ബ്രാഡ് പിറ്റും ആഞ്ജലീനയും പിരിഞ്ഞതെന്തിന്? ഒടുവിൽ ആഞ്ജലീന മനസ്സു തുറന്നു - Kairalinewsonline.com
ArtCafe

ബ്രാഡ് പിറ്റും ആഞ്ജലീനയും പിരിഞ്ഞതെന്തിന്? ഒടുവിൽ ആഞ്ജലീന മനസ്സു തുറന്നു

ലോസ് ഏയ്ഞ്ചൽസ്: ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹബന്ധം വേർപിരിഞ്ഞതെന്തിന്? കഴിഞ്ഞ സെപ്തംബറിൽ വിവാഹ മോചന വാർത്ത വന്നതു മുതൽ ആരാധകരെല്ലാം ചോദിച്ചു കൊണ്ടിരുന്ന ചോദ്യമായിരുന്നു ഇത്. കഴിഞ്ഞയാഴ്ച ആഞ്ജലീനയുമായി വേർപിരിഞ്ഞതിൽ നല്ല സങ്കടമുണ്ടെന്നു ബ്രാഡ് പിറ്റ് ആദ്യമായി പ്രതികരിച്ചപ്പോഴും ഇക്കാര്യത്തിൽ ആഞ്ജലീന മൗനം പാലിക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴിതാ ഒടുവിൽ ആഞ്ജലീന മനസ്സു തുറന്നിരിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് പിരിഞ്ഞതെന്നാണ് ആഞ്ജലീന പറയുന്നത്.

കുട്ടികളെ അടിച്ചെന്ന ആരോപണത്തിൽ ആഞ്ജലീന നൽകിയ കേസിൽ നിന്ന് ബ്രാഡ് പിറ്റിനെ കോടതി കഴിഞ്ഞയാഴ്ച കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ ആഞ്ജലീനയുടെ വക്താവ് വാർത്താകുറിപ്പ് ഇറക്കിയിരിക്കുന്നത്. അതിൽ പറയുന്നത് ഇങ്ങനെ. കുടുംബത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് ആഞ്ജലീന അത്തരമൊരു തീരുമാനം എടുത്തത്. കുട്ടികളുടെ സുരക്ഷിതത്വമായിരുന്നു പ്രധാനം. ഇരുവരും പരസ്പരം ഒപ്പിട്ടു നൽകിയ നിയമപരമായ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ആഞ്ജലീനയ്ക്കു വിട്ടു കിട്ടുകയും ചെയ്തു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ചിൽഡ്രൻസ് ആൻഡ് ഫാമിലി സർവീസസിൽ കേസ് നൽകിയിരുന്നു. അവരുടെ ചുമതല കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. കുടുംബത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് തീരുമാനം എന്നു ആഞ്ജലീന നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഡിസിഎഫ്എസും ഇപ്പോൾ കുട്ടികൾ സുരക്ഷിതരായതിൽ സന്തോഷിക്കുന്നെന്നും പ്രസ്താവനയിൽ പറയുന്നു.

സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ചാണ് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരെ കേസ് കൊടുത്തിരുന്നത്. ഇതിൽ ബ്രാഡ് പീറ്റ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു. ബ്രാഡ് പിറ്റ് തെറ്റു ചെയ്‌തെന്ന് തെളിയിക്കാൻ ആഞ്ജലീന ജോളിക്കു സാധിച്ചിരുന്നുമില്ല. വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുഞ്ഞുങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരെ പരാതി നൽകിയത്.

കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്ക് വിട്ടുനൽകാൻ കോടതി വിധിച്ചിരുന്നു. ബ്രാഡ് പിറ്റിന് ഇടയ്ക്കിടെ കുട്ടികളെ കാണാനും സംസാരിക്കാനും കഴിയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇവർക്ക് ആറ് കുട്ടികളാണുള്ളത്. ഇതിൽ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്ന് ദത്തെടുത്തതാണ്.

To Top