പരിഹാരമാകാതെ സിനിമാ പ്രതിസന്ധി; തർക്കം തീർക്കാൻ വിളിച്ച ഇന്നത്തെ ചർച്ചയും പരാജയം; കളക്ഷന്റെ 50 ശതമാനം വേണമെന്നു തീയറ്റർ ഉടമകൾ

കൊച്ചി: സിനിമാ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. തർക്കം തീർക്കുന്നതിനായി തീയറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും ഇന്നു നടത്തിയ ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞു. നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നു നിർമാതാക്കളും തീയറ്റർ ഉടമകളും ചർച്ചയിൽ വ്യക്തമാക്കിയതോടെയാണ് ചർച്ച ദതീരുമാനമാകാതെ പിരിഞ്ഞത്. കളക്ഷന്റെ 50 ശതമാനം വേണമെന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്. എന്നാൽ, 40 ശതമാനം മാത്രമേ നൽകാനാകൂ എന്നു നിർമാതാക്കൾ നിലപാടെടുത്തു. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.

ഇന്നു ഉച്ചയ്ക്കു ശേഷം ഫിലിം ചേംബറിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിനെ ഒഴിവാക്കിയായിരുന്നു ചർച്ച. തീയറ്റർ വിഹിതം 50:50 ആക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. എന്നാൽ 40:60 എന്ന അനുപാതമേ അംഗീകരിക്കാനാകൂ എന്നു നിർമാതാക്കളും പറയുന്നു. തർക്കം തീർക്കാൻ പ്രശ്‌നം പഠിക്കുന്നതിനു പ്രത്യേക സമിതിയെ നിയോഗിക്കാം എന്നതടക്കമുള്ള സർക്കാർ നിർദേശങ്ങൾ എല്ലാം സമരക്കാർ തള്ളിയിരുന്നു.

തർക്കങ്ങൾ പരിഹരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മാതൃകയിൽ കേരള ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക, ഓൺലൈൻ ടിക്കറ്റുകൾ നടപ്പാക്കുക, നികുതി വെട്ടിപ്പ് ഉൾപ്പെടെ ചട്ടലംഘനങ്ങൾ നടത്തുന്ന തീയറ്ററുകളുടെ ലൈസൻസ് റദ്ദാക്കുക, ബി ക്ലാസ് ഉൾപ്പെടെയുള്ള മികച്ച തീയറ്ററുകളിൽ റിലീസ് സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണു സർക്കാർ ആലോചിക്കുന്നത്. പല തീയറ്ററുകളിലും വ്യാപകമായി നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും വരുമാനത്തിന്റെ യഥാർഥ കണക്കല്ല സർക്കാരിനു നൽകുന്നതെന്നും അധികൃതർക്കു സൂചന ലഭിച്ചിട്ടുണ്ട്.

സിനിമാ സമരം മൂലം ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് മുടങ്ങിയിരുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങൾ, കാംബോജി, വേദം എന്നീ ചിത്രങ്ങളാണ് പെട്ടിയിലിരിക്കുന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള 360 തീയറ്ററുകളിൽ നിന്ന് നിർമ്മാതാക്കൾ മലയാള സിനിമകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News