• Today is: Wednesday, January 25, 2017
SBI Buddy

റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ ഡിസംബര്‍ 31 വരെ മാത്രമായേക്കും; ടെലകോം അതോറിറ്റിയുടെ വിശദീകരണ നോട്ടീസിന് ഉടന്‍ മറുപടി നല്‍കണം; ജിയോയ്ക്ക് കടിഞ്ഞാണ്‍ വീഴുന്നത് എയര്‍ടെലിന്റെ പരാതിയിന്മേല്‍

JIO

ദില്ലി : റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ എന്ന് സൂചന. മൂന്ന് മാസം കൂടി ദീര്‍ഘിപ്പിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ഡ ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കില്ല. ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതാണ് റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയായത്.

സൗജന്യ ഓഫറിന്റെ കാലാവധി ദീര്‍ഘിപ്പിച്ചതിലെ കാരണം വ്യക്തമാക്കാന്‍ ട്രായ് ജിയോയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് റിലയന്‍സ് ജിയോയ്ക്ക് കനത്ത തിരിച്ചടിയായത്. സൗജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യം അനുവദിക്കരുതെന്നാണ് ട്രായിയുടെ നിബന്ധന. ഇത് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ഉടന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിയോ അധികൃതര്‍ക്ക് ടെലകോം അതോറിറ്റി കത്തയച്ചു. ഡിസംബര്‍ 20നാണ് ട്രായ് കത്തു നല്‍കിയത്. മൊബൈല്‍ സേവനദാതാവായ ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിയോക്കെതിരായ വിശദീകരണ നോട്ടീസ്.

ഡിസംബര്‍ ഒന്നു മുതലാണ് നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കുമായി ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ ഓഫര്‍ പ്രഖ്യാപിച്ചത്. പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളും നല്‍കുന്നതാണ് ജിയോയുടെ പ്രത്യേക ഓഫര്‍. എന്നാല്‍ പഴയ ഓഫറിന്റെ തുടര്‍ച്ചയാണ് രണ്ടാമത് പ്രഖ്യാപിച്ച ഹാപ്പി ന്യൂഇയര്‍ ഓഫറെന്ന് ട്രായ് അധികൃതര്‍ പറയുന്നു.

ഡാറ്റ ഉപയോഗത്തിന്റെ ചെറിയ വ്യത്യാസം മാത്രമാണ് ഇരു ഓഫറുകളും തമ്മിലുള്ളതെന്നാണ് ടെലകോം അതോറിറ്റിയുടെ നിലപാട്. വിശദീകരണ നോട്ടീസില്‍ റിലയന്‍സ് ജിയോയുടെ മറുപടി കാത്തിരിക്കുകയാണ് ട്രായ്. ജിയോയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഹാപ്പി ന്യൂഇയര്‍ ഓഫറിന് ട്രായ് ക്ലിപ്പിടും. ഇതോടെ സൗജന്യ ഓഫര്‍ ഡിസംബര്‍ 31 വരെ മാത്രമായി ചുരുങ്ങും.


{}
{}