എംടിക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് കമല്‍; ബിജെപി തന്നെ വേട്ടയാടുന്നത് മുസ്ലീമായതുകൊണ്ട്

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് കമല്‍ അടക്കമുള്ളവര്‍ എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

തിരൂര്‍ തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്ക്കരിക്കാന്‍ കഴിയാത്ത ദുഖമാണ് സംഘ്പരിവാറിന്. നിര്‍മ്മാല്യം ചിത്രീകരിച്ചതിന്റെ പകയാണ് എംടിക്ക് എതിരായ വിമര്‍ശനത്തിന് കാരണം. എംടിക്കെതിരെ നടന്നത് സാംസ്‌ക്കാരിക ഫാസിസമാണ്. മുസ്ലീമായതുകൊണ്ടാണ് സംഘ്പരിവാര്‍ തന്നെ വേട്ടയാടുന്നതെന്നും കമല്‍ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് തനിക്കെതിരെ സംഘ്പരിവാര്‍ പോസ്റ്റര്‍ പതിച്ചതും രാജ്യദ്രോഹി ഈ ദേശം വിട്ടുപോകണമെന്ന് പറഞ്ഞതും കമല്‍ ഓര്‍ത്തെടുത്തു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എംടി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എംടിക്കെതിരെ ബിജെപി രംഗത്തുവന്നത്.

കേന്ദ്രസര്‍ക്കാരിനെ പഴിപറയാന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെന്താണ് അര്‍ഹതയെന്ന് ചോദിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആദ്യം രംഗത്തുവന്നത്. പിന്നാലെ സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എംടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, എഴുത്തുകാരനായ സേതു, സക്കറിയ, ഛായാഗ്രാഹകന്‍ വേണു, നടന്‍ മാമുക്കോയ തുടങ്ങി നിരവധിപേര്‍ എംടിയെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു.

ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘ്പരിവാര്‍ തിരിഞ്ഞത്. ദേശീയഗാനത്തെ കമല്‍ അപമാനിച്ചുവെന്നായിരുന്നു ആരോപണം. കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രതിഷേധിക്കുകയും രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here