• Today is: Tuesday, February 28, 2017

ഹീറോ കരിസ്മ വിപണിയിൽ നിന്ന് പിൻവലിക്കുന്നു; 2018-ൽ പിൻവലിച്ചേക്കും

Hero-Kariazma

മുബൈ: ഹീറോ മോട്ടോഴ്‌സിന്റെ ഉയർന്ന സിസി ബൈക്കായ കരിസ്മ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഹീറോ ഒരുങ്ങുന്നതായി വാർത്തകൾ. രണ്ടു വർഷത്തിനകം കരിസ്മയെ വിപണിയിൽ നിന്ന് പിൻവലിക്കാനാണ് ഹീറോ ആലോചിക്കുന്നത്. അതായത് 2018 മുതൽ കരിസ്മ വിപണിയിലുണ്ടാകില്ലെന്നു സാരം. ഹീറോയുടെ 200-250 സിസി വിഭാഗത്തിലെ ഏക സാന്നിധ്യമായിരുന്ന കരിസ്മയ്ക്കു പക്ഷേ കാര്യമായ രീതിയിൽ വിപണി പിടിക്കാൻ സാധിച്ചിരുന്നില്ല. ഇതാണ് കരിസ്മ പിൻവലിക്കാൻ ഹീറോയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ ഹീറോയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

200-250 സിസി സെഗ്മെന്റിൽ നിന്ന് കരിസ്മ പിൻവലിക്കുന്നതോടെ ഈ സെഗ്മെന്റിൽ ഹീറോയുടെ സാന്നിധ്യം ഇല്ലാതാകും. പകരം ഈ സെഗ്മെന്റിൽ കൂടുതൽ മികച്ച മോഡലുകളിറക്കി വിപണി പിടിക്കാനുള്ള നീക്കത്തിലാണ്? ഹീറോ മോട്ടോ കോർപ്. ഹീറോ ബ്രാൻഡിൽ ഏറ്റവും വിൽപന കുറഞ്ഞ മോഡലും കരിസ്മയാണ്. സിബിസിക്കു പകരക്കാരനായെത്തിയ കരിസ്മയ്ക്കു പക്ഷേ സിബിസിയുടെ വിപണിസാന്നിധ്യം
ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.

നിലവിൽ കരിസ്മയുടെ രണ്ടു വേരിയന്റുകളാണ് വിപണിയിലുള്ളത്. കരിസ്മയും കരിസ്മ ഇസഡ്എംആറും. യഥാക്രമം 84,000 രൂപയും 1.10 ലക്ഷം രൂപയുമാണ് ഇവയുടെ വില. ഏപ്രിൽ മുതൽ നവംബർ വരെയുള്ള പാദത്തിൽ ആകെ 289 യൂണിറ്റാണ് കരിസ്മ വിറ്റഴിഞ്ഞത്. ഇക്കാലയളവിൽ ഇരുചക്ര വിപണിയിലെ 200-250 സിസി വിഭാഗത്തിൽ ആകെ വിൽപന 1.22 ലക്ഷത്തോളം ആയിരുന്നു. അതായത് ഈ സെഗ്മെന്റിൽ ഹീറോയുടെ വിപണി പങ്കാളിത്തം വെറും 0.24 ശതമാനമായി ചുരുങ്ങി. അതേസമയം ബജാജ് പൾസർ 220 ഇക്കാലയളവിൽ 64,289 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.

എന്നാൽ, കരിസ്മ പിൻവലിക്കുന്ന വിവരം ഔദ്യോഗികമായി ഹീറോ മോട്ടോകോർപ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരിസ്മ ഇപ്പോഴും മികച്ച മോഡൽ തന്നെയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തുടർച്ചയായ പരിഷ്‌കാരങ്ങളും നവീകരണങ്ങളുമായി ആകർഷണീയത നിലനിർത്താൻ ‘കരിസ്മ’യ്ക്കു കഴിയുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം കൂടുതൽ സംവിധാനങ്ങളുള്ള പുതിയ വാഹനം വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.


{}
{}