ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; ആശുപത്രിയെയും രോഗികളെയും ദുരിതത്തിലാക്കുന്ന നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഎസ്

തിരുവനന്തപുരം : റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആശുപത്രിയെയും രോഗികളെയും ദുരിതത്തിലാക്കുന്ന നടപടി സര്‍ക്കാര്‍ പരിശോധിക്കുകയും പരിഹാരം കാണുകയും വേണമന്ന് വിഎസ് പറഞ്ഞു.

നിരാലംബരായ ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ബദലായി ജീവന്‍ നിലനിര്‍ത്താനുള്ള ആശ്രയമാണ് ആര്‍സിസി. ആരോഗ്യസുരക്ഷാ രംഗത്ത് ആര്‍സിസിക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു പതിറ്റാണ്ടിലധികമായി ആര്‍സിസിയില്‍ സേവനരംഗത്തുള്ള ഡോക്ടര്‍മാരാണ് സമരരംഗത്തുള്ളത്. – വിഎസ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളെല്ലാം ഓങ്കോളജി വിഭാഗം ആരംഭിക്കുകയും സര്‍ക്കാര്‍ ഡോക്ടര്‍മാരെ വലവീശിപ്പിടിക്കാന്‍ നോക്കുകയും ചെയ്യുകയാണ്. അവരുടെ പ്രലോഭനങ്ങളെ അതിജീവിച്ചാണ് ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ സേവനം നല്‍കുന്നത്. ഈ ഡോക്ടര്‍മാരെ പുകച്ച് പുറത്തുചാടിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.

സാമ്പത്തികമായി ഒരിക്കലും പ്രായോഗികമല്ല എന്ന് സംസ്ഥാന ധനകാര്യവകുപ്പ് എഴുതിത്തള്ളിയതാണ് പുതിയ പെന്‍ഷന്‍ പദ്ധതി. ഇത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News