സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ട്രീയശക്തികള്‍ക്കുള്ള കനത്ത താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പു നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ടീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മതജാതി വികാരങ്ങള്‍ ഇളക്കി വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടനാ നിഷേധികളും അഴിമതിക്കാരുമാണ് എന്നാണ് പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയം സംബന്ധിച്ച ഇടതുപക്ഷ നിലപാടിനുള്ള സാധൂകരണമാണ് ഈ വിധിയെന്നും പിണറായി അഭിപ്രായപെട്ടു.

തെരഞ്ഞെടുപ്പില്‍ മത ചിഹ്നങ്ങളും മത സ്പര്‍ധയും സാമുദായിക വികാരവും ആയുധമാക്കുന്നത് കുറ്റകൃത്യമാണ്. രാഷ്ട്രീയത്തില്‍ നിന്ന് മതം വേറിട്ടു നില്‍ക്കണം. രാഷ്ട്രീയത്തില്‍ മതത്തെ കൂട്ടിക്കലര്‍ത്തരുത്. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. ജനപ്രതിധിധിയുടെ പ്രവര്‍ത്തനം മതേതരമാകണം എന്ന കോടതിയുടെ വിലയിരുത്തല്‍ അത്യന്തം സ്വാഗതാര്‍ഹമാണ്. സങ്കുചിത വികാരങ്ങള്‍ മൂലധനമാക്കി വോട്ടു ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഈ വിധി. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മത നിരപേക്ഷ രാഷ്ട്രീയത്തിലാണ് രാജ്യത്തിന്റെ ഭാവി എന്നാണ് ഈ വിധിയിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel