• Today is: Wednesday, January 25, 2017
SBI Buddy

സൈറസ് മിസ്ത്രിക്കു പുറമേ നസ്‌ലി വാഡിയയെയും ടാറ്റ സ്റ്റീൽ പുറത്താക്കി; നടപടി മിസ്ത്രിയുമായി കൂടിയാലോചന നടത്തിയതിന്

Nusli-Wadia

ദില്ലി: ടാറ്റ സ്റ്റീൽ കമ്പനിയിൽ വീണ്ടും അഴിച്ചുപണി. മൂന്നരപ്പതിറ്റാണ്ടിലേറെയായി ടാറ്റ സ്റ്റീലിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവർത്തിച്ചു വന്നിരുന്ന നസ്‌ലി വാഡിയയെ തൽസ്ഥാനത്തു നിന്ന് നീക്കി. ബുധനാഴ്ച ചേർന്ന പൊതുയോഗത്തിലാണ് പുറത്താക്കാനുള്ള തീരുമാനം. യോഗത്തിൽ പങ്കെടുത്ത ഓഹരി ഉടമകളിൽ 90.8% പേരും വാഡിയയുടെ പുറത്താക്കലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. 37 വർഷമായി കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർ ആയി പ്രവർത്തിച്ചുവരികയായിരുന്നു വാഡിയ.

സൈറസ് മിസ്ത്രിക്കു പുറമേ കമ്പനിയിൽ നടക്കുന്ന ഉന്നതതലത്തിലെ മറ്റൊരു അഴിച്ചുപണിയാണ് ഇത്. മിസ്ത്രിയെ കഴിഞ്ഞയാഴ്ച നീക്കിയിരുന്നു. മിസ്ത്രിയുമായി വാഡിയ കൂടിയാലോചന നടത്തുന്നുവെന്ന് ആരോപിച്ചാണ് പുറത്താക്കാൻ യോഗം തീരുമാനം എടുത്തത്. സ്വതന്ത്ര ഡയക്ടർ എന്ന പദവി ദുരുപയോഗം ചെയ്ത് കമ്പനി പിളർത്താൻ ശ്രമിച്ചുവെന്നും വാഡിയക്കെതിരെ ആരോപണമുയർന്നു. കമ്പനി താൽപര്യത്തിന് വിരുദ്ധവും തികച്ചും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്തിയെന്നും വാഡിയക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ടാറ്റയുടെ മൂന്ന് കമ്പനികളുടെ ബോർഡ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം വാഡിയയെ നീക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് വാഡിയ കോടതിയെ സമീപിക്കുകയും രത്തൻ ടാറ്റ, ടാറ്റ സൺസ്, ഡയറക്ടർമാർ എന്നിവർക്കെതിരെ 3000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.


{}
{}