അമ്മയ്ക്കു പകരം ചിന്നമ്മ വേണ്ട; ജയലളിത സ്മാരകത്തിനു സമീപം ആത്മഹത്യാശ്രമം

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ആത്മഹത്യാശ്രമം. ജയലളിതയുടെ പിൻഗാമിയായി ശശികല വരുന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്. ചെന്നൈയിലെ ജയലളിത സ്മാരകത്തിനു സമീപമായിരുന്നു ആത്മഹത്യാശ്രമം. കെ.ശിവാജി ആനന്ദ് എന്നയാളാണ് ശനിയാഴ്ച വൈകുന്നേരം ജയലളിതയുടെ സ്മാരകത്തിനു സമീപം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

എലിവിഷമാണ് ആനന്ദ് ശിവാജി കഴിച്ചത്. സംഭവം കണ്ടയുടനെ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പോക്കറ്റിൽ ഇയാൾ ഒരു ആത്മഹത്യാ കുറിപ്പ് കരുതിയിരുന്നു. ഇതിലാണ് ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം കുറിച്ചിരുന്നത്. ജയലളിതയ്ക്കു പകരം ശശികല ജനറൽ സെക്രട്ടറിയാകുന്നതിലുള്ള പ്രതിഷേധമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു ആത്മഹത്യാകുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനന്ദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

ഡിസംബർ 30നു എഐഎഡിഎംകെ ജനറൽ കൗൺസിലിലാണ് ശശികലയെ പാർട്ടി താൽകാലിക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ശശികലയെ ജനറൽ സെക്രട്ടറിയായി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം പാർട്ടി ജനറൽ കൗൺസിലിൽ പാസാക്കി. ശശികലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാം എന്നു എഐഎഡിഎംകെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയമാണ് പാസാക്കിയത്. ആകെ 14 പ്രമേയങ്ങൾ ജനറൽ കൗൺസിലിൽ പാസാക്കി. ഇതിൽ അഞ്ചാമത്തെ പ്രമേയമായിരുന്നു ശശികലയുടെ നേതൃത്വം അംഗീകരിക്കുന്നത്. പുതിയൊരു ജനറൽ സെക്രട്ടറി തെരഞ്ഞെടുക്കപ്പെടുന്നതു വരെ ശശികല നയിക്കട്ടെ എന്നു നിർദേശിക്കുന്നതായിരുന്നു പ്രമേയം.

ജയലളിത നയിച്ച പാതയിലൂടെ പാർട്ടി നയിക്കുമെന്ന് ശശികല പറഞ്ഞു. ജയലളിതയുടെ വിയോഗത്തോടെ തമിഴ്‌നാട് അനാഥമായെന്നും അവർ പറഞ്ഞു. അടുത്ത നൂറുവർഷം എഐഎഡിഎംകെ തന്നെ തമിഴ്‌നാട് ഭരിക്കുമെന്നും തന്റെ ജീവിതം ഇനി തമിഴ്ജനതയ്ക്ക് വേണ്ടി നീക്കി വച്ചിരിക്കുകയാണെന്നും ശശികല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News