• Today is: Friday, February 24, 2017

സെറീന വില്യംസ് വിവാഹിതയാകുന്നു; കവിതയുടെ രൂപത്തിൽ പ്രണയം വെളിപ്പെടുത്തി സെറീന

Serena-Williams

ന്യൂയോർക്ക്: അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് വിവാഹിതയാകുന്നു. 35 വയസ്സുള്ള സെറീന റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമ സ്ഥാപനത്തിലൂടെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. റെഡ്ഡിറ്റിന്റെ സഹസ്ഥാപകൻ അലക്‌സിസ് ഒഹാനിയൻ ആണ് സെറീനയുടെ ജീവിതപങ്കാളി. ദീർഘകാലമായി പ്രണയത്തിലായിരുന്നു സെറീനയും അലക്‌സിസും. പ്രണയം പുറത്തുവിട്ടെങ്കിലും വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ല. ഒഹാനിയന്റെ വക്താവ് പ്രണയവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യത്യസ്തമായ രീതിയിലായിരുന്നു സെറീന തന്റെ പ്രണയം വെളിപ്പെടുത്തിയത്. റെഡിറ്റിൽ പ്രണയാഭ്യർഥനകളെ സംബന്ധിക്കുന്ന കഥകൾ പങ്കുവയ്ക്കുന്ന ഫോറത്തിൽ ഒരു കവിതയുടെ രൂപത്തിൽ. ഒഹാനിയൻ പ്രണയാഭ്യർഥന നടത്തിയത് അടക്കമുള്ള സംഭവങ്ങളാണ് കവിതാരൂപത്തിൽ ആവിഷ്‌കരിച്ചത്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു.

sereenaa2_1212
സെറീന റെഡിറ്റില്‍ പോസ്റ്റ് ചെയ്ത കവിത

സെറീന-ഒഹാനിയൻ പ്രണയം നേരത്തെ തന്നെ ഗോസിപ്പുകളുടെ രൂപത്തിൽ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സെറീനയോ ഒഹാനിയനോ പ്രതികരിക്കാതെ ഒളിച്ചു നടക്കുകയായിരുന്നു. ഇതുവരെ പ്രണയക്കാര്യത്തിൽ ഇരുവരും ആർക്കും പിടികൊടുത്തിട്ടുണ്ടായിരുന്നില്ല. സെറീനയേക്കാൾ രണ്ടു വർഷം ഇളയതാണ് ഒഹാനിയൻ. സെറീനയ്ക്ക് 35ഉം ഒഹാനിയന് 33ഉം ആണ് പ്രായം. വിവാഹക്കാര്യം വെളിപ്പെടുത്തിയ സെറീനയെ വനിതാ ടെന്നീസ് അസോസിയേഷൻ അഭിനന്ദിച്ചു.

വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സോഷ്യൻ മീഡിയയാണ് റെഡിറ്റ്. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് കണ്ടന്റുകളും ഡയറക്ട് ലിങ്കുകളും ഇതിൽ ഷെയർ ചെയ്യാം.


{}
{}