നരേന്ദ്രമോദി ജനങ്ങളെ നിരാശപ്പെടുത്തി; രാജ്യത്തെ വഞ്ചിച്ചു; നോട്ട് നിരോധനം വന്‍ ദുരന്തമായി; ഹിമാലയന്‍ വിഡ്ഢിത്തം പ്രധാനമന്ത്രി തുറന്നു സമ്മതിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നോട്ട് നിരോധനം വന്‍ ദുരന്തമായി. ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്. നോട്ട് ദുരന്തത്തിന് പരിഹാരം കാണാത്ത തട്ടിപ്പ് പ്രഖ്യാപനമാണ് മോദിയുടേത്. ചില്ലറ മേമ്പൊടി ആനുകൂല്യങ്ങള്‍കൊണ്ട് മറച്ചുവയ്ക്കാന്‍ കഴിയുന്നതല്ല രാജ്യം നേരിടുന്ന വന്‍ പ്രതിസന്ധിയെന്നും കോടിയേരി പറഞ്ഞു.

1000, 500 രൂപ നോട്ട് പൊടുന്നനെ അസാധുവാക്കിയതുകൊണ്ട് എന്തുഗുണമുണ്ടായി എന്ന് വ്യക്തമാക്കുന്നതില്‍ മോദി പരാജയപ്പെട്ടു. ജനങ്ങള്‍ വിവരണാതീതമായ കഷ്ടപ്പാട് സഹിക്കുകയാണ്. സംസ്ഥാനങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടു. ഈ സാമ്പത്തിക അടിയന്തരാവസ്ഥ ഹിമാലയന്‍ വിഡ്ഢത്തമാണെന്ന് തുറന്ന് പറയാനുള്ള സത്യസന്ധതയെങ്കിലും മോദി കാണിക്കണം. – കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വലിയ നോട്ടുകളില്‍ തീവ്രവാദവും പാകിസ്ഥാന്‍ ഏജന്റുമാരും അധോലോകവും ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് ഈ നോട്ടുകള്‍ക്ക് പകരം 2000 രൂപ നോട്ട് അച്ചടിച്ച് ഇറക്കിയെന്ന് മോദി വ്യക്തമാക്കണം. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ എത്രയെണ്ണം ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി പറയാതിരുന്നത് ലക്ഷ്യം പാളിയതുകൊണ്ടാണെന്നും കോടിയേരി വിമര്‍ശിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 53 ജില്ലകളില്‍ നടപ്പാക്കിയതാണ് ദരിദ്ര വിഭാഗക്കാരായ ഗര്‍ഭിണികള്‍ക്ക് 6000 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതി. പാവപ്പെട്ടവര്‍ക്കുള്ള ഭവന വായ്പയിലെ പലിശയിളവ് നേരത്തെ തന്നെ ഉള്ളതാണ്. ബാങ്കിംഗ് മേഖലയില്‍ ജനവിരുദ്ധമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നതാണ് നാട് പൊതുവില്‍ ആവശ്യപ്പെടുന്നത്. നിക്ഷേപിച്ച തുകയും ശമ്പളവും മാറുന്നതിന് ഇനിയും അമാന്തം കാണിക്കുന്നത് ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നതാണ്. – കോടിയേരി പറഞ്ഞു.

സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വൃക്തികള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും പരിഹാരം കാണണം. ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. ബാങ്കില്‍ നിക്ഷേപിച്ച പണം ആവശ്യാനുസരണം തിരിച്ചുകിട്ടുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിബന്ധനകളും എടുത്തുകളയണം. ആവശ്യം നേടിയെടുക്കാനുള്ള തുടര്‍ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും  കോടയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here