പേടിഎം ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നു; ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും; ആർബിഐ അംഗീകാരം നൽകി - Kairalinewsonline.com
Business

പേടിഎം ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നു; ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും; ആർബിഐ അംഗീകാരം നൽകി

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ പേടിഎം ആപ്പ് ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്കുകൾ ആരംഭിക്കുന്നു. പേടിഎമ്മിനു ബാങ്കിംഗ് മേഖലയിലേക്ക് ചുവടു മാറുന്നതിനുള്ള അനുമതി ലഭിച്ചു. റിസർവ് ബാങ്ക് ഇതിനായി പേടിഎമ്മിനു അനുമതി നൽകി. ആർബിഐ അംഗീകാരം ലഭിച്ചതോടെ പേടിഎം പേയ്‌മെന്റ് ബാങ്ക് വൈകാതെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരിയിൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ബാങ്കിംഗ് സേവനം ആരംഭിക്കുന്നതിനു കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ പേടിഎം നടപടികൾ ആരംഭിച്ചിരുന്നു. ഇതിനായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന കമ്പനിയും രജിസ്റ്റർ ചെയ്തിരുന്നു. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ മാതൃകാപരമായ സേവനങ്ങൾ സാധാരണക്കാർക്കായി നൽകുകയാണ് ലക്ഷ്യമെന്നു പേടിഎം പറയുന്നു. ലോകോത്തര സാങ്കേതികവിദ്യയാണ് ബാങ്കിംഗ് മേഖലയിൽ പേടിഎം അവതരിപ്പിക്കുകയെന്നും സിഇഒ വിജയ് ശേഖർ ശർമ്മ ബ്ലോഗിൽ അറിയിച്ചു.

ബാങ്കിംഗ് സംബന്ധിച്ച എല്ലാ സേവനങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിൽ ലഭ്യമാകും. നോയിഡയിലാണ് ആദ്യത്തെ ബ്രാഞ്ച് തുടങ്ങാൻ ആലോചിക്കുന്നത്. ഫെബ്രുവരിയിൽ ബാങ്ക് പ്രവർത്തനം ആരംഭിക്കും. സ്മാർട്ടഫോൺ അധിഷ്ഠിത ബാങ്കിംഗിനാണ് പേടിഎം പ്രാധാന്യം നൽകുന്നത്.

അടുത്തിടെ രാജ്യത്ത് വൻ പ്രചാരം നേടിയ ഇ-വാലറ്റ് ആപ്പ് ആണ് പേടിഎം. ഇക്കഴിഞ്ഞ ഡിസംബറിലാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നതിനു അനുമതി തേടി റിസർവ് ബാങ്കിനെ സമീപിച്ചത്.

To Top