• Today is: Tuesday, January 24, 2017
SBI Buddy

പിരിഞ്ഞുപോയ കാമുകനെതിരേ ബലാത്സംഗ പരാതി ഉന്നയിക്കുന്നതു പെരുകുന്നതില്‍ കോടതിക്ക് ആശങ്ക; കേസെടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണമെന്നു നിര്‍ദേശം

breakup-rape

മുംബൈ: ബ്രേയ്ക്കപ്പ് ക‍ഴിഞ്ഞു  കാമുകനെതിരേ ബലാത്സംഗത്തിന് പരാതി കൊടുത്തു കുടുക്കുന്നതു പതിവാകുന്നതില്‍ കോടതിക്ക് ആശങ്ക. പരിഗണനയ്ക്കു വന്ന സമാനമായ കേസിലാണ് ബോംബെ ഹൈക്കോടതി നിരീക്ഷണരൂപേണ ആശങ്ക പങ്കുവച്ചത്. പെണ്‍കുട്ടികള്‍ പ്രതികാരം തീര്‍ക്കാന്‍ നല്‍കുന്ന പരാതിയില്‍ പല യുവാക്കളുടെയും ജീവിതം മാസങ്ങളോ വര്‍ഷങ്ങളോ തടവറയിലാകുന്നതിന് ഇതു കാരണമാകുന്നതായി ജസ്റ്റിസുമാരായ വിദ്യാസാഗന്‍ കനാഡേയും നൂതന്‍ സര്‍ദേശായിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇരുപതു വയസുകാരി നല്‍കിയ പരാതിയില്‍ കേസെടുത്തിനെതിരേ കാമുകനായിരുന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരത്തില്‍ നിരവധി ബലാത്സംഗ പരാതികള്‍ ഉയര്‍ന്നുവരുന്നതായി കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള പല ലൈംഗികബന്ധങ്ങളും പ്രണയം തകരുമ്പോള്‍ ബലാത്സംഗമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. പലപ്പോ‍ഴും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ നീളുന്ന ബന്ധങ്ങളിലാണ് ഇത്തരം പരാതികള്‍ ഉയരുന്നത്. ഇതു പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു എന്നു വിശ്വസിക്കേണ്ടിവരും.

പ്രായപൂര്‍ത്തിയായവരാകുമ്പോള്‍ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് നിയമത്തിന്‍റെ ആനുകൂല്യമുണ്ട്. അടുത്തകാലത്ത് ചില നിയമങ്ങള്‍ ലിവിംഗ് ടുഗെദര്‍ ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങളില്‍ സ്ത്രീക്കു സുരക്ഷിതത്വം നല്‍കാന്‍ നിയമങ്ങള്‍ ഉണ്ടാക്കണം. അതിനു നിയമനിര്‍മാണ സഭയ്ക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരം ബന്ധങ്ങളെ ലിവിംഗ് ടുഗെദര്‍ ബന്ധങ്ങളുടെ പരിധിയില്‍ കൊണ്ടുവരണമെന്നു ഗാര്‍ഹിക പീഡന നിയമം ബാധകമാക്കണമെന്നും കോടതിനിര്‍ദേശിച്ചു. ഇത്തരം പരാതികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.


{}
{}