• Today is: Sunday, April 30, 2017

ബ്രിട്ടീഷ് പോപ് ഗായകൻ ജോർജ് മൈക്കിൾ അന്തരിച്ചു; വിടവാങ്ങിയത് പോപ് സംഗീതത്തിന്റെ സർവമേഖലയിലും കൈവച്ച പ്രതിഭ

George-Michael

ലണ്ടൻ: ബ്രിട്ടീഷ്S പോപ് ഗായകനും ആഗോള സംഗീത വിസ്മയവുമായ ജോർജ് മൈക്കിൾ അന്തരിച്ചു. 53 വയസ്സായിരുന്നു. ലണ്ടനിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പബ്ലിക് റിലേഷൻ വക്താവ് ആണ് ജോർജിന്റെ മരണം സ്ഥിരീകരിച്ച് കുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചതെന്നു വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ സ്വകാര്യത ഈ അവസരത്തിൽ മാനിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടു. നാലു ദശാബ്ദക്കാലം നീണ്ട സംഗീത ജീവിതത്തിനിടയിൽ 100 ദശലക്ഷത്തിൽ അധികം റെക്കോർഡുകൾ അദ്ദേഹത്തിന്റേതായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

വാം എന്ന മ്യൂസിക് ബാൻഡിലൂടെയാണ് ജോർജ് മൈക്കിൾ തന്റെ സംഗീത ജീവിതയാത്ര ആരംഭിച്ചത്. എന്നാൽ, ജോർജ് മൈക്കിൾ എന്ന സ്വന്തം പേരിൽ പ്രശസ്തനാകാൻ അദ്ദേഹത്തിനു പിന്നെയും കാത്തിരിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ സോളോ ബാൻഡ് ആയ വിസ്പർ ആണ് മൈക്കിളിനെ പ്രശസ്തനാക്കിയത്. 1987-ൽ ആയിരുന്നു സോളോ സംഗീതആൽബത്തിന്റെ അരങ്ങേറ്റം. ഫെയ്ത്ത് എന്നു പേരിട്ട ആ സംഗീത ആൽബം ലോകത്താകമാനം 20 ദശലക്ഷത്തിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞു.

1990-ൽ ജോർജ് പുറത്തിറക്കിയ ലിസൺ വിത്തൗട്ട് പ്രജുഡിസ് എന്ന ആൽബത്തിന്റെ ഒന്നാം ഭാഗം വീണ്ടും ഇറക്കാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. സ്റ്റീവ് വണ്ടറും എൽട്ടൺ ജോണുമാണ് അതിൽ അഭിനയിച്ചിരുന്നത്. ഫ്രീഡം 90 എന്നാണ് പേരിട്ടിരിക്കുന്നത്. ലിസൺ വിത്തൗട്ട് പ്രജുഡിസ് എന്നത് ജോർജിന്റെ രണ്ടാമത്തെ ആൽബമാണ്. സ്വന്തം ചിത്രം ഒരിക്കൽ പോലും തന്റെ ആൽബത്തിന്റെ കവറിൽ അദ്ദേഹം ഉപയോഗിച്ചില്ല. കൗബോയ്‌സ് ആൻഡ് എയ്ഞ്ചൽസ്, മതേഴ്‌സ് പ്രൈഡ്, പ്രേയിംഗ് ഫോർ ടൈം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ആൽബങ്ങളാണ്. ഫെയ്ത്ത് ആണ് ജോർജിന്റെ ഏറ്റവും വിറ്റഴിഞ്ഞ ആൽബം.

ന്യൂമോണിയ ബാധയെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി അദ്ദേഹം ന്യൂമോണിയ രോഗത്തിനു ചികിത്സയിലാണ്. 2011-ൽ ന്യൂമോണിയ ബാധയെ തുടർന്ന് മരണത്തിന്റെ വക്കിലെത്തിയ വിയന്ന ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ജീവിതത്തിലേക്ക് മടങ്ങി വരുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഏറെ വിവാദങ്ങൾക്ക് നടുവിലായിരുന്നു ജോർജ് മൈക്കിളിന്റെ ജീവിതം.


{}