തെരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തിയാല്‍ കള്ളപ്പണം ഇല്ലാതാവുമോ; ജനാധിപത്യത്തെ അട്ടിമറിക്കാന്‍ മോദി ശ്രമിക്കുന്നതെന്തിന്; ജനക്ഷേമ പ്രഖ്യാപനങ്ങളുടെ മറവിലെ അമിതാധികാര വാഴ്ചാ നീക്കങ്ങള്‍

പ്രധാനമന്ത്രിയുടെ വര്‍ഷാന്ത്യ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പിലെ കള്ളപ്പണ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണം എന്ന ഒരു നിര്‍ദ്ദേശം മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതുകൊണ്ട് തെരഞ്ഞെടുപ്പിലെ കള്ളപ്പണ സ്വാധീനം ഒഴിവാക്കാനാവുമൊ.? തെരഞ്ഞെടുപ്പ് ഒരിക്കല്‍ നടന്നാലും പലവട്ടമായി നടന്നാലും കള്ളപ്പണമുള്ളേടത്തോളം അതിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവും.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണ സ്വാധീനം ഒഴിവാക്കണമെങ്കില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു ചെലവ് സര്‍ക്കാര്‍ വഹിക്കുകയാണ് വേണ്ടത്. അതിന് തയ്യാറാവാതെ കള്ളപ്പണത്തിന്റെ സ്വാധീനം ഒഴിവാക്കുന്നതിന് തെരഞ്ഞെടുപ്പിന്റെ എണ്ണം കുറച്ചാല്‍ മതിയെന്ന് പറയുന്നത് പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും ജനാധിപത്യത്തോടും ഫെഡറലിസത്തോടുമുള്ള എതിര്‍പ്പാണ് വ്യക്തമാക്കുന്നത്. രാഷ്ട്രപതിയടക്കം രാജ്യത്തെ ബഹുമാന്യരായ പൗരന്മാര്‍ പലരും ഈ അഭിപ്രായം ഉന്നയിച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് പ്രധാനമന്ത്രി ഈ നിലപാടുകളെ ന്യായീകരിക്കുവാന്‍ നോക്കുന്നത്.

ഇന്ത്യയില്‍ നിലനില്ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകത അതിലെ ക്യാബിനറ്റ് അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിരന്തരമായും അസന്നിഗ്ദ്ധമായും ലോക്‌സഭയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. കൂട്ടുത്തരവാദിത്വത്തിന് പുറമെ സ്വന്തം ഭരണചുമതലകള്‍ മൂലമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ മന്ത്രിയും ലോകസഭയോട് വ്യക്തിപരമായും ഉത്തരവാദപ്പെട്ടിരിക്കുന്നു. നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന ഈ സഭയുടെ ജനകീയ സ്വഭാവത്തെ മാനിച്ചുകൊണ്ടുള്ള ഒന്നാണ് ഈ നടപടി. അതുകൊണ്ടാണ് ലോകസഭയില്‍ ഭൂരിപക്ഷമില്ലാതായാല്‍ ക്യാബിനറ്റ് രാജിവെക്കേണ്ടിവരുന്നത്.

Narendra-Modi-1

ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ പ്രകാരം ലോകസഭാതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയോ, മുന്നണിയോ ആണ് മന്ത്രിസഭ രൂപീകരിക്കുകയും ഭരണമേറ്റെടുക്കുകയും ചെയുന്നത്. ഭൂരിപക്ഷമുള്ള കക്ഷിയുടെ തലവനെയാണ് രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുന്നത്. ലോകസഭയുടെ കാലാവധി, നീട്ടിക്കൊടുക്കാത്തപക്ഷം, അഞ്ചു വര്‍ഷമാണെന്നതിനാല്‍ അഞ്ചുവര്‍ഷമാണ് മന്ത്രിസഭയുടെയും സാധാരണ ഗതിയിലുള്ള കാലാവധി.

വിവിധ സംസ്ഥാന നിയമസഭകളുടെയും മന്ത്രിസഭകളുടെയും പ്രവര്‍ത്തനരീതിയും ഇതിന് സമാനമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭയിലൊ നിയമസഭയിലൊ ഭൂരിപക്ഷമില്ലാത്ത കക്ഷിക്കോ, മുന്നണിയ്‌ക്കോ മന്ത്രിസഭയുണ്ടാക്കാനോ ഭരിക്കാനോ കഴിയില്ല. കെയര്‍ടേക്കര്‍ ഭരണം ഉണ്ടാവുന്നത് ഇടക്കാലത്തേക്ക് ഭരണസ്തംഭനം ഉണ്ടാവാതിരിക്കുന്നതിന് മാത്രമാണ്.

