ക്രിസ്മസ് അവധിക്കാലത്തെ ആര്‍എസ്എസ് ആയുധപരിശീലനത്തെപ്പറ്റി അന്വേഷിക്കണമെന്ന് സിപിഐഎം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് അനുവദിക്കരുതെന്നും സര്‍ക്കാരിനോട് സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : ക്രിസ്മസ് അവധിക്കാലത്ത് ആര്‍എസ്എസ് നടത്തിയ ആയുധ പരിശീലനത്തെപ്പറ്റി അന്വേഷിക്കണമെന്ന് സിപിഐഎം. ആര്‍എസ്എസിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കണം. ആരാണ് അനുമതി നല്‍കിയത് എന്ന് പ്രത്യേകം പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ശിബിരം എന്ന പേരിലാണ് കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തിയത്. ഇത് ദൃശ്യമാധ്യമങ്ങള്‍ തെളിവു സഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എതിരാളികളെ മര്‍മ്മത്തില്‍ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ‘നിയുദ്ധ’ എന്ന പരിശീലന പരിപാടിവരെ നടന്നു. 6 ദിവസങ്ങളില്‍ നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ കലാപകേന്ദ്രമാക്കാന്‍ ആര്‍എസ്എസ് തയ്യാറെടുക്കുന്നുവെന്നതിന്റെ തെളിവാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ആയുധ പരിശീലനത്തിന് വേണ്ടി സര്‍ക്കാര്‍ സ്‌കൂളുകള്‍ ദുരുപയോഗിച്ചത് അത്യന്തം ഗൗരവമുള്ളതാണ്. ഇതിന് ആരാണ് അനുമതി കൊടുത്തതെന്നു പ്രത്യേകം പരിശോധിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിച്ചു കൂടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് ചീമേനിയില്‍ ബോധപൂര്‍വം അക്രമം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്. കാസര്‍ഗോഡ് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ എറിഞ്ഞു തകര്‍ക്കുകയും സഞ്ചാരസ്വാതന്ത്ര്യം പോലും തടയുകയും ചെയ്തു. ഹൃദ്രോഗബാധിതനായ സിജെ ജോണിനെ ആര്‍എസ്എസുകാര്‍ വഴിയില്‍ തടഞ്ഞതിന്റെ ഫലമായി ചികിത്സ ലഭിക്കാതെ മരണപ്പെട്ട ദാരുണ സംഭവവും ഉണ്ടായെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരക്രമ കൂട്ടമായി കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപി. മാറി. ഇത്തരം സംഭവങ്ങള്‍ വഴി പ്രകോപനങ്ങള്‍ സൃഷ്ടിച്ച് വ്യാപകമായ അക്രമ സംഭവങ്ങളാണ് ബിജെപി നേതൃത്വത്തില്‍ നടക്കുന്നത്. ആര്‍എസ്എസ് നേതൃത്വമാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിലെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here