നടി നന്ദിതാ ദാസ് വിവാഹമോചിതയായി; ഞെട്ടിക്കുന്ന വിവാഹമോചന വാർത്തയുമായി പുതുവർഷം - Kairalinewsonline.com
ArtCafe

നടി നന്ദിതാ ദാസ് വിവാഹമോചിതയായി; ഞെട്ടിക്കുന്ന വിവാഹമോചന വാർത്തയുമായി പുതുവർഷം

പുതുവർഷം പിറക്കുന്നത് ഞെട്ടിക്കുന്ന വിവാഹമോചന വാർത്തയുമായിട്ടാണ്. നടിയും സംവിധായികയുമായ നന്ദിതാ ദാസ് ഭർത്താവ് സുബോധ് മസ്‌കാരയിൽ നിന്ന് വിവാഹമോചനം തേടിയെന്ന വാർത്ത. 2010-ൽ സുബോധ് മസ്‌കാരയെ രണ്ടാം വിവാഹം ചെയ്ത നന്ദിത ആറു വർഷങ്ങൾക്കു ശേഷമാണ് വിവാഹമോചനം നേടുന്നത്. 2002-ൽ സൗമ്യ സെന്നിനെ ആദ്യം വിവാഹം ചെയ്ത നന്ദിത 2007-ൽ വിവാഹമോചനം നേടിയിരുന്നു.

സുബോധിൽ നിന്നും വേർപിരിയാനുള്ള തീരുമാനം നന്ദിത സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ എന്താണ് ഇതിനു കാരണമെന്നു നന്ദിത വ്യക്തമാക്കിയിട്ടില്ല. വേദനിപ്പിക്കുന്നതെങ്കിലും പിരിയാൻ തീരുമാനിച്ചെന്നു മാത്രമാണ് നന്ദിത ദേശീയ മാധ്യമത്തോടു പറഞ്ഞത്. ഇക്കാര്യത്തിൽ സുബോധിന്റെ പ്രതികരണവും എത്തിയിട്ടില്ല. സുബോധ് യാത്രയിലാണ്. ഇരുവർക്കും ആറു വയസ്സുള്ള ഒരു മകനുണ്ട്. വിധാൻ. മകനാണു തങ്ങളുടെ രണ്ടുപേരുടെയും മുൻഗണന എന്നും നന്ദിത പറയുന്നു.

നടിയായും സംവിധായികയായും തിളങ്ങിയിട്ടുള്ള നന്ദിത ദാസ് ഇന്ത്യൻ സിനിമാരംഗത്ത് കുറിച്ചിടപ്പെടേണ്ട സ്ത്രീകളിൽ ഒരാളാണ്. ഫയർ, എർത്ത്, മിത്ര് മൈ ഫ്രണ്ട്, കന്നത്തിൽ മുത്തമിട്ടാൽ, അഴകി, ബിഫോർ ദ റെയിൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ നന്ദിത സ്വന്തം അടയാളം ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ രേഖപ്പെടുത്തി. എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും നന്ദിത തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കടുത്ത നിരീശ്വരവാദിയാണ്. നാടകങ്ങളിലൂടെയാണ് നന്ദിത അഭിനയരംഗത്ത് എത്തിയത്. പിന്നാലെ സിനിമയിലേക്കും കാൽവച്ചു. മലയാളം അടക്കമുള്ള പ്രമുഖ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

To Top