ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ട്രെയിൻ സർവീസ്; 18 ദിവസം കൊണ്ട് 12,000 കിലോമീറ്റർ യാത്ര

ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ അല്ല സർവീസ് ആരംഭിച്ചിരിക്കുന്നത്. ചൈനയിൽ നിന്നു ബ്രിട്ടനിലേക്ക് ചരക്കു ട്രെയിൻ സർവീസ് ആരംഭിച്ചു. യുകെയുമായുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ചൈന ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുള്ളത്. 18 ദിവസത്തെ യാത്രയാണ് ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ. ആകെ 12,000 കിലോമീറ്ററുകൾ ട്രെയിൻ യാത്ര ചെയ്യും. ചൈന റെയിൽ കോർപറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

ചൈനയിലെ അന്താരാഷ്ട്ര കമ്മോഡിറ്റി ഹബ്ബ് ആയ സീജിയാങ് പ്രവിശ്യയിലെ യിവുവിൽ നിന്ന് ലണ്ടനിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. ഏഴു രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ട്രെയിൻ ലണ്ടനിൽ എത്തിച്ചേരുക. 18 ദിവസം നീളുന്ന യാത്രക്കിടെ കസാഖ്സ്ഥാൻ, റഷ്യ, ബെലാറസ്, പോളണ്ട്, ജർമനി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. ചൈന ചരക്ക് ട്രെയിൻ സർവീസ് നടത്തുന്ന 15-ാമത് നഗരമാണ് ലണ്ടൻ. കയറ്റുമതി വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടുകയാണ് ചൈനയുടെ ലക്ഷ്യം.

വസ്ത്രങ്ങൾ, ബാഗുകൾ, സ്യൂട്ട്‌കേസുകൾ, വീട്ടുപകരണങ്ങൾ എന്നിവയാണ് പ്രധാനമായും ട്രെയിനിൽ ഉള്ളത്. പടിഞ്ഞാറൻ യൂറോപ്പുമായി വ്യാപാരബന്ധങ്ങൾ വർധിപ്പിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന റോഡ്-റെയിൽ മാർഗങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പഴയ സിൽക്ക് റോഡ് എന്ന ആശയമാണ് വൺ ബെൽറ്റ് വൺ റോഡ് എന്ന പേരിൽ പുനരാവിഷ്‌കരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News