പാക് വിവരാവകാശ കമ്മിഷന്റെ വെബ്‌സൈറ്റ് കൈയ്യടക്കി മല്ലു ഹാക്കര്‍മാര്‍; വെബ്‌സൈറ്റില്‍ നിറയെ ട്രോളുകളും അശ്ലീല പരാമര്‍ശങ്ങളും; വെബ്‌സൈറ്റ് തിരിച്ചുപിടിക്കാനാവാതെ പാക് അധികൃതര്‍

കൊച്ചി : പാകിസ്താന്‍ വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക് ചെയ്ത് മലയാളി ഹാക്കര്‍മാര്‍. കേരളത്തില്‍ നിന്നുള്ള ഹാക്കിംഗ് സംഘമായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’ ആണ് വെബ്‌സൈറ്റ് കയ്യേറിയത്. വിവരാവകാശ സ്ഥാപനമായ ഖൈബര്‍ പക്തണ്‍ഖ്വയുടെ വെബ്‌സൈറ്റ് ആണ് ഹാക്കിംഗിന് ശേഷം കൈയ്യേറിയത്. മലയാളത്തിലുള്ള ട്രോളുകളും ഇന്ത്യ അനുകൂല വാര്‍ത്തകളുമാണ് വെബ്‌സൈറ്റ് നിറയെ പോസ്റ്റ് ചെയ്തത്.

ഹാക്ക് ചെയ്തത് മാത്രമല്ല, വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ മലയാളികള്‍ക്കായി യൂസര്‍ നെയിമും പാസ് വേഡും പബ്ലിക് ആയി നല്‍കി. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്. യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് വിരുതന്മാര്‍ വെബ്‌സൈറ്റില്‍ അര്‍മാദം തുടരുകയാണ്.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പേസ്ബുക് പേജും സൈറ്റില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഉള്ളി സുര – ദി ദുരന്തന്‍ എന്നാണ് സുരേന്ദ്രന് നല്‍കിയ വിശേഷണം. മലയാളത്തിലുള്ള അശ്ലീല പദങ്ങളും സൈറ്റില്‍ ആവശ്യത്തിന് ചേര്‍ത്തിട്ടുണ്ട്. ബേനസീറിനെതിരെയും ആക്ഷേപമുണ്ട്. പാകിസ്താന്‍ വില്‍പ്പനയ്ക്ക് എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ ലഭിക്കുന്നത് രസകരമായ ഒരു വഴിയാണ്. തെക്കേ വശത്തുള്ള പ്ലാവില്‍ കേറി മതില്‍ ചാടി കുഴിയില്‍ വീണ് ഇഴഞ്ഞുകേറി ചെന്നാല്‍ അവിടെ എത്താമെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

Pak-Website

ഞങ്ങള്‍ ഇതോടെ നിര്‍ത്തും എന്ന് പ്രതീക്ഷിക്കണ്ട എന്നും, പോയി പപ്പത്തണ്ടില്‍ തൂങ്ങിച്ചാവടായെന്നും പാകിസ്താനെ പരിഹസിക്കുന്നു. ഒരു മലയാളം ചാനലിന്റെ ലോഗോയും കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സുമെല്ലാം പ്രധാന പേജിലുണ്ട്. പാക് പതാക കത്തിക്കുന്ന ചിത്രങ്ങളും മല്ലൂസ് വെബ്‌സൈറ്റില്‍ നല്‍കി.

ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു എന്ന രീതിയിലുള്ള പോസ്റ്റുകളും വാര്‍ത്തകളുടെ ലിങ്കും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ പതാക പാറുന്ന ചിത്രവും മല്ലു ഹാക്കേഴ്‌സ് വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തില്‍ ചേര്‍ത്തു. പ്രസവത്തിന് 6000 രൂപ പ്രഖ്യാപിച്ച മോദിയും കുമ്മനം രാജശേഖരനുമെല്ലാം വെബ്‌സൈറ്റില്‍ ട്രോളിന് ഇരയായിട്ടുണ്ട്.

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ആക്രമിച്ച പാക് ഹാക്കര്‍മാര്‍ക്കെതിരായ പ്രതികാരമായാണ് നടപടി. ഇടയ്ക്കിടെ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ആക്രമിക്കുന്ന നടപടിക്കെതിരെ വ്യാപക ആക്രമണമാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ നടത്തുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് ആക്രമിച്ച നടപടിക്ക് പ്രതികാരമായാണ് മല്ലു ഹാക്കര്‍മാരുടെ നടപടിയെന്നാണ് സൂചന.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News