടയായി പ്രദേശത്ത് ഒറ്റയാനെ കാണാറുണ്ടെന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് പ്രേതത്തെ അന്വേഷിച്ച്, സുഖവിവരങ്ങള്‍ തിരക്കി ഇവിടേക്ക് ആരും വരേണ്ടെന്നാണ് ഇവര്‍ പറയുന്നത്. വന്നാല്‍ ചിലപ്പോള്‍ ഒറ്റയാന്റെ കൊമ്പിലോ, കാലിനടിയിലോ കിടക്കാം.

bonacaud-bungalow-4
ബോണക്കാട് 25 GB ബംഗ്ലാവ്

പ്രചരിക്കുന്ന കഥ ഇങ്ങനെയാണ്: തിരുവനന്തപുരം നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ ദൂരത്തിലാണ് ബോണക്കാട് ബംഗ്ലാവ്. Haunted places in kerala എന്ന ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതായി തന്നെ GB 25 bungalow bonacaud എന്ന ഈ ബംഗ്ലാവിനെക്കുറിച്ചുള്ള വിവരങ്ങളും കാണാം.
”വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗളാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗളാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗ്ലാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ.”

bonacaud-bungalow-6
ബോണക്കാട് 25 GB ബംഗ്ലാവ്

”അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗളാവിലേക്കു തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗളാവിന്റെ പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി. ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗളാവ് കൂടുതല്‍ വിജനമാവുകയായിരുന്നു.”


{}
{}