നിലവില്‍ ഭൂരിപക്ഷമുള്ള കക്ഷിക്കോ മുന്നണിക്കോ ഭൂരിപക്ഷം നഷ്ടപ്പെടുകയും പ്രതിപക്ഷത്തിന് ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് ലോകസഭയായാലും നിയമസഭയായാലും പോയേ പറ്റൂ. ഇങ്ങനെ ലോകസഭയിലേക്കും നിയമസഭയിലേക്കും അഞ്ചുവര്‍ഷകാലാവധിക്കു മുമ്പെ തെരഞ്ഞെടുപ്പ് നടന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലുണ്ട്. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി.

ഉദാഹരണമായി കേരളത്തെ എടുക്കുക 1957ല്‍ ഇഎംഎസ് മന്ത്രിസഭ അധികാരത്തില്‍ വന്നു. ലോകസഭതെരഞ്ഞെടുപ്പും ആ വര്‍ഷം തന്നെയാണ് നടന്നതെന്നും കരുതുക. മോദിയുടെ കണക്കനുസരിച്ച് പിന്നീട് തെരഞ്ഞെടുപ്പുണ്ടാവുക 1962ല്‍ മാത്രമാണ്. വിമോചന സമരം കൊണ്ടല്ല മറിച്ച് കാലുമാറ്റത്തില്‍ ഭൂരിപക്ഷം നഷ്ടമായതുകൊണ്ട് ഇഎംഎസ് മന്ത്രിസഭക്ക് രാജിവെക്കേണ്ടിവന്നതായും കരുതുക. മോദി പറയുന്നതനുസരിച്ച് ഇഎംഎസ് മന്ത്രിസഭ 1962വരെ തുടരണം അല്ലെങ്കില്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തണം. രണ്ടായാലും അത് ജനകീയമോ ജനാധിപത്യപരമൊ ആയ ഭരണമായിരിക്കില്ല ഫലത്തില്‍ മോദിയുടെ നിര്‍ദ്ദേശം നടപ്പിലായാല്‍ ജനാധിപത്യം തന്നെ ഇല്ലാതാവുന്ന സ്ഥിതിയാണ് വരിക.

Black-Money-Modi

വരയ്ക്ക് കടപ്പാട് – ദി ഇക്കണോമിക്സ് ടൈംസ്

മറ്റൊരു ഉദാഹരണം നോക്കാം. 2014ല്‍ അധികാരത്തില്‍ വന്ന മോദി ഗവണ്‍മെന്റിന് 2017ല്‍ ലോകസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും എന്നാല്‍ പ്രതിപക്ഷത്തിന് ബദല്‍ മന്ത്രിസഭയുണ്ടാക്കാനായില്ലെന്നും കരുതുക. സ്വാഭാവികമായും ലോകസഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പു നടത്തേണ്ടതായി വരും. മോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണെങ്കില്‍ 2014ല്‍ തന്നെ എല്ലാ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തേണ്ടതായിവരും. അങ്ങനെ അധികാരമേറ്റ സംസ്ഥാന മന്ത്രിസഭകള്‍ക്കൊക്കെ ഭൂരിപക്ഷമുണ്ടെങ്കിലും ലോകസഭയിലേക്ക് 2017ല്‍ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെന്നതിനാല്‍ രാജിവെച്ച് തെഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും. സഭയില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭ ബാഹ്യമായ കാരണങ്ങളാല്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമാവുക എന്നതും ജനാധിപത്യ വിരുദ്ധമാണ്.

എന്നാല്‍ തെരഞ്ഞുടുപ്പും കള്ളപ്പണവും തമ്മില്‍ ബന്ധമുണ്ട് എന്ന ന്യായമുന്നയിച്ച് തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയ്ക്കാനും ഇടക്കാലതെരഞ്ഞെടുപ്പുകള്‍ ഇല്ലാതാക്കാനും ഉള്ള ശ്രമമാണ് ആര്‍എസ്എസ് പ്രചാരക് ആയ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഡിസംബര്‍ 31ന്റെ പ്രസംഗത്തില്‍ ഉണ്ടായിരുക്കുന്നത്. ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്താവുന്ന വിധം തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ മാറ്റം വരുത്തണം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം കേള്‍ക്കുമ്പോള്‍ വളരെ ലളിതവും ഋജുവും ആണെന്ന് തോന്നാമെങ്കിലും നിലനില്ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെയും ഫെഡറലിസത്തെയും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് അതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവും.

