പങ്കാളികൾ വഞ്ചിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ് - Kairalinewsonline.com
DontMiss

പങ്കാളികൾ വഞ്ചിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്

പങ്കാളികൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് എപ്പോഴാണ്. എന്തുകൊണ്ടാണ്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതൊന്നു ചിന്തിച്ചാൽ.., ആ കാരണങ്ങൾ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരു പരിധി വരെ വേർപിരിയലുകൾ ഒഴിവാക്കാം. നല്ലൊരു ദാമ്പത്യജീവിതം നയിക്കുകയും ചെയ്യാം. വിശ്വാസക്കുറവ്, സ്‌നേഹക്കുറവ്, പ്രതികാരം, കിടപ്പറയിലെ പ്രശ്‌നങ്ങൾ എന്നിങ്ങനെ പലതും പങ്കാളി വഞ്ചിക്കുന്നതിനു കാരണമായി പറയുന്നുണ്ട്. എന്നാൽ, സംഗതി അതൊന്നുമല്ല. ആൺ-പെൺ ലിംഗവ്യത്യാസം തന്നെയാണ് ഇതിനു പ്രധാന കാരണം എന്നാണ് പറയപ്പെടുന്നത്.

സ്ത്രീകളുടെ കാര്യത്തിൽ ഇതിനു പ്രധാനമായും ഒരു കാരണമാണുള്ളത്. അതു വൈകാരികമാണ്. വൈകാരികമായി അവരിൽ നിന്ന് അകലുന്നു എന്നു തോന്നുമ്പോൾ. എന്നാൽ, പുരുഷൻമാരുടെ കാര്യത്തിൽ അത് ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. കുറച്ചു കൂടി വിശദമായി പറയാം. സ്ത്രീകൾ പലപ്പോഴും അവരെ പങ്കാളി അവഗണിക്കുന്നു എന്നു തോന്നുമ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുന്നത്. പങ്കാളി തന്നെ അവഗണിക്കുന്നു. തന്നെ ശ്രദ്ധിക്കുന്നില്ല എന്നു തോന്നുകയും ഒറ്റപ്പെടലിന്റെ വക്കിലെത്തുകയും ചെയ്യുമ്പോൾ അവർ ആശ്വാസം നൽകുന്ന മറ്റൊരു ബന്ധത്തിലേക്ക് വഴുതി വീഴും.

പുരുഷൻമാരുടെ കാര്യത്തിൽ ഇതു ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. കിടപ്പറയിൽ പങ്കാളിയിൽ നിന്നു വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്നു തോന്നുമ്പോൾ അവർ മറ്റൊരാളിലേക്ക് ആകൃഷ്ടരാകുന്നു. അതല്ലെങ്കിൽ സ്വന്തം പങ്കാളിയേക്കാൾ ലൈംഗികാർഷണം തോന്നുന്ന മറ്റാരെയെങ്കിലും കണ്ടാലും വഞ്ചിക്കാനുള്ള സാധ്യതയുണ്ട്.

വിവാഹം-കുടുംബം എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഫാമിലി തെറാപ്പിസ്റ്റ് വിൻഫ്രഡ് റീലി പറയുന്നത്; ഒറ്റപ്പെടൽ അനുഭവിച്ചതു കൊണ്ടാണ് താൻ മറ്റൊരു ബന്ധം തേടിയതെന്നാണ് സ്ത്രീകൾ പറഞ്ഞതെന്നാണ്. പങ്കാളിയുമായി ഒരു അടുപ്പവും തോന്നിയില്ല. പങ്കാളി താനുമായി അടുത്തില്ല. വല്ലാതെ ഒറ്റപ്പെട്ടു. ഒരു സ്ത്രീ വിൻഫ്രഡിനോടു പറഞ്ഞു. അത്തരം സ്ത്രീകൾക്ക് അവരുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന ഒരാളുടെ സാന്നിധ്യം അത്യാവശ്യമായിരുന്നെന്നും പറഞ്ഞു.

To Top