• Today is: Monday, April 24, 2017

സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന നരേന്ദ്രമോദി അറിയാന്‍; കള്ളപ്പണം വെളുപ്പിക്കുന്നത് കേന്ദ്രത്തിനു വേണ്ടപ്പെട്ട ന്യൂജന്‍-വാണിജ്യ ബാങ്കുകള്‍‍; വെളുപ്പിച്ചത് കോടികള്‍

demone

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സര്‍ക്കാരിന്‍റെയും ശ്രമം. ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്കും വാലറ്റുകാര്‍ക്കും പുതുതലമുറ ബാങ്കുകാര്‍ക്കും സ്തുതിപാഠിയാണ് മോദിയുടെ ഓരോ നീക്കവും. ഇതേ ബാങ്കുകള്‍ തന്നെയാണ് കള്ളപ്പണം വെളുപ്പിച്ചുകൊടുത്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത്, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ തകര്‍ത്ത് കള്ളപ്പണത്തിന് കൂട്ടുനില്‍ക്കുന്ന പുതുതലമുറ ബാങ്കുകളെ സഹായിക്കലായിരുന്നു മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രധാന ലക്ഷ്യം.

ബാങ്കേ‍ഴ്സ് സമിതിയുടെ കണക്കുകളെ ആധാരമാക്കി ദേശാഭിമാനിയില്‍ ജി രാജേഷ്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതുതലമുറ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതു വ്യക്തമാക്കുന്നത്. നവംബര്‍ പത്തുമുതല്‍ പതിനാലുവരെ ന്യൂജന്‍ ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലുമായി നിക്ഷേപിച്ചത് 2989.44കോടി രൂപയായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഇതേ കാലയളവില്‍ സഹകരണ ബാങ്കുകളില്‍ എത്തിയതാകട്ടെ വെറും 570.98 കോടി മാത്രം. പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് ജില്ലാ സഹകരണ ബാങ്കുകളിലേക്ക് എത്തിയതാകട്ടെ 1245.64 കോടി രൂപയും. ഇതെല്ലാം കെവൈസി നിബന്ധനകള്‍ അനുസരിച്ചുള്ള അക്കൗണ്ടുകള്‍ വഴിയായിരുന്നു. അതായത്, കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെല്ലാം കള്ളമെന്നു വ്യക്തം.

ജില്ലാ സഹകരണ ബാങ്കുകളില്‍ നവംബര്‍ ഒമ്പതിന് 872.82 കോടി രൂപ നീക്കിയിരിപ്പും ഉണ്ടായിരുന്നു. സംസ്ഥാന സഹകരണ ബാങ്കില്‍ നവംബര്‍ ഒമ്പതിലെ നീക്കിയിരിപ്പ് 149.16 കോടി രൂപ. നവംബര്‍ പത്തുമുതല്‍ അസാധുനോട്ടുകളുടെ നിക്ഷേപം 394.08 കോടി. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ എത്തിയത് 543.24 കോടിയുടേതും.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം റിസര്‍വ് ബാങ്ക് നിര്‍ദേശം പാലിച്ചാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നബാര്‍ഡ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. 11, 12, 13 തീയതികളില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ നബാര്‍ഡ് പരിശോധിച്ചു. ഒരു ക്രമക്കേടും കണ്ടെത്തിയില്ല. പിന്നീട് സിബിഐ, ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയില്ല.

സഹകരണ ബാങ്കുകള്‍ പുതുതലമുറ ബാങ്കുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചു എന്ന ആക്ഷേപവും ബിജെപി നേതാക്കള്‍ ഉന്നയിച്ചു. നവംബര്‍ 17ന് റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറിന്റെ മറപിടിച്ചായിരുന്നു ആക്ഷേപം. സഹകരണ ബാങ്കുകളിലെ അസാധുനോട്ടുകള്‍ ഏറ്റെടുക്കരുതെന്ന് സര്‍ക്കുലറില്‍ മറ്റു ബാങ്കുകളോട് നിര്‍ദേശിച്ചു. എന്നാല്‍, ഈ അവസരത്തില്‍ സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് വാണിജ്യ- പുതുതലമുറ ബാങ്കുകള്‍ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധുനോട്ടുകള്‍ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്കുപിന്നില്‍ റിസര്‍വ് ബാങ്കിന്റെ മൌനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്കും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര ധനമന്ത്രിയെ നേരില്‍ കണ്ട് സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധുനോട്ടുകള്‍ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല.

നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ പുതുതലമുറ ബാങ്കുകള്‍ പിന്തുണയക്കുകയാണു ചെയ്യുന്നത്. വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പല ബാങ്കുകളും തയാറായിരുന്നു. പല ബാങ്കുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സര്‍ക്കാരിനും പിന്തുണ പരസ്യമായി രേഖപ്പെടുത്തി രംഗത്തുവരികയും ചെയ്തിരുന്നു. രാജ്യത്തെ കള്ളപ്പണക്കാര്‍ക്ക് പുതുതലമുറ, വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ കൈയിലുള്ള അനധികൃത പണം വെളുപ്പിച്ചു നല്‍കിയെന്നതില്‍ ഇനി സംശയിക്കേണ്ട കാര്യമില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിന്‍റെ പേരില്‍ സഹകരണ ബാങ്കുകളുടെ മേല്‍ കുതിര കയറി നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നത് ഇന്ത്യയിലെ സാധാരണക്കാരുടെ ധനകാര്യ സ്ഥാപനങ്ങളെ തകര്‍ക്കുക തന്നെയാണെന്നു വ്യക്തമാവുകയാണ്. സാധാരണക്കാരന് അപ്രാപ്യമായതും കൊള്ളപ്പലിശക്കാരുമായ ന്യൂജന്‍ ബാങ്കുകളെ സഹായിക്കുകയും അതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അവര്‍ക്ക് അടിയറ വയ്ക്കുകയുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വ്യക്തം.


{}