• Today is: Friday, February 24, 2017

ബജാജ് ബൈക്കുകൾക്ക് പുതുവർഷത്തിൽ വില കൂടും; വിലവർധന 1,500 രൂപ വരെ

Bajaj

ദില്ലി: ബജാജ് ബൈക്കുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങുന്നു. പുതുവർഷത്തിൽ ബജാജ് ബൈക്കുകൾക്ക് വിലവർധിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 1,500 രൂപ വരെയാണ് ബൈക്കുകൾക്ക് വർധിക്കുക. അസംസ്തൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് ബൈക്കുകൾക്ക് വില കൂട്ടാൻ ബജാജിനെ പ്രേരിപ്പിച്ചത്. കൂടാതെ ബിഎസ്-4 എമിഷൻ ലെവലിലേക്ക് മുഴുവൻ വണ്ടികളുടെയും പോർട്ട്‌ഫോളിയോ മാറ്റുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. അടുത്ത വർഷത്തോടെ മുഴുവൻ ഇരുചക്രവാഹന നിർമാതാക്കളും ബിഎസ്-4 എമിഷനിലേക്ക് മാറുമെന്നാണ് കേൾക്കുന്നത്.

ബജാജിന്റെ ചില മോഡലുകൾ ഇപ്പോൾ തന്നെ ബിഎസ്-4 എമിഷനിലേക്ക് മാറിയിട്ടുണ്ട്. വൈകാതെ തന്നെ മറ്റു മോഡലുകളും മാറ്റാൻ പറ്റുമെന്നു കരുതുന്നു. എല്ലാ മോഡലുകളും എമിഷനിലേക്ക് മാറ്റുന്ന ആദ്യത്തെ കമ്പനിയാകാൻ തയ്യാറെടുക്കുകയാണ് ബജാജ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. 700 മുതൽ 1500 രൂപ വരെ വർധിപ്പിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളതെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

വിലവർധനവ് പക്ഷേ പുതുതായി പുറത്തിറക്കിയ ഡോമിനർ 400-നു ബാധകമായിരിക്കില്ലെന്നും എറിക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ബിഎസ്-3 എമിഷനിലാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ബിഎസ്-4 എമിഷനിൽ ആയിരിക്കും എന്നാണ് കേൾക്കുന്നത്. കാർ കമ്പനികളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, നിസാൻ, റെനോൾട്ട്, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഇസുസു എന്നിവരും വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.


{}
{}