ഇതൊക്കെ നിര്‍ദ്ദേശം വെച്ച മോദിക്കും അറിയാവുന്നതാണ്. എന്നിട്ടും ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നതെന്തുകൊണ്ട്?

കാരണമന്വേഷിച്ച് ഏറെ അലയേണ്ടതില്ല. ആര്‍എസ്എസുകാരുടെ പ്രത്യയശാസ്ത്രഗ്രന്ഥമായ ‘വിചാരധാര’യിലൂടെ കടന്നുപോയാല്‍ നമുക്ക് ഇതിന് ഉത്തരം കിട്ടും. ‘വിചാരധാര’യില്‍ ഗോള്‍വാള്‍ക്കര്‍ ഒരു പത്രലേഖകന് നല്‍കിയ അഭിമുഖം കൊടുത്തിട്ടുണ്ട്. അതില്‍ ജനാധിപത്യത്തിനേക്കാള്‍ കൂടുതല്‍ ആശാസ്യമായ ഭരണവ്യവസ്ഥ രാജവാഴ്ചയാണെന്നും ഉദാരമതിയായ ഒരു ഏകാധിപതിയുണ്ടാവുന്നതാണ് കൂടുതല്‍ നല്ല ഭരണം നടത്തുന്നതിന് സഹായകമാവുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.

മോദി അങ്ങനെ ഉദാരമതിയായ ഒരു ഏകാധിപതിയാവുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നവംബര്‍ 8ന് ഇന്ത്യന്‍ ധനകാര്യവ്യവസ്ഥയെ മുച്ചൂടും തകര്‍ത്ത നോട്ടുനിരോധനം പ്രഖ്യാപിച്ചത് ക്യാബിനറ്റ് അംഗങ്ങളെ വിളിച്ചുവരുത്തി ഒരു മുറിയിലിട്ട് അടച്ചിട്ടായിരുന്നു എന്ന് വാര്‍ത്തകള്‍ വന്നതാണ്.

ദേശത്തെ കള്ളപ്പണക്കാരില്‍ നിന്നും കള്ളനോട്ടുപയോഗിക്കുന്ന ഭീകരവാദികളില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി താന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച നോട്ടു നിരോധനം പാളിപ്പോയെന്നും ജനങ്ങളാകെ നോട്ടില്ലാതെ ബുദ്ധിമുട്ടികൊണ്ടിരിക്കുകയാണെന്നും വ്യക്തമായിട്ടും തെറ്റുതിരുത്തി പ്രശ്‌നം പരിഹരിക്കുന്നതിനല്ല മറിച്ച് ഏത് കടുത്ത തീരുമാനവും മുന്‍പിന്‍ നോക്കാതെ എടുക്കാനും നടപ്പിലാക്കാനും കെല്‍പുള്ള ശക്തനായ ഭരണാധികാരിയാണ് താന്‍ എന്ന പ്രതിച്ഛായ വളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്.

അതിന് വേണ്ടി മുന്‍ലക്ഷ്യമായ കള്ളപ്പണം പിടിക്കലിനെ മാറ്റിവെച്ച് ക്യാഷ്‌ലെസ് ഇക്കണോമി എന്ന വിപ്ലവകരമായ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണീ നടപടിയെന്ന് യാതൊരു ഉളുപ്പുമില്ലാതെ മാറ്റി പറയാന്‍ അദ്ദേഹം തയ്യാറായി.

എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് പറഞ്ഞ അമ്പതാം ദിവസം നടത്തിയ പ്രസംഗത്തില്‍ തന്റെ ദുഷ്‌ചെയ്തികൊണ്ട് ബാങ്കുകളില്‍ കുന്നുകൂടികിടക്കുന്ന നിക്ഷേപം ഒഴിവാക്കുന്നതിനായി പലിശ കുറച്ച് വായ്പ കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായപ്പോള്‍ അത് ജനക്ഷേമത്തിന്റെ മറവില്‍ പ്രഖ്യാപിക്കാനും പ്രധാനമന്ത്രി തയ്യാറായി. അതിന്റെ കൂടെയാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇത് അമിതാധികാര വാഴ്ചയിലേക്കുള്ള നീക്കമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here